എൽ.ജി.ബി.ടി അക്കൗണ്ടുകൾ നീക്കം ചെയ്​ത്​ ചൈനീസ്​ ആപ്പായ വീചാറ്റ്​; പരാതിയുമായി വിദ്യാർഥികൾ

ചൈനയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ വീചാറ്റ്​ അവരുടെ പ്ലാറ്റ്​ഫോമിൽ നിന്നും എൽ.ജി.ബി.ടി ഉള്ളടക്കം പോസ്റ്റ്​ ചെയ്യുന്ന അക്കൗണ്ടുകൾ നീക്കം ചെയ്​തു. സർവകലാശാല വിദ്യാർഥികളും സർക്കാരിതര ഗ്രൂപ്പുകളും നടത്തുന്ന എൽ.ജി.ബി.ടി സമൂഹത്തെ അനുകൂലിച്ചുകൊണ്ടുള്ള വീചാറ്റ്​ അക്കൗണ്ടുകളാണ്​ നീക്കം ചെയ്​തത്​. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ ഗേ, ലെസ്​ബിയൻ ഉള്ളടക്കങ്ങൾക്കുള്ള നിയന്ത്രണം കർശനമാക്കുകയാണെന്നാണ്​ റിപ്പോർട്ട്​​.

ഇതുമായി ബന്ധപ്പെട്ട്​ വീചാറ്റ്​ അക്കൗണ്ട്​ ഹോൾഡേഴ്​സിന്​ നോട്ടീസ്​ അയക്കുകയും ചെയ്​തിട്ടുണ്ട്​. ആപ്പി​െൻറ നിയമങ്ങൾ ലംഘിച്ചു എന്ന്​ കാട്ടി അയച്ച നോട്ടീസിൽ മറ്റ്​ വിശദാംശങ്ങളൊന്നും നൽകിയില്ലെന്നും എൽ.‌ജി.ബി.ടി ഗ്രൂപ്പി​െൻറ സ്ഥാപകരിൽ ഒരാൾ പറഞ്ഞു. ചൊവ്വാഴ്​ച്ച രാത്രി പത്ത്​ മണിയോടെ ഡസൻ കണക്കിന് അക്കൗണ്ടുകളെങ്കിലും അടച്ചുപൂട്ടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അധികൃതരുടെ പ്രതികാര നടപടികൾ ഭയന്ന്​ പേര്​ പുറത്തുവിടരുതെന്നും മാധ്യമങ്ങളോട്​ അവർ ആവശ്യപ്പെട്ടിട്ടുണ്ട്​.

എൽ.‌ജി.ബി.ടി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ അടച്ചുപൂട്ടാനോ അല്ലെങ്കിൽ തങ്ങളുടെ കീഴിലുള്ള സ്‌കൂൾ പേരുകൾ പരാമർശിക്കുന്നത് ഒഴിവാക്കാനോ രണ്ടുമാസം മുമ്പ് യൂണിവേഴ്‌സിറ്റി അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും എൽ.ജി.ബി.ടി ഗ്രൂപ്പ് സ്ഥാപക ആരോപിച്ചു. കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ സർവ്വകലാശാലകൾ സ്ത്രീകളുടെ അവകാശങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ചൈനീസ് അധികാരികളാണ് ഈ നടപടിക്ക് ഉത്തരവിട്ടതെന്ന കാര്യം വ്യക്തമല്ല, പക്ഷേ ഭരണകക്ഷി രാഷ്ട്രീയ നിയന്ത്രണങ്ങൾ കർശനമാക്കുകയും അവരുടെ ഭരണത്തെ വിമർശിക്കുന്ന ഗ്രൂപ്പുകളെ നിശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാ​ണീ സംഭവമെന്നത്​ ശ്രദ്ധേയമാണ്​.

1997 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വവർഗരതിക്കുണ്ടായിരുന്ന നിയമപരമായ വിലക്ക് ഒഴിവാക്കിയിരുന്നു. എങ്കിലും രാജ്യത്ത്​ സ്വവർഗ്ഗാനുരാഗികൾ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്സെക്ഷ്വൽ, മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങൾ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്​. അത്തരം പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ പരസ്യമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ചില എൽ.‌ജി.ബി.ടി പ്രവർത്തനങ്ങളെ അധികൃതർ തടഞ്ഞുവരികയാണ്​. ഇൗ വിഷയത്തിലുള്ള അധികൃതരുടെ മനോഭാവം കൂടുതൽ കർശനമാണെന്നും​ എൽ.ജി.ബി.ടി ഗ്രൂപ്പി​െൻറ സ്ഥാപക പറഞ്ഞു. വീചാറ്റിൽ പോസ്റ്റ്​ ചെയ്​ത ഗ്രൂപ്പ്​ ഇവൻറുകളുടെ ചിത്രങ്ങളും സ്​റ്റോറികളും പ്ലാറ്റ്​ഫോമിൽ നിന്ന്​ മായ്​ച്ചുകളഞ്ഞതായും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - WeChat deletes Chinese university LGBT accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.