ഒമിക്രോൺ ഭീതിയെ തുടർന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ (Meta) അവരുടെ യു.എസിലെ ഓഫീസ് തുറക്കുന്നത് നീട്ടി. ഓഫീസിലേക്ക് തിരിച്ച് കയറുന്നതിന് ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുകയും ചെയ്തു. അമേരിക്കയിൽ നിരവധി കമ്പനികളാണ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയത്. അവയിൽ പലതും ഇതുവരെ തുറന്ന് പ്രവർത്തിക്കാൻ തയ്യാറായിട്ടില്ല.
ഓഫീസിൽ വന്ന് ജോലി ചെയ്യുന്നവർ മാർച്ച് 28ന് എത്തിയാൽ മതിയെന്നാണ് ടെക് ഭീമൻ അറിയിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 31ന് എത്തണമെന്നായിരുന്നു നിർദേശം നൽകിയത്.
ഓഫീസിലേക്ക് മടങ്ങുന്ന എല്ലാ തൊഴിലാളികളും ബൂസ്റ്റർ ഡോസെടുത്തു എന്നതിനുള്ള തെളിവ് ഹാജരാക്കേണ്ടതുണ്ട്. കമ്പനി ഒമിക്‌റോൺ വേരിയൻറ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. മെറ്റ നിലവിൽ ഓഫീസിൽ വരുന്ന എല്ലാ യുഎസ് ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, ഓഫീസിലേക്ക് മടങ്ങണോ, മുഴുവൻ സമയവും വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സൗകര്യത്തിന് അഭ്യർത്ഥിക്കണോ, അതോ താൽക്കാലികമായി വീട്ടിൽ നിന്ന് ജോലി ചെയ്യണോ എന്നുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജീവനക്കാർക്ക് മാർച്ച് 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മെഡിക്കൽ അല്ലെങ്കിൽ മതപരമായ കാരണങ്ങളാൽ വാക്സിനേഷൻ എടുക്കാത്ത ജീവനക്കാർക്ക് വർക് ഫ്രം ഹോം അപേക്ഷിക്കാമെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. അതേസമയം, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും കൃത്യമായി പാലിക്കാത്തവർ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.