ലോക്ഡൗണിൽ മലയാളികളെ വീട്ടിനകത്ത് പിടിച്ചിട്ടത് പൊലീസിനൊപ്പം ഒരുപക്ഷേ, യൂട്യൂബും കൂടിയായിരിക്കും. നൂറുകണക്കിന് ചാനലുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പുതുതായി തുടങ്ങിയത്. 2005 ഫെബ്രുവരി 11ന് നിലവിൽ വന്നെങ്കിലും ഒാൺലൈൻ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂട്യൂബിലേക്ക് ആളിടിച്ച് കയറിയത് നാലു വർഷം മുമ്പ് ജിയോ നെറ്റ് വാരിക്കോരി നൽകിയതോടെ. പലർക്കും ഇന്ന് യൂട്യൂബ് പ്രഫഷനാണ്. ഇതിനിടയിൽ മികച്ച ചാനലുകളെ കൊത്തിക്കീറാൻ വലവിരിച്ച് സൈബർ ക്രിമിനലുകളും ഒളിഞ്ഞിരിപ്പുണ്ട്. അത്തരമൊരു കെണിയിൽ വീണ തൃശൂർ സ്വദേശിയായ അനീഷ് എബ്രഹാം അനുഭവം കേൾക്കേണ്ടതു തന്നെ. മൂന്നര ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുള്ള ചാനൽ നിമിഷങ്ങൾക്കുള്ളിലാണ് ഹാക്കർമാർ റാഞ്ചിക്കൊണ്ടുപോയത്.
തുടക്കം ഡിഗ്രിക്കാലത്ത്
2017 ഫെബ്രുവരി 14നാണ് ABRAHAMS WORLD എന്ന ചാനൽ തൃശൂർ ചേലക്കര എളനാട് സ്വദേശിയായ അനീഷ് എബ്രഹാം തുടങ്ങുന്നത്. അന്ന് കോയമ്പത്തൂരിൽ ഡിഗ്രി വിദ്യാർഥിയാണ്. ചെറുപ്പം തൊേട്ട ടെക്നോളജി താൽപര്യം കൂടെയുണ്ട്. ചാനലും ആ വഴിക്കുതന്നെ. നാല് മാസം കഴിഞ്ഞപ്പോൾ 1000 സബ്സ്ക്രൈബേഴ്സ് എത്തി. ആദ്യകാലത്ത് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
അഞ്ചാമത്തെ മാസം തന്നെ വരിക്കാർ 40,000. ആറാം മാസം ആദ്യമായി യൂട്യൂബിൽനിന്ന് വരുമാനവും വന്നു 20,000 രൂപ. എട്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്. പിന്നീട് പടിപടിയായി ആളുകളും വിഡിയോയും വരുമാനവുമെല്ലാം ഉയർന്നു. ടെക്നോളജിക്ക് പുറമെ ട്രാവൽ, ഫുഡ് വിഡിയോകളും ഈ 24കാരെൻറ ചാനലിൽ കാണാം.
എല്ലാം തകർത്ത ഹാക്കിങ്
ടെക് ചാനലായതിനാൽ പ്രമോഷൻ അധിഷ്ഠിത വെബ്സൈറ്റ് ലിങ്കുകൾ പലരും അയക്കും. പുതുതായി തുടങ്ങിയ ഒരു കമ്പനി തങ്ങളുടെ വി.പി.എൻ സർവിസുമായി ബന്ധപ്പെട്ട് അനീഷിന് ഇ^മെയിൽ അയച്ചു. അവർ അയച്ച സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതോ ടെ അനീഷിെൻറ കമ്പ്യൂട്ടർ ഹാക്കർമാരുടെ നിയന്ത്രണത്തിലായി. കീബോർഡ് പോലും അവർ ഉപയോഗിക്കാൻ തുടങ്ങി. ആദ്യം അവർ ചാനലിെൻറ പാസ്വേഡ് മാറ്റി. പിന്നെ ചാനലിെൻറ പേര് വാവെയ് യു.എസ് (HUAWEI US) എന്നാക്കി മാറ്റി. അങ്ങനെ അവർ ബിറ്റ്കോയിൻ ലൈവ് വിഡിയോ നൽകി. വാവെയ് കമ്പനി ബിറ്റ്കോയിൻ ഗിവ്അവേ നൽകുന്നു എന്ന രീതിയിലായിരുന്നു വിഡിയോ. എട്ട് മണിക്കൂർ ഇൗ വിഡിയോ നീണ്ടു. 44,000 പേരാണ് ഇതു കണ്ടത്. വിഡിയോ കണ്ട പലർക്കും പൈസ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവരുടെ വിഡിയോകൾ കാരണം കോപ്പിറൈറ്റ് ലംഘനത്തിന് അനീഷിന് നോട്ടീസും ലഭിച്ചു.
ഹാക്കിങ് കാശിനുവേണ്ടി
ചാനൽ തിരിച്ചുതരാൻ 500 ഡോളറാണ് ചോദിച്ചത്. പണം കൊടുത്തില്ല. കാരണം, പണം വാങ്ങിയശേഷം ചാനൽ തിരിച്ചുതരാതിരിക്കാനും സാധ്യതയുണ്ട്. ഒരേ മെയിൽ െഎഡിയായിരുന്നു യൂട്യൂബിനും ആഡ്സെൻസിനും. അതുകൊണ്ട് തന്നെ ആഡ്സെൻസ് ഹാക്കർമാർ േബ്ലാക്ക് ചെയ്തു. ആഡ്സെൻസ് അക്കൗണ്ട് അസാധുവാക്കാൻ അവർ ഗൂഗിളിൽ അപേക്ഷിച്ചിരുന്നു. അനീഷിനെ കൂടാതെ ഒരുപാട് യൂട്യൂബർമാർക്ക് ഇവരുടെ അടുത്തുനിന്ന് മെയിൽ പോയിട്ടുണ്ട്. പലരുടെയും ചാനലും ഇൻസ്റ്റഗ്രാം അക്കൗണ്ടുമെല്ലാം ഹാക്കായി.
അപ്രതീക്ഷിത തിരിച്ചുവരവ്
ഒരുപാട് നാളത്തെ സ്വപ്നവും അധ്വാനവുമെല്ലാമാണ് ഒരൊറ്റ നിമിഷംകൊണ്ട് തകർന്നത്. ആദ്യം തളർന്നെങ്കിലും തിരിച്ചുപിടിക്കാനായി വാശി. ചാനൽ ഹാക്ക് ചെയ്ത കാര്യം സമൂഹമാധ്യമങ്ങളിൽ നൽകി. ഒപ്പം തെൻറ തന്നെ ഒരു പഴയ ചാനൽ പൊടിതട്ടിയെടുത്തു. അതിൽ വിഡിയോ ഇട്ടു. അനീഷിെൻറ പ്രശ്നങ്ങൾ അറിഞ്ഞതോടെ മലയാളത്തിലെ പ്രമുഖ യൂട്യൂബർമാരെല്ലാം കട്ടക്ക് സപ്പോർട്ടായി. വെറും 3000 സബ്സ്ക്രൈബേഴ്സ് മാത്രമുണ്ടായിരുന്ന ‘ABRAHAM’S WORLD’ എന്ന ചാനലിന് ഒരാഴ്ചക്കുള്ളിൽ 50,000 പേരുടെ പിന്തുണയാണ് ലഭിച്ചത്.
ഓപറേഷൻ തിരിച്ചുപിടിക്കൽ
പഴയ ചാനൽ തിരിച്ചുപിടിക്കാൻ യൂട്യൂബുമായി നിരന്തരം ബന്ധപ്പെട്ടു. അവർ പരമാവധി ശ്രമിച്ചെങ്കിലും കോവിഡ് കാരണം ആളുകൾ ഇല്ലാത്തത് പ്രശ്നമായി. കൂടാതെ, പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. ഒന്നും ശരിയാകാതെ വിഷമിച്ചിരിക്കുേമ്പാഴാണ് ചില മലയാളി ടെക്ക് വിദഗ്ധർ ബന്ധപ്പെടുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പായ കേരള സൈബർ വാരിയേഴ്സിലെ അംഗങ്ങളും അതിലുണ്ടായിരുന്നു. അങ്ങനെ കഠിനപ്രയത്നത്തിനൊടുവിൽ ഒരാഴ്ചക്കുശേഷം ചാനൽ തിരിച്ചുകിട്ടി. ഇന്ത്യൻ ഹാക്കർമാർ തന്നെയാണ് ചാനൽ റാഞ്ചിയത്. അവർ ഹാക്ക് ചെയ്ത മറ്റു ചാനലുകളും തിരിച്ചുപിടിച്ചു.
വേണം, കഠിനാധ്വാനം
പലരും ഇക്കാലത്ത് പൈസ പ്രതീക്ഷിച്ചാണ് യൂട്യൂബിലേക്ക് വരുന്നത്. കുറച്ചുകാലം പണിയെടുത്ത് ഫലം ലഭിക്കില്ല എന്ന് കാണുേമ്പാൾ പിൻവാങ്ങും. നിരന്തരമായ കഠിനാധ്വാനം ഉണ്ടെങ്കിൽ മാത്രമേ വിജയിക്കാൻ കഴിയൂവെന്ന് അനീഷ് പറയുന്നു. വ്യത്യസ്തമായ വിഡിയോകൾ ഗുണമേന്മയോടെ നൽകണം. എക്സ്ട്ര ഒാർഡിനറിയായി മാറേണ്ടിവരും, അനീഷിെൻറ വാക്കുകൾ. ഇൗ വർഷം ഒാൾ ഇന്ത്യ ബൈക്ക് ട്രിപ് പോകാനുള്ള പ്ലാനിലായിരുന്നു അനീഷ്. അതിനിടയിലാണ് കോവിഡും ലോക്ഡൗണുമെല്ലാം. എല്ലാം ശരിയായാൽ യാത്ര തുടങ്ങും. കൂടെ യാത്ര വിഡിയോകളും.
എം.എം. എബ്രഹാം^ഷീല എബ്രഹാം ദമ്പതികളുടെ മകനാണ് അനീഷ്. ബി.എസ്സി മൈക്രോ ബയോളജിക്കുശേഷം വെബ് ഡിസൈനിങ്ങും പഠിച്ചു. ബേക്കറി ആൻഡ് കിച്ചൻ എക്യുപ്മെൻറ്സ് ബിസിനസാണ് കുടുംബത്തിന്. ചാനൽ പ്രവർത്തനം ഇല്ലാത്ത സമയങ്ങളിൽ അനീഷും ബിസിനസിെൻറ ഭാഗമാകാറുണ്ട്. ജ്യേഷ്ഠൻ അജു എബ്രഹാം ഖത്തർ എയർവേഴ്സിൽ കാബിൻ ക്രൂ ആണ്.
യൂട്യൂബ് ചാനൽ എങ്ങനെ സുരക്ഷിതമാക്കാം?
ചാനൽ ഹാക്ക് ചെയ്താൽ
◆ഉടൻ ഫോർഗറ്റ് പാസ്വേഡ് കൊടുക്കുക. ചിലപ്പോൾ മെയിൽ െഎഡിയോ ഫോൺ വഴിയോ പാസ്വേഡ് മാറ്റി ചാനൽ ലഭിക്കാൻ സാധിക്കും.
◆യൂട്യൂബിനെ വിവരം അറിയിക്കുക. ക്രിയേറ്റർ സ്റ്റുഡിയോയിലെ ഹെൽപ് എന്ന സെക്ഷനിൽനിന്ന് മെയിൽ അയക്കാം. അല്ലെങ്കിൽ അവരുമായി ലൈവ് ചാറ്റ് ചെയ്യാം.
◆ചാനൽ തിരിച്ചുലഭിക്കാൻ യൂട്യൂബ് ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. അതിനാൽ, ആഡ്സെൻസിൽ പോയി പബ്ലിഷ് െഎ.ഡി സൂക്ഷിച്ചുവെക്കുക. ഇതോടൊപ്പം യൂട്യൂബ് ചാനൽ െഎഡിയും അറിയണം. യു.ആർ.എല്ലിലെ സ്ലാഷ് കഴിഞ്ഞിട്ടുള്ളതാണ് െഎഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.