സിഡ്നി: ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളിലൂടെ ശേഖരിച്ച വ്യക്തിഗത ലൊക്കേഷൻ ഡാറ്റയുമായി ബന്ധപ്പെട്ട് ഗൂഗിൾ ചില ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചെന്ന് ആസ്‌ട്രേലിയയിലെ ഫെഡറൽ കോടതി കണ്ടത്തിയതായി ആസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആന്‍റ് കൺസ്യൂമർ കമ്മീഷൻ (എ.സി.സി.സി) അറിയിച്ചു. സംഭവത്തിൽ കോടതി ഗൂഗ്ളിന്റെ വിശദീകരണം തേടിയതായും പിഴയീടാക്കിയതായും അവർ വ്യക്തമാക്കി.
"ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് ഓൺലൈനിൽ അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ള ഏതൊരാൾക്കും ഇത് ഒരു സുപ്രധാന വിജയമാണ്, കാരണം കോടതിയുടെ തീരുമാനം ഗൂഗ്ളിനും അതുപോലുള്ള മറ്റ് വൻകിട ബിസിനസുകാർക്കും ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കരുതെന്ന് ശക്തമായ സന്ദേശം നൽകുന്നുണ്ട്". -എ.സി.സി.സി ചെയർമാൻ റോഡ് സിംസ് പ്രസ്താവനയിൽ പറഞ്ഞു.
ലൊക്കേഷൻ ഡാറ്റ ശേഖരണം, ലൊക്കേഷൻ ഹിസ്റ്ററി, 'വെബ് & അപ്ലിക്കേഷൻ പ്രവർത്തനം' എന്നിവയുമായി ബന്ധപ്പെട്ട ഗൂഗ്ളിന്റെ പ്രത്യേകമായ ക്രമീകരണങ്ങളെ ചുറ്റിപ്പറ്റിയാണ് കേസ്. യൂസർമാരുടെ ഉപകരണങ്ങളിലെ 2017 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ള ലൊക്കേഷൻ ഹിസ്റ്ററി സെറ്റിങ്സിൽ നിന്ന് മാത്രമേ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂ എന്ന് ഗൂഗിൾ തെറ്റായി അവകാശപ്പെട്ടതായി കോടതി കണ്ടെത്തി.
വെബ്, ആപ്ലിക്കേഷൻ പ്രവർത്തനം (Web & App Activity) നിയന്ത്രിക്കുന്നതിനുള്ള ഒരു സെറ്റിങ്സ്, ഓണായിരിക്കുമ്പോഴും ഡാറ്റ ശേഖരിക്കാനും അവ സംഭരിക്കാനും ഉപയോഗിക്കാനും ഗൂഗ്ളിനെ കഴിയുന്നുണ്ടെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഇത് ഡിവൈസുകളിൽ യൂസർമാരറിയാതെ ഓണായിക്കിടക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്താലും വെബ് ആൻഡ് ആപ്പ് ആക്ടിവിറ്റി സെറ്റിങ്സ് ഓൺ ആണെങ്കിൽ ഗൂഗ്ളിന് ഡാറ്റ ശേഖരിക്കാൻ കഴിയുമെന്ന സുപ്രധാന വിവരം യൂസർമാരെ ഗൂഗ്ൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കുന്നു. എന്തായാലും സംഭവവുമായി ബന്ധപ്പെട്ട് ഗൂഗ്ളിൽ നിന്നും ഭീമൻതുക നഷ്ടപരിഹാരമായി ഈടാക്കാനുള്ള ഒരുക്കത്തിലാണ് ആസ്‌ട്രേലിയൻ കോമ്പറ്റീഷൻ കമീഷൻ അധികൃതർ.
അതേസമയം, വിഷയത്തിൽ ഗൂഗ്ൾ പ്രതികരണമറിയിച്ചിട്ടുണ്ട്. എ.സി.സി.സിയുടെ മിക്ക അവകാശവാദങ്ങളും കോടതി നിരസിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന കണ്ടെത്തലുകളോട് ഞങ്ങൾ വിയോജിക്കുന്നുതായും, സാധ്യമായ അപ്പീൽ ഉൾപ്പെടെ ഞങ്ങളുടെ സാധ്യതകൾ അവലോകനം ചെയ്യുകയാണെന്നും ഗൂഗ്ൾ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.