നിലത്ത് മാത്രമല്ല, ഭിത്തിയിലും ഓടും ഈ യന്തിരന്‍

നിലത്തുകൂടി സഞ്ചരിക്കുന്നതുപോലെ ഭിത്തികളില്‍ കയറാനും സഞ്ചരിക്കാനും കഴിവുള്ള റോബോട്ടുമായി ഡിസ്നി കമ്പനി. ഡിസ്നിയിലെ സൂറിച്ച് റിസേര്‍ച്ച് ലാബും ഇടിഎച്ച് സൂറിച്ച് സര്‍വകലാശാലയും ചേര്‍ന്നാണ് ഈ യന്തിരനെ സൃഷ്ടിച്ചത്. നാല് ചക്രങ്ങളില്‍ ഉരുളുന്ന ഇതിന് വെര്‍ട്ടിഗോ (VertiGo) എന്നാണ് പേരിട്ടിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കളിപ്പാട്ട കാറുപോലെയാണ് വെര്‍ട്ടിഗോയും. മുകളിലേക്ക് ചലിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഈ റോബോട്ട് മറികടക്കുന്നത് രണ്ട് പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ചാണ്. ഭിത്തിയില്‍ അള്ളിപ്പിടിച്ച് കയറാനും ഓടാനും ഭൗതികശാസ്ത്ര തത്വമാണ് സഹായിക്കുന്നത്. ഒട്ടിപ്പിടിക്കുന്ന ചക്രങ്ങളല്ല.

മുന്നിലും പിന്നിലുമുള്ള ഈ ചലിക്കുന്ന പ്രൊപ്പല്ലറുകള്‍ കറങ്ങുക മാത്രമല്ല, കുത്തനെയുള്ള ഭിത്തിയില്‍ വീഴാതെ യന്തിരനെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും. അതിന് ഈ പ്രൊപ്പല്ലറുകള്‍ മുന്നിലേക്കും പിന്നിലേക്കും രണ്ട് ഡിഗ്രി വരെ ചാഞ്ഞും ചെരിഞ്ഞും ദിശാ ക്രമീകരണം നടത്തും. വേഗത്തിലോടുന്ന കാറുകള്‍ റോഡില്‍ പിടിച്ചുനിര്‍ത്തുന്ന എയര്‍ സ്പോയ്ലറുകളുടെ ജോലിയാണ് ഇവിടെ പ്രൊപ്പല്ലറുകള്‍ ചെയ്യുന്നത്. അങ്ങനെ റോബോട്ടിനെ കല്ലിലും ഭിത്തിയിലും കയറാന്‍ സഹായിക്കും. ഇതുപോലെ തിരിച്ച് ഇറങ്ങുകയും ചെയ്യും. ഇനി ഭിത്തി മിനുസമുള്ളതാണെങ്കിലും കയറാന്‍ കഴിയുന്ന ചക്രങ്ങളാണ്. ഇതില്‍തന്നെയുള്ള കമ്പ്യൂട്ടറാണ് ചലനവും സഞ്ചാരവും നിയന്ത്രിക്കുന്നത്. കുത്തനേയുള്ള ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായിയാകും ഈ റോബോട്ട്. ഭാവിയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.