ജെറുസലം: ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗസസ് ഭീതിയിലാണിപ്പോൾ ലോക രാജ്യങ്ങൾ. പെഗസസ് ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേൽ സർക്കാർ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സോഫ്റ്റ്വെയർ ലൈസൻസ് നൽകുന്നതിനെക്കുറിച്ചും സമിതി പരിശോധിച്ചേക്കും. പെഗസസ് സോഫ്റ്റ്വെയറിെൻറ മാതൃകമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് തലവൻ ഷാലവ് ഹുലിയോ അന്വേഷണം സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാലിപ്പോൾ പെഗസസിനെയും അതിെൻറ ചാരപ്രവർത്തനങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എൻ.എസ്.ഒ ഗ്രൂപ്പ്. പെഗസസ് പോലുള്ള സോഫ്റ്റ്വെയറുകൾ കാരണമാണ് തെരുവുകൾ സുരക്ഷിതമായിരിക്കുന്നതെന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ രാത്രികാലങ്ങളിൽ സമാധാനമായി കിടന്നുറങ്ങുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൻ മാക്രോണിെൻറയടക്കം ഫോണുകൾ ചോർത്തിയെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് വിചിത്രമായ വിശദീകരണവുമായി എൻ.എസ്.ഒ ഗ്രൂപ്പ് രംഗത്തെത്തുന്നത്.
'ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ രാത്രികളിൽ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗസസിനും അതുപോലുള്ള മറ്റ് സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്പുകളുടെ തണലിൽ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്റ്റ്വെയറുകൾ സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞു.
അതേസമയം, പെഗസസ് സാങ്കേതികവിദ്യ തങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും ക്ലയന്റുകൾ ശേഖരിക്കുന്ന ഡാറ്റയിലേക്ക് തങ്ങൾക്ക് പ്രവേശനമില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുമെന്നും നേരത്തെ എന്‍.എസ്.ഒ. ഗ്രൂപ്പ് പറഞ്ഞിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിെൻറ വിശ്വസനീയമായ തെളിവുകള്‍ നല്കിയാല് സമഗ്രമായി അന്വേഷിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചിരുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, വ്യവസായികൾ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോണുകളിലേക്ക് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്കാണ് ഇസ്രായേൽ സർക്കാർ നിയന്ത്രിക്കുന്ന എൻ.എസ്.ഒ ഗ്രൂപ് ചാരസോഫ്റ്റ്വെയർ വിൽക്കുന്നത്. ലോകത്ത് 50,000 പേരുടെ ഫോണുകളിലേക്ക് ഈ സോഫ്റ്റ്വെയർ കടന്നുകയറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
രാജ്യരക്ഷക്കും തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുമാണ് പെഗസസ് ലൈസൻസ് നൽകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എൻ.എസ്.ഒ ഗ്രൂപ് ലൈസൻസ് ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.