ബഹുരാഷ്ട്ര ഐടി കമ്പനിയിലെ ജീവനക്കാരിയായ യുവതിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 72 ലക്ഷത്തോളം രൂപ. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കുമായി ഓൺലൈൻ റിവ്യൂ എഴുതിയാൽ ധാരാളം പണം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സൈബർ കുറ്റവാളികൾ പൂനെ സ്വദേശിനിയായ 35കാരിയെ സമീപിച്ചത്. സെപ്തംബർ രണ്ടിനും 15നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുനെയിലെ ഹിഞ്ചെവാഡിയിൽ താമസിക്കുന്ന അമ്രപാലി ചന്ദ്രശേഖർ കുലാതെ എന്ന യുവതിയെ ഓൺലൈൻ ടാസ്‌കുകൾ പൂർത്തിയാക്കിയാൽ പണം ലഭിക്കുമെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. തുടക്കത്തിൽ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് സന്ദേശം ലഭിക്കുന്നു, അതിൽ മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും റിവ്യൂകൾ എഴുതാനാണ് ആവശ്യപ്പെടുന്നത്.
ടാസ്‌ക് പൂർത്തിയാക്കിയ ശേഷം, പണം എവിടെയെന്ന് ചോദിച്ചപ്പോൾ, സമ്പാദിച്ച തുക ഇരട്ടിപ്പിച്ച് നല്ല വരുമാനം നേടുന്നതിനായി 'കോയിൻ സ്വിച്ച്' എന്ന പ്ലാറ്റ്‌ഫോമിൽ നിക്ഷേപിക്കാൻ യുവതിയെ പ്രേരിപ്പിക്കുന്നു.
അവരെ വിശ്വസിച്ച, ഇര സൈബർ കുറ്റവാളികളുമായി ഓൺലൈനിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി. രണ്ടാഴ്ചയ്ക്കിടെ, തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവതി നിരന്തരം പണം ട്രാൻസ്ഫർ ചെയ്തു. അവരുടെ വാക്കുകളിൽ വീണ് മൊത്തം 21 ഇടപാടുകളാണ് നടത്തിയത്.
സൈബർ തട്ടിപ്പുകാരൻ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇര എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ഹിഞ്ചെവാഡി പൊലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) രവീന്ദ്ര മുദാൽ പറഞ്ഞു. അമ്രപാലി പണം പിൻവലിക്കാൻ മുതിർന്നപ്പോഴെല്ലാം കൂടുതൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുകയായിരുന്നു.
അങ്ങനെ, നിക്ഷേപം 71.82 ലക്ഷം രൂപയിലെത്തിയപ്പോഴാണ് യുവതി സംശയം തോന്നി സെപ്തംബർ 15ന് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ഐപിസി 406, 420 വകുപ്പുകൾ പ്രകാരം ഹിഞ്ചെവാഡി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.