ഫോട്ടോ ഇട്ട് ലൈക്ക് തേടുന്നവരുടെ ശ്രദ്ധക്ക്; എ.ഐ നിർമിത ചിത്രങ്ങളെ പ്രത്യേകം ലേബൽ ചെയ്യുമെന്ന് മെറ്റ

എ.ഐ നിർമിത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലൈക്ക് തേടുന്നവർക്ക് തിരിച്ചടിയാകാൻ മെറ്റയുടെ പുതിയ തീരുമാനം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന എ.ഐ നിർമിത ഇമേജുകളെ തിരിച്ചറിയാൻ പ്രത്യേകം ലേബൽ ചെയ്യുമെന്നാണ് മാതൃകമ്പനിയായ മെറ്റ അറിയിച്ചിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള തെറ്റിദ്ധരിപ്പിക്കലും കുറ്റകൃത്യങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം. 

നിർമിതബുദ്ധിയുടെ ഇടപെടൽ സാങ്കേതിക മേഖലയിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യാഥാർഥ്യവും നിർമിതവും വേർതിരിച്ചറിയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബൽ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കും.

എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദർഭങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്. നടി രശ്മിക മന്ദാനയുടെ ദൃശ്യമെന്ന പേരിൽ ഡീപ് ഫേക് വിഡിയോ നിർമിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടർന്ന്, ഡീപ് ഫേകിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു.

ഡീപ് ഫേക് വിഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വാർത്തകളും പുറത്തുവന്നിരുന്നു. ഈയടുത്ത് സചിൻ തെണ്ടുൽകറുടെ ഡീപ് ഫേക് വിഡിയോ നിർമിച്ച് പരസ്യം തയാറാക്കിയ ഗെയിമിങ് സൈറ്റിനെതിരെ കേസെടുത്തിരുന്നു. 

Tags:    
News Summary - Meta says it will label AI-generated images on Facebook and Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT