ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരിൽ ഒരാളും ടെക് ബാങ്കറുമായ ‘ബാവോ ഫാനെ’ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കമ്പനി. ചൈനയിലെ ടെക് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫണ്ട് വാഗ്ദാനം ചെയ്യുന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ചൈന റിനൈസൻസിന്റെ ചെയർമാനാണ് കാണാതായ ബാവോ ഫാൻ. നേരത്തെ ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മായെ സമാന രീതിയിൽ കാണാതായിരുന്നു.
‘ബാവോയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന്’ കമ്പനി ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതിന് പിന്നാലെ ചൈന റിനൈസൻസിന്റെ ഓഹരികൾ 30% വരെ ഇടിഞ്ഞു. അതേസമയം കാണാതാവലുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ബാങ്ക് പുറത്തുവിട്ടിട്ടില്ല.
ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ബാവോ ഫാൻ ചൈനീസ് ടെക് വ്യവസായത്തിലെ ഒരു പ്രധാന വ്യക്തിയാണ്, വിവിധ ചൈനീസ് ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദിദി, മെയ്തുവാൻ, ലീഡിങ് ഇ-കൊമേഴ്സ് കമ്പനിയായ ജെഡി ഡോട്ട് കോം അടക്കം നിരവധി ഭീമൻ ടെക് കമ്പനികൾ ചൈനയിൽ ബാവോ ഫാന്റെ ക്ലയന്റുകളാണ്.
സാമ്പത്തിക വാർത്താ ഏജൻസിയായ കെയ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം, 52 കാരനായ ശതകോടീശ്വരനുമായി മൂന്ന് ദിവസമായി ആർക്കും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
അതേസമയം, ചൈനയിൽ സമീപകാലത്തായി മുൻനിര ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ടെക് ലോകത്തെ അതികായരായ വ്യക്തികൾക്കെതിരെയും കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2017-ൽ ചൈനീസ്-കനേഡിയൻ വ്യവസായി സിയാവോ ജിയാൻഹുവയെ അധികൃതർ അറസ്റ്റ് ചെയ്യുകയും കഴിഞ്ഞ ആഗസ്റ്റിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 13 വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സിയാവോ ജിയാൻഹുവ. ബാവോ ഫാന്റെ കാണാതാവൽ, അത്തരമൊരു നടപടിയെ പേടിച്ചിട്ടാണെന്നുള്ള സൂചനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.