മക്ക ഹറമിൽ സംസം വിതരണത്തിന് റോബോട്ടും
text_fieldsജിദ്ദ: മക്ക ഹറമിൽ ഇനി സംസം വിതരണത്തിന് റോബോട്ടും. ഇരുഹറമുകളിലേയും സേവനങ്ങൾ സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും വികസനത്തിന്‍റെ വെളിച്ചത്തിലാണ് സംസം വിതരണത്തിന് ഇരുഹറം കാര്യാലയം റോബോട്ട് വികസിപ്പിച്ചെടുത്തത്. 'ഡിജിറ്റൽ ലോകത്ത് എങ്ങനെ റോൾ മോഡൽ ആകാം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം സ്ഥാപിച്ചത്.
മനുഷ്യ ഇടപെടലില്ലാതെ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിനാണ് സ്‌മാർട്ട് റോബോട്ട് സാങ്കേതികവിദ്യ ഒരുക്കിയതെന്ന് ഇരുഹറം കാര്യാലയ സംസം വാട്ടർ വകുപ്പ് അണ്ടർസെക്രട്ടറി ബദർ അൽലുഖ്മാനി പറഞ്ഞു. സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിലും മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലും ഹറമിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നതിലും നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന്‍റെ ഭാഗമാണിത്.
റോബോട്ട് 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യും. എട്ട് മണിക്കൂറാണ് റോബോട്ട് പ്രവർത്തിക്കുക. ഒരു കുപ്പി സംസം വെള്ളം എടുക്കാൻ 20 സെക്കൻഡ് സാവകാശമുണ്ടാകും. വെള്ളമെടുക്കുന്നിടത്ത് ആളുകൾക്ക് തിരക്കുകൂട്ടുകയോ കൂട്ടിയിടിക്കുകയോ ചെയ്യേണ്ടിവരില്ല. അവരുടെ ചലനം തടസ്സപ്പെടുകയുമില്ല. പേറ്റൻറും യൂറോപ്യൻ സി.എസ് സർട്ടിഫിക്കറ്റും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ റോബോട്ടിന് ലഭിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
ഹറമിന്‍റെ മുഴുവൻ ഭാഗങ്ങളിലും കൂടുതൽ റോബോട്ടുകളെ വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഉയർന്ന നിലവാരം നൽകാൻ ശ്രമിക്കുന്നുണ്ട്. സംസം ദൈനംദിന സാമ്പിളുകൾ എടുത്ത് ലബോറട്ടറികളിൽ പരിശോധിച്ച് സുരക്ഷയും ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ വിതരണത്തിന് മുമ്പ് ബോട്ടിലുകളും പരിശോധിച്ച് സുരക്ഷയും മാലിന്യങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും മുക്തമാണെന്നും ഉറപ്പാക്കുന്നുണ്ട്. തീർഥാടകരെ സേവിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ലോകത്തിലെ പുതിയതെല്ലാം പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. സംസം ടാപ്പിൽ തൊടാതെ പ്രവർത്തിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
Zamzam water robot introduced in Masjid Al Haram, Makkah pic.twitter.com/tCsRjBglkw
— Haramain Sharifain (@hsharifain) June 13, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.