18 വർഷത്തിനിടെ ആദ്യത്തെ തിരിച്ചടി; ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കൾ കുറഞ്ഞതായി മെറ്റ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ മുമ്പനായ ഫേസ്ബുക്കിന്റെ ​പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. മുൻ പാദത്തെ അപേക്ഷിച്ച് (1.930 ബില്യൺ) 2021ന്റെ നാലാം പാദത്തിൽ പ്രതിദിന യൂസർമാരുടെ എണ്ണം 1.929 ബില്യണായി കുറഞ്ഞതായി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ തന്നെയാണ് വെളിപ്പെടുത്തിയത്. ഏകദേശം ഒരു ദശലക്ഷം പ്രതിദിന യൂസർമാരെയാണ് കമ്പനിക്ക് നഷ്ടമായത്.

കമ്പനിയുടെ 18 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വീഴ്ച്ച സംഭവിക്കുന്നത്. ആഗോളതലത്തിൽ രണ്ട് ബില്യൺ യൂസർമാരാണ് ഫേസ്ബുക്കിനുള്ളത്. 2021ന്റെ നാലാം പാദത്തിൽ ഫേസ്ബുക്കിൽ 1.95 ബില്യൺ പ്രതിദിന ആക്റ്റീവ് യൂസർമാരെ സ്വന്തമാക്കാൻ കഴിയുമെന്നായിരുന്നു മെറ്റ പ്രതീക്ഷിച്ചിരുന്നത്.

ഫേസ്ബുക്ക് യൂസർമാരുടെ എണ്ണം കുറഞ്ഞതോടെ മാതൃ കമ്പനിയായ മെറ്റയും തിരിച്ചടി നേരിട്ടു. ബുധനാഴ്ചത്തെ ഓഹരി വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞു. അതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് 200 ബില്യൺ ഡോളറാണ് തുടച്ചുനീക്കിയത്. കമ്പനിയുടെ പരസ്യ ബിസിനസ് നേരിടുന്ന ഭീഷണികളും മെറ്റയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഫേസ്ബുക്കിലെ പ്രതിദിന യൂസർമാരുടെ എണ്ണം കുറഞ്ഞതിന് മെറ്റ ആപ്പിളിനെയാണ് പഴിച്ചത്. ആപ്പിളിന്റെ സ്വകാര്യതാ നയത്തിലുള്ള മാറ്റങ്ങളും ടിക് ടോക്ക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള മത്സരവുമാണ് അതിന് കാരണമെന്ന് മെറ്റ വിശദീകരിച്ചു. 

Tags:    
News Summary - Facebook's daily active users fall for first time in 18-years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.