മക്ക ഹറമിൽ സംസം വിതരണത്തിനായി ഒരുക്കിയ റോബോട്ട്

മക്ക ഹറമിൽ സംസം വിതരണത്തിന്​ റോബോട്ടും

ജിദ്ദ: മക്ക ഹറമിൽ ഇനി സംസം വിതരണത്തിന്​ റോബോട്ടും. ഇരുഹറമുകളിലേയും സേവനങ്ങൾ സാ​ങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും വികസനത്തിന്‍റെ വെളിച്ചത്തിലാണ്​​ സംസം വിതരണത്തിന്​ ഇരുഹറം കാര്യാലയം റോബോട്ട്​ വികസിപ്പിച്ചെടുത്തത്​. 'ഡിജിറ്റൽ ലോകത്ത്​ എങ്ങനെ റോൾ മോഡൽ ആകാം' എന്ന പദ്ധതിയുടെ ഭാഗമായാണ്​ ഈ സംവിധാനം സ്ഥാപിച്ചത്​​.

മനുഷ്യ ഇടപെടലില്ലാതെ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിനാണ്​ സ്‌മാർട്ട് റോബോട്ട് സാങ്കേതികവിദ്യ ഒരുക്കിയതെന്ന്​ ഇരുഹറം കാര്യാലയ സംസം വാട്ടർ വകുപ്പ്​ അണ്ടർസെക്രട്ടറി ബദർ അൽലുഖ്മാനി പറഞ്ഞു. സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിലും മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലും ഹറമിലെത്തുന്ന തീർഥാടകർക്ക്​ സേവനം നൽകുന്നതിലും നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന്‍റെ ഭാഗമാണിത്​.


റോബോട്ട് 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യും. എട്ട് മണിക്കൂറാണ് റോബോട്ട് പ്രവർത്തിക്കുക. ഒരു കുപ്പി സംസം വെള്ളം എടുക്കാൻ 20 സെക്കൻഡ് സാവകാശമുണ്ടാകും. വെള്ളമെടുക്കുന്നിടത്ത്​ ആളുകൾക്ക്​ തിരക്കുകൂട്ടുകയോ കൂട്ടിയിടിക്കുകയോ ചെയ്യേണ്ടിവരില്ല. അവരുടെ ചലനം തടസ്സപ്പെടുകയുമില്ല. പേറ്റൻറും യൂറോപ്യൻ സി.എസ് സർട്ടിഫിക്കറ്റും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ റോബോട്ടിന്​ ലഭിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.


ഹറമിന്‍റെ മുഴുവൻ ഭാഗങ്ങളിലും കൂടുതൽ റോബോട്ടുകളെ വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷയുടെയും ഗുണനിലവാരത്തി​ന്‍റെയും ഉയർന്ന നിലവാരം നൽകാൻ ശ്രമിക്കുന്നുണ്ട്​. സംസം ദൈനംദിന സാമ്പിളുകൾ എടുത്ത്​ ലബോറട്ടറികളിൽ പരിശോധിച്ച് സുരക്ഷയും ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നുണ്ട്​. കൂടാതെ വിതരണത്തിന്​ മുമ്പ്​ ബോട്ടിലുകളും പരിശോധിച്ച് സുരക്ഷയും മാലിന്യങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും മുക്തമാണെന്നും ഉറപ്പാക്കുന്നുണ്ട്​. തീർഥാടകരെ സേവിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ലോകത്തിലെ പുതിയതെല്ലാം പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​. സംസം ടാപ്പിൽ തൊടാതെ പ്രവർത്തിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു.


Tags:    
News Summary - Robots to serve Zamzam water in Makkah Madina mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT