കണ്ണൂർ: ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയിലെ ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും 31 പഞ്ചായത്തുകളിലും 'ഹരിത മിത്രം' ഗാര്‍ബേജ് ആപ് നിലവില്‍ വരും. ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആപ് പദ്ധതി നടപ്പാക്കാൻ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണുമായി ധാരണപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 500 തദ്ദേശഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി, ജില്ല ശുചിത്വ മിഷന് കോഓഡിനേറ്റര്‍, കെല്‍ട്രോണ്‍ ഏരിയ മാനേജര്‍ എന്നിവര്‍ ചേര്‍ന്നുള്ള തൃകക്ഷി ധാരണപത്രമാണ് ഒപ്പുവെച്ചത്.
ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കായുള്ള പരാതി പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്ന സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത മിത്രം ഗാര്‍ബേജ് ആപ്.
കെല്‍ട്രോണിന് പദ്ധതിത്തുക സ്ഥാപനങ്ങള്‍ കൈമാറുന്നതോടെ ഹരിത കര്മസേനയുള്പ്പെടെയുള്ളവര്ക്ക് പ്രായോഗിക പരിശീലനം നല്‍കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കാനും വരിസംഖ്യ അടക്കാനുമൊക്കെ ആപ് വഴി സാധ്യമാകും. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്നീഷ്യന്മാര്ക്കുമുള്ള കസ്റ്റമര്‍ ആപ്, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഹരിതമിത്രം മാലിന്യ സംസ്കരണ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.