തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തലക്കെട്ടും തമ്പ്നെയിലിലും നൽകുന്ന വിഡിയോകൾ അനുവദിക്കാനാകില്ലെന്നും ഇത്തരം വിഡിയോകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യുട്യൂബ്. ഉപയോക്താക്കൾ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും വിഡിയോ കണ്ടന്‍റിന്‍റെ ഗുണനിലവാരം വർധിപ്പിക്കാനുമാണ് യുട്യൂബിന്‍റെ പദ്ധതി. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ് അല്ലെങ്കിൽ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന യുട്യൂബ് വിഡിയോകൾ സ്കാനറിന് കീഴിൽ വരുമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു. അതായത് ഇത്തരം വിഡിയോകൾ കാണണമെന്നാഗ്രഹിച്ചു വരുന്നവർക്ക് ആ ഉള്ളടക്കം തന്നെയായിരിക്കണം ലഭ്യമാക്കേണ്ടതെന്ന് യുട്യൂബ് പറയുന്നു. ക്ലിക്ക് ബൈറ്റുകളായി ടൈറ്റിലുകളും തമ്പ്നെയിലും നൽകുന്നത് അംഗീകരിക്കാനാകില്ല. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ‘വിദ്യകൾ’ വിഡിയോ ക്രിയേറ്റർമാർ നിർത്തണമെന്നും യൂട്യൂബ് നിർദേശിക്കുന്നു.
ഉപയോക്താക്കളിൽ ആകാംക്ഷ നിറക്കുന്ന തരത്തിൽ ടൈറ്റിലുകളും തമ്പ്നെയിലും നൽകുന്നതാണ് ക്ലിക്ക് ബൈറ്റുകൾ. എന്നാൽ വിഡിയോക്കുള്ളിൽ പ്രത്യേകിച്ച് ഒന്നുമുണ്ടാകില്ല. ഇത് കാണുന്നവരിൽ നിരാശ നിറക്കുകയും പ്ലാറ്റ്ഫോമിന് നെഗറ്റിവ് ഇംപ്രഷൻ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് യൂട്യൂബ് പറയുന്നു. സ്ഥിരമായി ഇത്തരം കണ്ടന്‍റ് നൽകുന്ന ചാനലുകളും പൂട്ടുമെന്ന് യൂട്യൂബിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. നയത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഉപയോക്താക്കൾക്ക് സമയം നൽകുന്നതിനായി ചാനലിനെതിരെ ആദ്യഘട്ടത്തിൽ സ്ട്രൈക്ക് പുറപ്പെടുവിക്കില്ലെന്നും യുട്യൂബ് വ്യക്തമാക്കി.
വരും മാസങ്ങളിൽ പുതിയ നയം ഇന്ത്യയിൽ നടപ്പാക്കാൻ ആരംഭിക്കും. പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യത വിർധിപ്പിക്കാനും ന്യൂസ് സോഴ്സായി കൂടുതൽ പേർ ഉപയോഗപ്പെടുത്താനും വേണ്ടിയാണിത്. ക്രിയേറ്റർമാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ദുരുപയോഗിക്കരുതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു. അതേസമയം ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിനുമൊക്കെയായി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്ലാറ്റ്ഫോം വ്യക്തമായി വിശദീകരിച്ചിട്ടില്ല. ക്ലിക്ക് ബൈറ്റ് തിരിച്ചറിയുന്നതിന്‍റെ മാനദണ്ഡങ്ങളും വിശദീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.