ബാറ്ററി പൊട്ടിത്തെറിക്കുന്നു, ‘സാംസങ് നോട്ട് 7’ വില്‍പന നിര്‍ത്തി

ചാര്‍ജിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന പരാതികളെതുടര്‍ന്ന് വിപണിയില്‍ ഇറക്കിയ 5.7 ഇഞ്ച് സ്ക്രീനുള്ള ഗാലക്സി നോട്ട് 7 ഫാബ്ലറ്റ് സാംസങ് തിരിച്ചുവിളിച്ചു. വില്‍പനയും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ സെപ്റ്റംബര്‍ രണ്ടിന് 59,900 രൂപക്ക് വിപണിയില്‍ ഇറക്കാനിരിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ എത്തുന്നതും വൈകും. എതിരാളി ആപ്പിള്‍ അടുത്തയാഴ്ച പുതിയ ഐഫോണ്‍ 7 പുറത്തിറക്കാന്‍ ഇരിക്കെയാണ് സാംസങ്ങിന്‍െറ തിരിച്ചുവിളിക്കല്‍. ആഗോള തലത്തില്‍ ഫോണ്‍ തിരിച്ചുവിളിക്കുന്ന ഏറ്റവും വലിയ സംഭവമാണിത്. 

ദക്ഷിണ കൊറിയ, അമേരിക്ക ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നാണ് ഫോണ്‍ പിന്‍വലിച്ചത്. സാംസങ്ങിന് ബാറ്ററി നിര്‍മിച്ചുനല്‍കുന്ന രണ്ട് കമ്പനികളില്‍ ഒന്നിന്‍െറ വീഴ്ചയാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏതാണ് ഈ കമ്പനിയെന്ന്  സാംസങ് ഹാന്‍ഡ്സെറ്റ് ഡിവിഷന്‍ തലവന്‍ കോഹ്ഡോങ് ജിന്‍ പറയുന്നില്ല. നോട്ട് 7 വാങ്ങിയവര്‍ക്ക് പുതിയവ മാറ്റി നല്‍കുമെന്ന് കോഹ്ഡോങ് ജിന്‍ അറിയിച്ചു. മാറ്റി നല്‍കാന്‍ രണ്ടാഴ്ച എടുക്കുമെന്നും അറിയിച്ചു. എന്നാല്‍ ചൈനയില്‍ പ്രശ്നമില്ല. കാരണം ഇവിടെ വേണ്ട ഫോണുകള്‍ക്കുളള ബാറ്ററി നിര്‍മിക്കുന്നത് മറ്റൊരു കമ്പനിയാണ്. ആഗസ്റ്റ് 19ന് വിപണിയില്‍ ഇറങ്ങിയ ഫോണ്‍ ഇതുവരെ 25 ലക്ഷം എണ്ണം നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ 10 ലക്ഷം എണ്ണം വിറ്റുപോയിട്ടുണ്ട്.കണ്ണ് കാട്ടിയാല്‍ ഫോണ്‍ തുറക്കാനും അടക്കാനും കഴിയുന്ന ഐറിസ് സ്കാനറായിരുന്നു പ്രധാന പ്രത്യേകത. 

ആപ്പിളിന്‍െറയും ചൈനീസ് കമ്പനികളുടെയും മുന്നേറ്റത്തില്‍ രണ്ടുവര്‍ഷമായി നില പരുങ്ങലിലായ  സാംസങ് ഗ്യാലക്സി പരമ്പരയില്‍ തന്നെ പിടിമുറുക്കി വിപണിയില്‍ തിരിച്ചുവരവിന് ശ്രമിക്കവെയാണ് കൂനിന്മേല്‍കുരുവായി ബാറ്ററി പൊട്ടിത്തെറിക്കല്‍  പ്രശ്നം ഉയരുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഗ്യാലക്സി എസ് 7 നിലൂടെ രണ്ടുവര്‍ഷത്തിനിടെ ലാഭകരമായ നിലയും കൈവരിച്ചിരുന്നു. ആഗോളതലത്തില്‍ 35 പരാതികള്‍ ലഭിച്ചതായും 10 ലക്ഷത്തിന്‍െറ ഒരു ബാച്ചില്‍ 24 എണ്ണം വീതം ബാറ്ററി തകരാര്‍ ഉണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ മാത്രം വില പൂര്‍ണമായി മടക്കിനല്‍കും. ഇവിടെ സുരക്ഷാ പരിശോധനക്കായി വില്‍പനയും നിര്‍ത്തിവെച്ചിട്ടുണ്ട്. ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ സ്പ്രിന്‍റ്, ടി മൊബൈല്‍ എന്നീ സവേനദാതാക്കള്‍ വിപണിയില്‍ നിന്ന് ഫോണ്‍ പിന്‍വലിച്ചു. വില്‍പന തുടങ്ങിയ 10 രാജ്യങ്ങളില്‍ ഉപകരണം മാറ്റി നല്‍കും.

ചാര്‍ജിങ്ങിനിടെ കത്തിയ ഫോണുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. യൂടൂബിലും കൊറിയയിലെ സാമൂഹികമാധ്യമായ കകാവൂ സ്റ്റോറിയിലും ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. ബാറ്ററി പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാംസങ്ങിന്‍െറ ഓഹരി മൂല്യം രണ്ട് ശതമാനം ഇടിഞ്ഞു.

 ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായ വാര്‍ത്തകള്‍ ഇടക്കിടെ വരാറുണ്ട്. ഇവയില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ തീപിടിത്ത സാധ്യതയുള്ളതാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ തീപിടിത്തം ഒഴിവാക്കാം. ബാറ്ററി പ്രശ്നം അലട്ടുന്ന ആദ്യ ഫോണ്‍ കമ്പനിയല്ല സാംസങ്. ഷോക്കടിക്കുന്നുവെന്ന പരാതികളെതുടര്‍ന്ന് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലുംനിന്ന് ആപ്പിള്‍ ഈവര്‍ഷം ആദ്യം ഐഫോണ്‍ അഡാപ്റ്ററുകള്‍ തിരിച്ചുവിളിച്ചിരുന്നു. ബാറ്ററികള്‍ അമിതമായി ചൂടാവുന്നുവെന്ന പരാതികളെതുടര്‍ന്ന് 2007ല്‍ നോക്കിയ ഫോണ്‍ മടക്കിവിളിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.