സ്കൂളുകളില്‍ ഇനി റെയില്‍ടെല്ലിന്‍െറ അതിവേഗ നെറ്റ്വര്‍ക്ക്; പഠനം കൂടുതല്‍ സ്മാര്‍ട്ടാകും  

മഞ്ചേരി: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയുള്ള വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് അധിഷ്ഠിത ബോഡ്ബ്രാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതി. ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഒഴിവാക്കിയാണിത്. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളില്‍ ഏപ്രില്‍ മുതല്‍ പദ്ധതി തുടങ്ങും. 
സ്കൂളുകള്‍ക്ക് പ്രത്യേക സാമ്പത്തികഭാരമില്ലാതെ, അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ഐ.ടി അറ്റ് സ്കൂള്‍ പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ശൃംഖലയായ റെയില്‍ടെല്ലിന്‍െറ ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് പദ്ധതി. ഒരു സ്കൂള്‍ കാമ്പസിന് ഒരു വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് അധിഷ്ഠിത കണക്ഷന്‍ എന്ന രീതിയിലാണ് പദ്ധതി. റെയില്‍ ടെല്ലിനാണ് മുഴുവന്‍ ചുമതലയും. മുഴുവന്‍ ചെലവും ഐ.ടി അറ്റ് സ്കൂള്‍ പദ്ധതി വഹിക്കുന്നതിനാല്‍ സ്കൂളുകള്‍ക്ക് സാമ്പത്തികബാധ്യത വരില്ല. 
ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിക്കുള്ള നിലവിലെ ബി.എസ്.എന്‍.എല്‍ കണക്ഷന്‍ മാര്‍ച്ച് 31 ന് അവസാനിക്കുകയും പുതിയത് ഏപ്രില്‍ ഒന്നിന് തുടങ്ങുകയും ചെയ്യും. എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകളായാലും കണക്ഷന്‍ ഹൈസ്കൂള്‍ വിഭാഗം കമ്പ്യൂട്ടര്‍ ലാബിലാണ് സജ്ജീകരിക്കുക. രണ്ട് എം.ബി വേഗതയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയാണ് കണക്ടിവിറ്റി. ഇത് സ്ഥാപിക്കാനുള്ള സ്ഥലവും വൈദ്യുതിയും പ്രധാനാധ്യാപകന്‍െറ മേല്‍നോട്ടത്തില്‍  ഒരുക്കണം.
റെയില്‍ടെല്‍ കോര്‍പറേഷന്‍ ലഭ്യമാക്കുന്ന മോഡത്തില്‍ നിന്ന് സ്കൂളിലെ നെറ്റ് വര്‍ക്ക് സ്വിച്ചിലേക്ക് കേബിള്‍ ബന്ധിപ്പിച്ചാകും സംവിധാനം നടപ്പാക്കുക. നിശ്ചയിക്കപ്പെട്ട വേഗത ലഭിക്കുന്നുണ്ടോ എന്ന് പ്രധാനാധ്യാപകനും സ്കൂള്‍ ഐ.ടി കോ ഓഡിനേറ്ററും ഉറപ്പാക്കണം. ഒരു വര്‍ഷ കരാറിലാണ് സേവനം നല്‍കുക.
ഓരോ ജില്ലയിലും ഒരു എന്‍ജിനീയറുടെ സേവനവും കസ്റ്റമര്‍ കെയര്‍ കേന്ദ്രവുമുണ്ടാവും. സാമഗ്രികള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ സ്കൂളധികൃതര്‍ ഇവയുടെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ടാംഘട്ടത്തില്‍ തുടങ്ങും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.