ടെലഗ്രാം പ്രീമിയത്തിന് പണം മുടക്കണോ...? ഫീച്ചറുകൾ ഇങ്ങനെ....

കിടിലൻ സവിശേഷതകളുമായി ടെലഗ്രാം തങ്ങളുടെ ആപ്പിന്റെ ​പ്രീമിയം പതിപ്പുമായി എത്താൻ പോവുകയാണ്. ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ വാട്സ്ആപ്പിന് തൊട്ട് പിറകെയുള്ള മെസ്സേജിങ് ആപ്പാണ് ടെലഗ്രാം. വാട്സ്ആപ്പിനേക്കാൾ മികച്ച ഫീച്ചറുകളും ഏറെ ഉപകാരപ്രദമായ ക്ലൗഡ് സംവിധാനവുമൊക്കെ ഉണ്ടായിട്ടും ആളുകൾ ഇപ്പോഴും വാട്സ്ആപ്പ് തന്നെയാണ് ​പ്രധാന സന്ദേശ ആപ്പായി ഉപയോഗിക്കുന്നത്. എന്നാൽ, 2 ജിബി വരെയുള്ള ഫയലുകൾ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യവും മറ്റും കാരണം സ്മാർട്ട്ഫോൺ യൂസർമാരെല്ലാം തന്നെ രണ്ടാമനായിട്ടെങ്കിലും ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്.  

ടെലഗ്രാം പ്രീമിയം നിലവിൽ ബീറ്റ സ്റ്റേജിലാണുള്ളത്. യൂസർമാർക്കായി ഇപ്പോൾ സേവനം നൽകി തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കിടിലൻ സവിശേഷതകളുമായി പ്രീമിയം വേർഷൻ പ്രതീക്ഷിക്കാം.

ടെലഗ്രാം ​പ്രീമിയം ഫീച്ചറുകൾ ഇങ്ങനെ....

4 ജിബി വരെ അപ്ലോഡ് സൈസ് (4 GB Upload Size)


അതെ, 2ജിബി എന്ന പരിധിയിൽ നിന്ന് പ്രീമിയത്തിൽ 4ജിബിയാക്കി ഉയർത്തിയിട്ടുണ്ട്. സാധാരണ വേർഷൻ ഉപയോഗിക്കുന്നവർക്ക് 2ജിബി-വരെ സൈസുള്ള ഫയലുകൾ മാത്രമേ അപ്ലോഡ് ചെ​യ്യാൻ കഴിയൂ. വാട്സ്ആപ്പ് 2ജിബി ഫീച്ചർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലഗ്രാമിന്റെ നീക്കം.

അതിവേഗ ഡൗൺലോഡ് സ്പീഡ് (Faster Download Speeds)


സബ്സ്ക്രൈബർമാർക്ക് പ്രീമിയം വേർഷനിൽ അതിവേഗത്തിൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും ടെലഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ഉപയോക്താക്കൾക്ക് മീഡിയയും ഡോക്യുമെന്റുകളും ഡൗൺലോഡ് ചെയ്യുമ്പോൾ വേഗത പരിധികളൊന്നും ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്. സാധാരണ ഉപയോക്താക്കൾക്ക് ടെലഗ്രാം ഡൗൺലോഡുകൾക്ക് പരമാവധി വേഗത പരിധി ഉണ്ടായിരിക്കും. ഒരു പ്രീമിയം സബ്‌സ്‌ക്രൈബർ ആണെങ്കിലും 'ഈ സ്പീഡ് നേട്ടം' പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണെന്നത് ഓർമിക്കുക.

ശബ്ദ സ​ന്ദേശം ടെക്സ്റ്റുകളാകും (Voice-to-Text Conversion)


ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് എന്ന് ഇതിനെ പറയാം. നിങ്ങൾ അയയ്‌ക്കുന്നതും സ്വീകരിക്കുന്നതുമായ വോയ്‌സ് സന്ദേശങ്ങൾ ടെക്സ്റ്റുകളായി ദൃശ്യമാകുന്ന ഫീച്ചറാണിത്. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക് അയയ്‌ക്കുന്ന വോയ്‌സ് സന്ദേശങ്ങൾ കേൾക്കാൻ നിങ്ങളുടെ ഇയർഫോണുകൾ സമീപത്ത് ഇല്ലാത്ത സാഹചര്യങ്ങളിൽ ഇത് എത്ര ഉപകാരപ്രദമായിരിക്കും..

ഉച്ചാരണം ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കി ട്രാൻസ്ക്രിപ്റ്റിന്റെ കൃത്യത വ്യത്യാസപ്പെടുമെങ്കിലും, യൂസർമാർക്ക് ഇത് ഒരു നല്ല ഓപ്ഷനായിരിക്കും.

പരസ്യങ്ങളില്ല (No Ads)


പ്ലാറ്റ്ഫോമിൽ സ്പോൺ​സേർഡ് സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ വർഷം നവംബറിലായിരുന്നു, ടെലഗ്രാം പ്രഖ്യാപിച്ചത്. പരസ്യങ്ങൾ ദൃശ്യമാകുന്നത് തടയുന്നതിനായി വിലകുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിക്കുമെന്നും ആ സമയത്ത് കമ്പനി വാഗ്ദാനം ചെയ്തു. അത് ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. ടെലഗ്രാം പ്രീമിയം വരിക്കാർ പൊതു ചാനലുകളിൽ പരസ്യങ്ങളൊന്നും കാണില്ല.

പ്രീമിയം സ്റ്റിക്കറുകൾ (Premium Stickers)


ചാറ്റിങ്ങിനിടെ യൂസർമാർ ധാരാളമായി ഉപയോഗിക്കാറുള്ള സ്റ്റിക്കറുകളുടെ തുടക്കം ടെലഗ്രാമിലൂടെയായിരുന്നു. പിന്നീടത് വാട്സ്ആപ്പും മറ്റ് മെസ്സേജിങ് ആപ്പുകളും ഏറ്റെടുക്കുകയും ചെയ്തു. ടെലഗ്രാം പ്രീമിയത്തിൽ വിവിധ എഫക്ടുകളും പ്രത്യേകതകളും നിറഞ്ഞ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് ആപ്പിന് പിന്നിലുള്ളവർ വാഗ്ദാനം​ ചെയ്യുന്നത്. അവയ്ക്ക് മാസാടിസ്ഥാനത്തിൽ അപ്ഡേറ്റ് ലഭിക്കുകയും ചെയ്യുമത്രേ.

നൂതനമായ ചാറ്റ് മാനേജ്മെന്റ് (Advanced Chat Management)


ഒന്നിലധികം ചാനലുകളിൽ മെമ്പർമാരായ ഉപയോക്താക്കൾക്ക് പുതിയ നൂതന ചാറ്റ് മാനേജ്‌മെന്റ് ഫീച്ചറുകൾ ഏറെ ഉപകാരപ്രദമായിരിക്കും. ടെലഗ്രാം പ്രീമിയം ഉപയോക്താക്കൾക്ക് ചാറ്റുകൾക്കും ഓ​ട്ടോ-ആർക്കൈവ് ചാറ്റുകൾക്കുമായി ഒരു ഡിഫോൾട്ട് ഫോൾഡർ സജ്ജീകരിക്കാനും അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഉപയോക്താക്കളിൽ നിന്നുള്ള പുതിയ സന്ദേശങ്ങൾ മറയ്ക്കാനുമുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

പ്രൊഫൈൽ ബാഡ്ജും ആനിമേറ്റഡ് പ്രൊഫൈൽ ചിത്രവും (Profile Badge & Animated Profile Photos)


വരിക്കാർക്കായി ടെലഗ്രാം പ്രൊഫൈൽ ബാഡ്ജുകൾ ചേർക്കുന്നു. പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ചാറ്റ് വിൻഡോയിൽ അവരുടെ പേരിന് അടുത്തായി ഒരു സ്റ്റാർ ഐക്കൺ ബാഡ്ജ് ലഭിക്കും, അത് എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകും.

ആനിമേറ്റഡ് പ്രൊഫൈൽ ചിത്രം നിലവിൽ സൗജന്യ ഫീച്ചറായി ലഭ്യമാണ്, ആനിമേറ്റുചെയ്‌ത പ്രൊഫൈൽ ചിത്രങ്ങൾ സജ്ജീകരിക്കുന്നതിനുള്ള ഓപ്ഷൻ വൈകാതെ ഒരു ​പ്രീമിയം ഫീച്ചറായി മാറും. പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് വീഡിയോ അവതാറുകൾ സജ്ജീകരിക്കാൻ ടെലഗ്രാം നിങ്ങളെ അനുവദിക്കുന്ന സവിശേഷതയാണിത്.

പ്രീമിയം ആപ്പ് ഐക്കണുകൾ പുതിയ റിയാക്ഷനുകൾ


സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് ആപ്പ് ഐക്കണുകളിൽ മാറ്റം വരുത്താനുള്ള ഫീച്ചറും ടെലഗ്രാം നൽകും. കൂടാതെ, മെസ്സേജ് റിയാക്ഷനുകളുടെ എണ്ണം 16 ആയി ഉയർത്തുകയും ചെയ്യും.

ബോണസ് ഫീച്ചറുകൾ

ഈ ഫീച്ചറുകൾക്കൊപ്പം, പ്രീമിയം വരിക്കാർക്ക് സൗജന്യ ഉപയോക്താക്കളുടെ ഇരട്ടി ഓപ്ഷനുകളും ആസ്വദിക്കാം. വരിക്കാർക്ക് 1000 ചാനലുകൾ വരെ ചേരാനും 10 ചാറ്റുകൾ പിൻ ചെയ്യാനും 10 പബ്ലിക് യൂസർനെയിം ലിങ്കുകൾ റിസർവ് ചെയ്യാനും 400 GIF-കളും 200 സ്റ്റിക്കറുകളും വരെ സേവ് ചെയ്യാനും ബയോസ് ലിങ്കിൽ 140 കാരക്ടറുകൾ ഉപയോഗിക്കാനും കഴിയും. കൂടാതെ, വരിക്കാർക്ക് 4096 കാരക്ടറുകൾ വരെ ദൈർഘ്യമേറിയ അടിക്കുറിപ്പുകൾ ഉപയോഗിക്കാനും 20 ഫോൾഡറുകൾ ആക്‌സസ് ചെയ്യാനും ഒരു ഫോൾഡറിന് 10 ചാറ്റുകൾ വരെ ഗ്രൂപ്പുചെയ്യാനും വ്യത്യസ്ത ഫോൺ നമ്പറുകളുള്ള 4 കണക്‌റ്റുചെയ്‌ത അക്കൗണ്ടുകൾ ചേർക്കാനും കഴിയും.

എത്ര കൊടുക്കണം

ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിമാസം 4.99 ഡോളറാണ് ടെലഗ്രാം പ്രീമിയത്തിന് നൽകേണ്ടിവരിക. ഇന്ത്യയിൽ 388 രൂപ. എന്നാൽ, ഇന്ത്യയിലേക്ക് വരുമ്പോൾ സബ്സ്ക്രിപ്ഷൻ ചാർജ് അതിലും കുറയാനാണ് സാധ്യത. 

Tags:    
News Summary - Telegram confirms its plans to introduce a paid Premium subscription

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.