ഫോണുകളില്‍  ‘അപായ കീ’: ആന്‍ഡ്രോയിഡ് ഫോണ്‍ കമ്പനികള്‍ ഏറെ വിയര്‍ക്കും

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 2017 ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ‘അപായ കീ’ നിര്‍ബന്ധമാക്കാനുള്ള ടെലികോം മന്ത്രാലയം തീരുമാനം നടപ്പാക്കാന്‍  ആന്‍ഡ്രോയിഡ് കമ്പനികള്‍ ഏറെ ബുദ്ധിമുട്ടും. 

പുതിയ നിര്‍ദേശത്തിന്‍െറ സാഹചര്യത്തില്‍ എല്ലാ ഫോണ്‍ കമ്പനികളും ഇന്ത്യക്ക് പ്രത്യേകം സോഫ്റ്റ്വെയര്‍ സൃഷ്ടിക്കേണ്ടിവരും. ഒരു രാജ്യത്തിന്‍െറ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് സഹകരിക്കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നാണ് പറച്ചില്‍. യുഎഇയില്‍ വില്‍ക്കുന്ന ഐഫോണില്‍നിന്ന് ഓഡിയോ വീഡിയോ കോളുകള്‍ക്കുള്ള ഫേസ്ടൈം ആപ് എടുത്തു കളഞ്ഞത് ഇതിന് ഉദാഹരണമാണ്. ആപ്പിളിന് ഇന്ത്യക്കായി മാത്രമുള്ള ഒരു സോഫ്റ്റ്വെയര്‍ അപ്ഡേഷനിലൂടെ എളുപ്പത്തില്‍ ഐഫോണില്‍ പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ അസംഖ്യം കമ്പനികള്‍ ഇറക്കുന്നതിനാല്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും  ഈ ബട്ടണ്‍ ഉള്‍പ്പെടുത്തുക വിഷമകരമാണ്. സ്വന്തം ഐഫോണിനായി ആപ്പിളാണ് സോഫ്റ്റ്വെയര്‍ ഇറക്കുന്നതെങ്കില്‍ ഈ കമ്പനികള്‍ക്കായി ഗൂഗിളാണ് ആന്‍ഡ്രോയിഡ് ഇറക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഗൂഗിള്‍ ഇതേ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ തന്നെയാണ് നല്‍കുന്നത്. അതിനാല്‍ പാനിക് ബട്ടണിനായി ഇന്ത്യക്ക് പ്രത്യേക സോഫ്റ്റ്വെയര്‍ ഇറക്കേണ്ടിവരും. അല്ളെങ്കില്‍ കമ്പനികള്‍ പ്രത്യേകം സംവിധാനം ഏപ്പെടുത്തണം. ഈ പ്രശ്നം കൊണ്ട് തന്നെ ഇന്ത്യയില്‍ ഫോണുകള്‍ ഇറങ്ങുന്നത് വൈകാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു. നേരത്തെ പല ഫോണുകളും യു.എസിലോ ചൈനയിലോ ഇറങ്ങുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ എത്തുമായിരുന്നു.  ഇത് ആദ്യമായല്ല ഫോണുകളുടെ അടിസ്ഥാന രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ ഒരു രാജ്യം ഇത്തരത്തില്‍ നിയമം ഏര്‍പ്പെടുത്തുന്നത്. റഷ്യയില്‍ തദ്ദേശീയ നാവിഗേഷന്‍ സിസ്റ്റം ഗ്ളോനാസ് (GLONASS) ഇല്ലാത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

സ്മാര്‍ട്ട്ഫോണുകള്‍ അല്ലാത്ത സാദാഫോണിലെ അഞ്ച് അല്ളെങ്കില്‍ ഒമ്പത് കീ ആയിരിക്കും അപായ ബട്ടണ്‍. ഇവ അമര്‍ത്തിയാല്‍ ഉറവിടം തിരിച്ചറിഞ്ഞ് സഹായമത്തെും. സ്മാര്‍ട്ട്ഫോണില്‍ എമര്‍ജന്‍സി കോള്‍ സംവിധാനം ഏര്‍പ്പെടുത്തണം. അല്ളെങ്കില്‍ പവര്‍ ഓണ്‍/ഓഫ് ബട്ടണ്‍ മൂന്ന്  തവണ അമര്‍ത്തിയാല്‍ സഹായം ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണം.  യു.എസിലെ 911 നമ്പറിന് സമാനമായി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി 112 എന്ന ഹെല്‍പ്ലൈന്‍ നമ്പര്‍ ആരംഭിക്കാനും ശ്രമം തുടങ്ങിയിമുണ്ട്.  സ്മാര്‍ട്ട്ഫോണില്‍ ഡല്‍ഹി പൊലീസിന്‍െറ ഹിമ്മത്ത് ആപ്, കാന്‍വാസ് എം എന്നിവ ഡൗണ്‍ലോഡ് ചെയ്താല്‍ അടിയന്തര സഹായം എത്തും. എന്നാല്‍ അടിയന്തരഘട്ടത്തില്‍ ആപ് എടുക്കുക അത്ര എളുപ്പമല്ളെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍. 

ഇപ്പോള്‍ പല ഫോണുകളിലും എമര്‍ജന്‍സി കോള്‍ സംവിധാനം ഉണ്ടെങ്കിലും പലതിനും പല രീതിയാണ്. പുതിയ സംവിധാനത്തോടെ ഇത് ഏകീകൃതമാവും. അതായത് 100 വിളിച്ചാല്‍ പൊലീസില്‍ ലഭിക്കുന്നതുപോലെ എളുപ്പമാകും. അടിയന്തര സാഹചര്യങ്ങളില്‍ മൊബൈലിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്‍െറ വീട്ടിലേക്കൊ കൂട്ടുകാരുടെ ഫോണിലേക്കോ സ്ഥലവിവരമടക്കം ജാഗ്രതാസന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍. ആളുകള്‍ എവിടെയാണെന്ന് കണ്ടത്തൊന്‍  2018 ജനുവരി ഒന്നു മുതല്‍ ജി.പി.എസ് നാവിഗേഷന്‍ സംവിധാനം ഫോണുകളില്‍ എല്ലാം നിര്‍ബന്ധമാക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ജി.പി.എസ് സംവിധാനമുള്ളത്. 

ഇതുസംബന്ധിച്ച വിജ്ഞാപനം ഈമാസം 22ന് പുറത്തിറങ്ങി. അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാന്‍ സംവിധാനമില്ലാത്ത ഫോണുകള്‍ 2017 മുതല്‍ വില്‍ക്കാനാവില്ല. ഡല്‍ഹി ബലാത്സംഗ സംഭവത്തിന് ശേഷമാണ് അടിയന്തര അപായ കീ ഘടിപ്പിച്ച ഫോണുകളെക്കുറിച്ച് ആലോചനതുടങ്ങിയത്. അടിയന്തര സാഹചര്യങ്ങളില്‍ വരുന്ന കോളുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് പൊലീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ഭയ ഫണ്ടിന് 2013 ഡിസംബറില്‍ കേന്ദ്രമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. ഫോണുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ രാജ്യത്തുടനീളം ചുരുങ്ങിയത് 10,000 കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

image courtesy: camo.githubusercontent.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.