ലഖ്നോ: ഇന്ത്യയുടെ ആദ്യ വനിത ഗുസ്തി താരം ഹമീദ ബാനുവിന് ആദരവുമായി ഗൂഗ്ൾ ഡൂഡിൽ. 1954 മേയ് നാലിനാണ് ഹമീദ ബാനു വിഖ്യാത ഗുസ്തി താരം ബാബ പഹൽവാനെ ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ട് പരാജയപ്പെടുത്തിയത്. ബാനുവിന്റെ വിജയത്തെ അനുസ്മരിച്ച് ഗൂഗ്ൾ ഹോംപേജിൽ ശനിയാഴ്ച വർണാഭമായ ഡൂഡിലാണ് അവതരിപ്പിച്ചത്.
അലീഗഢിന്റെ ആമസോൺ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. പരാജയത്തിന് പിന്നാലെ ബാബ പഹൽവാൻ ഗുസ്തിയിൽനിന്ന് വിരമിച്ചു. ബാനുവിന്റെ കരിയർ അന്താരാഷ്ട്ര വേദികളിലേക്ക് വ്യാപിച്ചു. നിരവധി വിജയങ്ങളാണ് അവർ സ്വന്തമാക്കിയത്.
1900 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ അലീഗഢിൽ ഗുസ്തിക്കാരുടെ കുടുംബത്തിലാണ് ബാനുവിന്റെ ജനനം. പുരുഷൻമാർ കൈയടക്കിവെച്ചിരുന്ന ഗുസ്തി മേഖലയിലേക്ക് കടന്നുവന്ന അവർ 1940 - 1950കളിൽ 300ലധികം മത്സരങ്ങളിലാണ് വിജയിച്ചത്. അത്ലറ്റിക്സിൽ സ്ത്രീകൾ അത്രയൊന്നും കടന്നുവരാതിരുന്ന കാലമായിരുന്നു അത്. തന്നോടു മത്സരിക്കാൻ അവർ പുരുഷ താരങ്ങളെ വെല്ലുവിളിച്ചു. തന്നെ ആരാണോ തോൽപിക്കുന്നത് ആ പുരുഷതാരത്തെ വിവാഹം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയം ബാനുവിനെ കൂടുതൽ പ്രശസ്തയാക്കി. റഷ്യൻ വനിത ഗുസ്തി താരം വെരാ ചിസ്റ്റിലിനെതിരായ മത്സരമായിരുന്നു അവയിലൊന്ന്. രണ്ട് മിനിറ്റിനുള്ളിലാണ് ബാനു റഷ്യൻ താരത്തെ മലർത്തിയടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.