ന്യൂഡൽഹി: ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗൺലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയിൽ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാൻ ശുപാർശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). "ചില അടിസ്ഥാന ആപ്ലിക്കേഷനുകൾ പോലും പ്രവർത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും," ട്രായ് പറഞ്ഞു.
കണക്ഷനുകൾ രണ്ട് എംബിപിഎസ് മുതൽ 50 എംബിപിഎസ് വരെയുള്ളത് ബേസിക്, 50 മുതൽ 300 എംബിപിഎസ് വരെയുള്ളത് ഫാസ്റ്റ്, 300 എംബിപിഎസിൽ കൂടുതലുള്ളത് സൂപ്പർ-ഫാസ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സർക്കാരിനോട് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്രായ് 298 പേജുകളുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഇൻറർനെറ്റ് കണക്ടിവിറ്റി എല്ലാ പൗരൻമാരുടെയും അടിയന്തര ആവശ്യമാണെന്ന് ട്രായ് റിപ്പോർട്ടിൽ പറയുന്നു. അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്നതിനായി സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാൻ ലൈസൻസ് ഫീസ് ഇളവുകൾ പോലുള്ളവ നൽകണമെന്നും ട്രായ്യുടെ ശുപാർശ ചെയ്യുന്നുണ്ട്.
അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഗ്രാമീണ മേഖളകളിൽ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന് സർക്കാർ സഹായം നൽകണമെന്നും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയിൽ സഹായം നൽകണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.