ആരൊക്കെ ആപ്പിളിനെ അനുകരിക്കും?

കേട്ടതുപോലെ തന്നെ രണ്ട് ഐഫോണ്‍ 7 പതിപ്പിലും 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കില്ല. വിപണിയില്‍ കിട്ടുന്ന സാദാ ഹെഡ്ഫോണുകള്‍ ഇവയില്‍ ഉപയോഗിക്കാനും കഴിയില്ല. ഹെഡ്സെറ്റുകളും സ്പീക്കറുകളും ഘടിപ്പിക്കാന്‍ 1878 മുതല്‍ ഉപയോഗിച്ചിരുന്ന മാര്‍ഗം ഉപേക്ഷിക്കാന്‍ ആപ്പിള്‍ ധൈര്യം കാട്ടി. 
സെവനിലുള്ള ഏക പോര്‍ട്ടായ ലൈറ്റ്നിങ് പോര്‍ട്ട് വഴിയോ പ്രത്യേക ഡോങ്കിള്‍ ഉപയോഗിച്ചോ ഇനി മറ്റ് സാദാ ഹെഡ്ഫോണുകള്‍ കണക്ട് ചെയ്യണം. ഓഡിയോ വിപണിയില്‍ മേധാവിത്തം നേടാനുള്ള ആപ്പിളിന്‍െറ നീക്കമായി ഇതിനെ പലരും കരുതുന്നുണ്ട്. മറ്റ് നിര്‍മാതാക്കളും ആപ്പിള്‍ തുറന്ന വഴിയെ വരുമെന്നും വിലയിരുത്തുന്നു. ഡിജിറ്റല്‍ സിഗ്നല്‍ ആയതിനാല്‍ ഇനി ലൈറ്റ്നിങ് കണക്ടര്‍ വഴി ഹെഡ്ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ഡിജിറ്റല്‍ അനലോഗ് കണ്‍വര്‍ട്ടറുകളും ആംപ്ളിഫയറുകളും ഉള്ള ഹെഡ്ഫോണ്‍ വേണ്ടിവരും. ഇത് 3.5 എം.എം ജാക്കിന്‍െറ അനലോഗ് സംവിധാനത്തിന് നേരെ എതിരാണ്.  നിലവില്‍ ഫോണ്‍ തന്നെയുള്ള ഡിജിറ്റല്‍ അനലോഗ് കണ്‍വര്‍ട്ടറുകളും ആംപ്ളിഫയറുകളും ഉപയോഗിച്ച്് വൈദ്യുത സിഗ്നലുകളായാണ് ഹെഡ്ഫോണിലേക്ക് ശബ്ദം അയച്ചിരുന്നത്. വിലകുറഞ്ഞ ലൈറ്റ്നിങ് ടു 3.5 എംഎം അഡാപ്റ്റര്‍ മേന്മ കുറഞ്ഞ ശബ്ദം മാത്രമേ നല്‍കൂ. 
ഹെഡ്ഫോണ്‍ സോക്കറ്റ് ഒഴിവാക്കിയതിലൂടെ ആപ്പിളിന് ഫോണിനകത്ത് ഏറെ സ്ഥലം ലാഭിക്കാന്‍ കഴിഞ്ഞു. ഇരട്ട കാമറ സംവിധാനം, വിരല്‍ അമര്‍ത്തലിന്‍െറ ഏറ്റക്കുറച്ചില്‍ അറിയുന്ന പ്രഷന്‍ സെന്‍സിറ്റീവ് ബട്ടനുള്ള ടാപ്റ്റിക് എന്‍ജിന്‍, വലിയ ബാറ്ററി എന്നീ സംവിധാനങ്ങള്‍ക്ക് ഈ സ്ഥലമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ തുറന്നുകിടന്നിരുന്ന ജാക്ക് പോയതിലൂടെ വെള്ളം അകത്തുകടക്കുന്നതും തടയാനായി. പുതിയ സംവിധാനത്തിലൂടെ ശബ്ദമേന്മയും കൂടിയിട്ടുണ്ട്. 

എയര്‍പോഡ്സ് 
എയര്‍പോഡ്സ് എന്ന വയര്‍ലസ് ഇയര്‍പോഡുകളാണ് പുതിയ ആകര്‍ഷണം.  കണ്ടാല്‍ പഴയ ഇയര്‍പോഡ് പോലെയാണ്. ഇന്ത്യയില്‍ ഏകദേശം 15, 400 രൂപയാണ് ഒരു ജോടി എയര്‍പോഡിന്‍െറ വില. ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അനുമതി നല്‍കിയാല്‍ എയര്‍പോഡുകള്‍ തനിയെ കണക്ട് ആയിക്കൊള്ളും. സാധാരണ ബ്ളൂടൂത്ത് ഹെഡ്സെറ്റുകള്‍ കണക്ട് ചെയ്യുന്നത്ര ബുദ്ധിമുട്ടില്ല. എയര്‍പോഡുകള്‍ പുറത്തെടുത്തില്ളെങ്കില്‍ പാട്ടുകള്‍ സ്പീക്കര്‍ വഴിയും പുറത്തെടുത്ത് കാതില്‍വെച്ചാല്‍ തനിയെ അവയിലും കേള്‍ക്കാം. ചെവിയില്‍ നിന്ന് എടുത്താല്‍ ആ നിമിഷം ഹെഡ്ഫോണിലെ പാട്ടുനിലയ്ക്കും. ഏറെ ബഹളമുള്ള മുറിയിലാണെങ്കിലും പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ നോയിസ് കാന്‍സലേഷന്‍ സഹായിക്കും. ചെവിയില്‍ വെച്ച എയര്‍പോഡില്‍ രണ്ട് തവണ തട്ടിയാല്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് സിരി സഹായത്തിനത്തെും. ഫോണ്‍ വിളിക്കാനും മെസേജ് അയക്കാനും മറ്റും പോക്കറ്റില്‍നിന്ന് ഫോണെടുക്കേണ്ട. വെറുതെ പറഞ്ഞുകൊടുത്താല്‍ മതി. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്നു മണിക്കൂര്‍ ഉപയോഗിക്കാം. ഒറ്റ ചാര്‍ജില്‍ അഞ്ചുമണിക്കൂറും കേള്‍ക്കും. എയര്‍പോഡ് ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിങ് കെയ്സ് പ്ളഗില്‍ കുത്താതെ 24 മണിക്കൂര്‍ ഉപയോഗിക്കാം. സംസാരിക്കുമ്പോള്‍ തിരിച്ചറിയാന്‍ വോയ്സ് ആക്സലറോമീറ്ററുണ്ട്. ഐപാഡ്, മാക് കമ്പ്യൂട്ടര്‍, ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവയുമായി തനിയെ കണക്ടാവും. ഐഫോണ്‍ 5 മുതലുള്ള ഫോണുകളുമായും ഐപാഡ് മിനി 2, ഐപാഡ് എയര്‍ മുതലുള്ള ടാബുകളുമായും പ്രവര്‍ത്തിക്കും. ഡബ്ള്യു വണ്‍ വയര്‍ലസ് ചിപ് വയര്‍ലസായി കേള്‍ക്കുന്ന ശബ്ദമേന്മ കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. 

16 ജി.ബി ഇനിയില്ല
ഐഫോണ്‍ സെവന്‍െറ വരവോടെ മറ്റ് ഐഫോണുകളുടെ കാര്യത്തില്‍ മാറ്റങ്ങളേറെ. 16 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജിനെ എന്നന്നേക്കുമായി ഉപേക്ഷിച്ച് 32 ജി.ബിയില്‍ തുടങ്ങുന്ന ഐഫോണ്‍ സെവന്‍ ഇറക്കാന്‍ ആപ്പിളിന് പല കാരണങ്ങളുണ്ട്. ഐഫോണ്‍ സെവന്‍ 128 ജി.ബി, 256 ജി.ബി പതിപ്പുകളാണ് പിന്നീടുള്ളത്. 16 ജി.ബിയുള്ള പഴയ അടിസ്ഥാന മോഡല്‍ ഐഫോണില്‍ 12 ജി.ബി സ്റ്റോറേജ് മാത്രമാണ് ലഭിച്ചിരുന്നത്. ഇതില്‍ പാട്ടും വീഡിയോയും ആപ്പും ഫോട്ടോകളും ശേഖരിക്കണം. ഐഫോണ്‍ 6 എസിലും ഐഫോണ്‍ 6 എസ് പ്ളസിലും ഈ 16 ജി.ബി തന്നെയായിരുന്നു അടിസ്ഥാന മോഡല്‍. ഫയല്‍ വലിപ്പം കൂടിയ ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ അടക്കമുള്ളവ ശേഖരിക്കുക വിഷമകരമായിരുന്നു. ഇതെല്ലാം പരിഹരിക്കാനാണ് സ്റ്റോറേജ് ഇരട്ടിയാക്കിയത്. 

32, 128 ജി.ബി 
ഐഫോണ്‍ എസ്ഇ ഒഴികെ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എസ് പ്ളസ് എന്നിവ ഇനി 32 ജി.ബി, 128 ജി.ബി മെമ്മറികളിലാണ് ലഭിക്കുക. 16 ജി.ബി, 64 ജി.ബി മോഡലുകള്‍ ഇല്ല. എന്നാല്‍ ഐഫോണ്‍ എസ്ഇയില്‍ പഴയതുപോലെ 16, ജി.ബി, 64 ജി.ബി മെമ്മറികള്‍ തുടരും. കാരണം വില കുറഞ്ഞ ഐഫോണ്‍ മോഡലാണിത്. 

പഴയ ഐഫോണുകള്‍ സ്റ്റോക്ക് തീരുംവരെ
പുതിയവ എത്തിയതോടെ ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ളസ് എന്നിവയുടെ നിര്‍മാണവും വിതരണവും ആപ്പിള്‍ അവസാനിപ്പിച്ചു. എന്നാല്‍ നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ഇന്ത്യയിലെ കടകളില്‍ ഇവ ലഭിക്കും. 

ഇന്ത്യയില്‍ 60,000
ഐഫോണ്‍ സെവന്‍ 32 ജി.ബി പതിപ്പിന് ഏകദേശം 43,000 രൂപ, 128 ജി.ബിക്ക് 50,000 രൂപ,  256 ജി.ബിക്ക് 56,500 രൂപ എന്നിങ്ങനെയാണ് യു.എസിലെ വില. 32 ജി.ബി ഐഫോണ്‍ സെവന്‍ പ്ളസിന് 51,000 രൂപയും 128 ജി.ബിക്ക് 57,750 രൂപ, 256 ജി.ബിക്ക് 64,500 രൂപയുമാണ് വില.  ഒക്ടോബര്‍ ഏഴിന് ഇന്ത്യയിലത്തെുന്ന ഐഫോണ്‍ സെവന്‍ 32 ജി.ബിക്ക് 60,000 രൂപ മുതലാണ് വിലയെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്്. സെവന്‍ പ്ളസിന്‍െറ വിലയെക്കുറിച്ച് സൂചനകളില്ല. ഇറ്റലി -59,900, ന്യൂസിലന്‍ഡ് - 58,800, ഫ്രാന്‍സ് - 57,700, സ്പെയിന്‍- 57,600, ആസ്ട്രേലിയ- 54,500, ചൈന- 53,800, യുകെ-53,100, ജപ്പാന്‍- 47,350, യുഎഇ- 47,300, കാനഡ - 46,100, അമേരിക്ക - 43400 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വില. 
ഐഫോണ്‍ 6എസ് 32 ജി.ബിക്ക് ഏകദേശം 36,500 രൂപയും 128 ജി.ബിക്ക് 43,000 രൂപയും ഐഫോണ്‍ 6 എസ് പ്ളസ് 32 ജി.ബിക്ക് 43,000 രൂപയും 128 ജി.ബിക്ക് 50,000 രൂപയുമാണ് വില വരിക. 

വിശേഷങ്ങള്‍
വെള്ളവും പൊടിയും കടക്കാത്ത രൂപകല്‍പനയാണ്. ഒരു മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ കിടന്നാലും വെള്ളം കയറില്ല. പഴയ അതേ അലൂമിനിയം ബോഡിയാണ്. 4.7 ഇഞ്ച് ഐഫോണ്‍ സെവനില്‍ 1,334 x 750 പിക്സല്‍ റസലൂഷനും 5.5 ഇഞ്ച് ഐഫോണ്‍ സെവന്‍ പ്ളസില്‍ 1,920 x 1,080 പിക്സല്‍ റസലൂഷനുമാണ് ഡിസ്പ്ളേ. മുന്‍ഗാമിയേക്കാള്‍ സ്ക്രീന്‍ മിഴിവും 25 ശതമാനം കൂടുതല്‍ ബ്രൈറ്റ്നസുമുണ്ട്. പരിഷ്കരിച്ച ഹോം ബട്ടണില്‍ വിരലടയാള സെന്‍സറും പ്രഷന്‍ സെന്‍സിറ്റീവ് സംവിധാനവുമുണ്ട്. കൈ ഉയര്‍ത്തിയാല്‍ സ്ക്രീന്‍ ഉണരും. 3.5 എംഎം ഹെഡ്ഫോണ്‍ ജാക് ഇല്ലാത്തതിനാല്‍ പുതിയ ഫോണിനൊപ്പം ഒരു ജോഡി ലൈറ്റ്നിങ് പോര്‍ട്ട് ടു 3.5എംഎം ഹെഡ്ഫോണ്‍ ജാക് അഡാപ്റ്ററും (900 രൂപ) ലൈറ്റ്നിങ് പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന വയറുള്ള ഇയര്‍പോഡും (2500 രൂപ) നല്‍കുന്നുണ്ട്. ഇത്തവണ മാത്രം, ഭാവിയില്‍ പക്ഷെ ഇവ നല്‍കില്ല. ചാര്‍ജ് ചെയ്യുമ്പോള്‍ ഹെഡ്ഫോണ്‍ കുത്താന്‍ കഴിയില്ല. അടിയിലും മുകളിലുമായി സ്റ്റീരിയോ സ്പീക്കറുകള്‍ ആദ്യമായി ഐഫോണില്‍ എത്തുകയാണ്. 64 ബിറ്റ് നാലുകോള്‍ എ 10 ഫ്യൂഷന്‍ പ്രോസസറും ഐഒഎസ് 10 ഓപറേറ്റിങ് സിസ്റ്റവുമാണ് പൊതുവായുള്ള വിശേഷങ്ങള്‍. മുന്‍മോഡലുകളേക്കാള്‍ ഐഫോണ്‍ 7ന് രണ്ടുമണിക്കൂറും ഐഫോണ്‍ 7 പ്ളസിന് ഒരു മണിക്കൂറും കൂടുതല്‍ ബാറ്ററി ശേഷിയുണ്ട്. 
ഐഫോണ്‍ സെവനില്‍ 138 ഗ്രാം ഭാരം, ഒരു ഇഞ്ചില്‍ 326 പിക്സല്‍ വ്യക്തത, 12 മെഗാപിക്സല്‍ പിന്‍കാമറ, ഏഴ് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളുടൂത്ത് 4.2, എന്‍എഫ്സി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, രണ്ട് ജി.ബി റാം, ത്രീജിയില്‍ 14 മണിക്കൂര്‍ ബാറ്ററി ശേഷി എന്നിവയാണ് പ്രത്യേകത.
ഐഫോണ്‍ സെവന്‍ പ്ളസില്‍ 188 ഗ്രാം ഭാരം, ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത, നാല് എല്‍ഇഡി ഫ്ളാഷുള്ള 12 മെഗാപിക്സലിന്‍െറ രണ്ട് വൈഡ് ആംഗിള്‍- ടെലിഫോട്ടോ പിന്‍കാമറകള്‍, ഏഴ് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളുടൂത്ത് 4.2, എന്‍എഫ്സി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, രണ്ട് ജി.ബി റാം, ത്രീജിയില്‍ 21 മണിക്കൂര്‍ ബാറ്ററി ശേഷി  എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.