ബാറ്ററി ചാര്‍ജ് ഇനി ഒരു വിഷയമേയല്ല

പുതിയ പിള്ളേര്‍ക്ക് പേടി പേപ്പട്ടിയേയോ പ്രേതത്തെയോ അല്ല. ഫോണിന്‍െറ ബാറ്ററി തീരുമോ എന്ന പേടിയാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ഒരേസമയം പലര്‍ക്കും (മള്‍ട്ടി പ്ളെയര്‍) ഗെയിം കളിക്കാതെയും മെസേജുകള്‍ക്കും പോസ്റ്റുകള്‍ക്കും മറുപടി നല്‍കാതെയും ഒരു നിമിഷംപോലും കഴിയാന്‍ പറ്റില്ല. ബസിലെയും ട്രെയിനിലെയും നെടുങ്കന്‍ യാത്രകളുടെ വിരസത മാറ്റാന്‍ കനമുള്ള പുസ്തകങ്ങള്‍ക്കായി ഇപ്പോള്‍ ആരും സഞ്ചിയില്‍ പരതാറില്ല. ഫോണില്‍ സിനിമ കണ്ടാണ് സമയം കൊല്ലുന്നത്. അപ്പോള്‍ ബാറ്ററി ചാര്‍ജ് തീരുമെന്ന് പേടിച്ചില്ളെങ്കിലല്ളേ അദ്ഭുതമുള്ളൂ. റേഞ്ച് പിടിക്കാനും മറ്റും യാത്രയില്‍ ഫോണ്‍ വല്ലാതെ വിയര്‍ക്കാറുണ്ട്. ഇത് സാധാരണ സമയത്തേക്കാള്‍ ബാറ്ററി ചാര്‍ജ് യാത്രയില്‍ കുറയാന്‍ കാരണമാണ്. പോക്കറ്റില്‍ നിന്ന്  ഫോണെടുക്കാന്‍ പേടിയുള്ളവരുമുണ്ട്. പവര്‍ ബാങ്കുകള്‍ പലപ്പോഴും കൊണ്ടുനടക്കുക ബുദ്ധിമുട്ടുമാണ്. ഉള്ള ചാര്‍ജ് കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ഏക വഴി. അതിനുള്ള ചില പൊടിക്കൈകള്‍ നോക്കാം. 

ആയുസ് അറിയണം
മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെയാണ് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും ലാപ്ടോപുകളിലും ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ( Li Ion) ബാറ്ററികളുടെ ആയുസ്.  എന്നാല്‍ ഇത്രയും നാള്‍ അവ നില്‍ക്കാറില്ളെന്നാണ് ഭൂരിഭാഗം കമ്പനികളും വ്യക്തമാക്കുന്നത്. ഉപയോഗം പോലിരിക്കുമത്രെ. പൂര്‍ണമായി 300 മുതല്‍ 500 വരെ തവണ ചാര്‍ജ്, ഡിസ്ചാര്‍ജ് ചെയ്താല്‍ ഒരു ബാറ്ററിയുടെ കഥകഴിയുമെന്നാണ് അവര്‍ പറയുന്നത്. ഈ കാലയളവിന് ശേഷം ബാറ്ററികളില്‍ പഴയതുപോലെ ചാര്‍ജ് നില്‍ക്കാറില്ല. ഇപ്പോള്‍ പല ഫോണുകളിലെയും ബാറ്ററി ഊരിമാറ്റാന്‍ കഴിയാത്തതാണ്. അതുകൊണ്ട് ഈ കാലയളവ് ഓര്‍മയില്‍വെക്കുന്നത് നല്ലതാണ്. മുമ്പ് കാമറകളിലും മറ്റും നിക്കല്‍ കാഡ്മിയം (NiCd), നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് (Ni–MH) ബാറ്ററികളുമാണ് ഉപയോഗിച്ചിരുന്നത്. അവയ്ക്ക് അധികം നാള്‍ ചാര്‍ജ് ശേഖരിച്ചുവെക്കാനുള്ള ശേഷിയില്ല. ഉപയോഗിച്ചില്ളെങ്കിലും അവയുടെ ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ലിഥിയം അയണ്‍ ബാറ്ററിയില്‍ ഈ ചാര്‍ജ് കുറയല്‍ പതിയെ ആണ് സംഭവിക്കുക. ഒരുമാസം ഉപയോഗിച്ചില്ളെങ്കിലും അഞ്ച് മുതല്‍ 10 ശതമാനം വരെയേ തീരൂ. ചാര്‍ജ് പൂര്‍ണമായി തീര്‍ന്ന നിലയില്‍ ഏറെക്കാലം വെക്കുന്നത് ചാര്‍ജ് സംഭരിച്ച് സൂക്ഷിക്കാനുള്ള ബാറ്ററിയുടെ ശേഷിയെ ബാധിക്കും. 

12 മണിക്കൂര്‍ വേണ്ട
വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ്  12 മണിക്കൂറിലധികം ബാറ്ററി ചാര്‍ജ് ചെയ്യണമെന്ന് പറയുന്നതില്‍ കാര്യമൊന്നുമില്ല. ഭൂരിഭാഗം ലിഥിയം അയണ്‍ ബാറ്ററികളും ഫാക്ടറിയില്‍നിന്ന് പൂര്‍ണമായി ചാര്‍ജായിട്ടാണ് വരുന്നത്. തനിയെ ചാര്‍ജ് തീരുന്ന പ്രവണത കുറവായതിനാല്‍ ഏറെനേരം ഇവ ചാര്‍ജ് ചെയ്യേണ്ടി വരുന്നില്ല. മൂന്ന് മുതല്‍ അഞ്ചുവരെ തവണ പൂര്‍ണ ചാര്‍ജിങ് കഴിഞ്ഞാല്‍ ബാറ്ററി അതിന്‍െറ പുര്‍ണ ശേഷിയിലത്തൊറുണ്ട്. ഇപ്പോള്‍ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പലതും അതിവേഗം ചാര്‍ജാവുന്ന ശേഷി കൂടിയ ബാറ്ററികള്‍ ഉള്ളവയാണ്. നാലു മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്താല്‍ മതി. പിന്നീട് ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെ മതി പൂര്‍ണമായി ചാര്‍ജാവാന്‍. 

ചാര്‍ജര്‍ ഒറിജിനല്‍ മതി
കഴിവതും ഒറിജിനല്‍ ചാര്‍ജറുകള്‍ തന്നെ ഉപയോഗിക്കുക. പലരും കമ്പനിയും ശേഷിയും നോക്കാതെ കൈയില്‍ കിട്ടുന്ന ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ട്. ഇത് ബാറ്ററിയുടെ ശേഷി കുറക്കും. ഇനി ഒറിജിനല്‍ കിട്ടാത്ത സാഹചര്യത്തില്‍ ഉന്നത ഗുണനിലവാരമുള്ള ഓവര്‍ ചാര്‍ജ് പ്രൊട്ടക്ഷന്‍ സംവിധാനമുള്ള ചാര്‍ജറുകള്‍ ഉപയോഗിക്കുക. വില കുറഞ്ഞ ചാര്‍ജറുകള്‍ ഫോണിന്‍െറ നില പരുങ്ങലിലാക്കുമെന്ന് ഓര്‍ക്കുക. 

100 ശതമാനം വേണ്ട
ലിഥിയം അയണ്‍ ബാറ്ററികള്‍ എപ്പോഴും 50 ശതമാനത്തിലധികം ചാര്‍ജില്‍ വെക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും 20 ശതമാനത്തില്‍ നിന്ന് താഴെപ്പോകാന്‍ സമ്മതിക്കരുത്. 50 ശതമാനത്തില്‍നിന്ന് താഴെപ്പോയാല്‍ അല്‍പനേരം ചാര്‍ജ് ചെയ്യുക. ചിലപ്പോള്‍ പലതവണ ചാര്‍ജ് ചെയ്യേണ്ടി വന്നേക്കാം. എങ്കിലും 100 ശതമാനം ചാര്‍ജ് ചെയ്യരുത്. സ്ഥിരമായി 100 ശതമാനം ചാര്‍ജ് ചെയ്യുന്നത്  ബാറ്ററിയുടെ ആയുസ് കുറക്കുമത്രെ. അതിനാല്‍ ഇത്തരം ബാറ്ററികള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. പക്ഷെ എപ്പോഴെങ്കിലും 100 ശതമാനം ചാര്‍ജ് ചെയ്യാമോ എന്ന ചോദ്യം മനസില്‍ ഉയര്‍ന്നേക്കാം. മാസത്തില്‍ ഒരിക്കല്‍ ആവാമെന്നാണ് വിദഗ്ധര്‍ അതിന് നല്‍കുന്ന മറുപടി. മനുഷ്യന്‍ യാത്ര പോകുമ്പോള്‍ ലഭിക്കുന്നപോലെ, കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ടിങ് ചെയ്യുന്നപോലെ ഇത് ബാറ്ററിക്ക് ഉണര്‍വു നല്‍കുമത്രെ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.