എങ്ങനെ നോക്കിയാലും സ്മാര്‍ട്ടാണ് ‘മെയ്സു മിക്സ്’

ആള് സ്മാര്‍ട്ടാണോ എന്ന് ചോദിച്ചാല്‍ അതെ എന്നും അല്ല എന്നും മറുപടി പറയേണ്ടിവരും. കണ്ടാല്‍ സാദാ വാച്ചുപോലെയാണ്്. ഡയലിലും വ്യത്യാസമില്ല, കളര്‍ ഡിസ്പ്ളേയുമില്ല. രൂപത്തില്‍ അത്ര മിടുക്ക് ഇല്ളെങ്കിലും പ്രവൃത്തിയില്‍ അല്‍പം സ്മാര്‍ട്ടാവാന്‍ ശ്രമിച്ചിട്ടുണ്ട്. ഫിറ്റ്നസ് ട്രാക്കറും സ്മാര്‍ട്ട് അലര്‍ട്ടുമാണ് ഇതിന് കാരണം. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി മെയ്സു (Meizu) ചൈനയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്വാച്ചിനെക്കുറിച്ചാണ് ഈ വിവരണമത്രയും. ‘മെയ്സു മിക്സ്’ എന്നാണ് വിളിപ്പേര്. ലോഹത്തില്‍ നിര്‍മിച്ച വട്ട ഡയലുള്ള മെയ്സുവിന്‍െറ ആദ്യ സ്മാര്‍ട്ട്വാച്ച് കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് ലഭിക്കുക. ഡെനിം, ലതര്‍, സ്റ്റീല്‍ സ്ട്രാപ്പുകളില്‍ മൂന്ന് മോഡലുകള്‍ ഉണ്ട്. 42 മില്ലീമീറ്റര്‍ ഡയലുള്ള വാച്ചിന് അനലോഗ് മുഖമാണ്. മറ്റ് അനലോഗ് മെക്കാനിക്കല്‍ വാച്ചുമായ രൂപത്തില്‍ വ്യത്യാസമില്ല.

എല്‍ഇഡി നോട്ടിഫിക്കേഷന്‍ ലൈറ്റ്, വൈബ്രേഷന്‍, ബ്ളൂടൂത്ത് 4.0 ലോ എനര്‍ജി കണക്ടിവിറ്റി എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. മെയ്സു വാച്ച് ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ചാല്‍ നോട്ടിഫിക്കേഷനും മെസേജും കോളും വരുമ്പോള്‍ എല്‍ഇഡി പ്രകാശിക്കും. ഒപ്പം വൈബ്രേറ്റും ചെയ്യും. സഫയര്‍ ഗ്ളാസ് ആണ് മുന്നില്‍. സ്വിസ് നിര്‍മിതമാണ് മുവ്മെന്‍റാണ് ഉള്ളില്‍. വ്യായാമത്തിന് കൂട്ടാവാന്‍ ആക്സലറോമീറ്റര്‍, ഗൈറോസ്കോപ് എന്നീ സെന്‍സറുകളുമുണ്ട്. 30 മീറ്റര്‍ ആഴത്തില്‍ വരെ കിടന്നാലും വെള്ളം കയറില്ല. 240 ദിവസം സ്റ്റാന്‍ഡ്ബൈയുള്ള 270 എംഎഎച്ച് ബാറ്ററിയാണ്. വാണിജ്യമായി ഉല്‍പാദിപ്പിക്കും മുമ്പ് ചൈനീസ് സൈറ്റായ താവോബാവോ വഴി 50 ലക്ഷം രൂപയോളം സ്വരൂപിക്കാനാണ് മെയ്സു പദ്ധതിയിടുന്നത്. ഒക്ടോബറില്‍ വിപണിയില്‍ എത്തുന്ന ഇതിന്‍െറ ഡെനിം മോഡലിന് ഏകദേശം 10,200 രൂപ, ലതര്‍ മോഡലിന് 13,200 രൂപ, സ്റ്റീലിന് 15,200 രൂപയുമാണ് ചൈനയില്‍ വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.