ഉപയോക്താക്കൾ നേരിട്ട സുരക്ഷാവീഴ്ച്ച പരിഹരിക്കാൻ സാമൂഹ്യ മാധ്യമ ഭീമൻ ഫേസ്ബുക്ക് അവരുടെ ആപ്ലിക്കേഷൻ നവീകരിക്കാനൊരുങ്ങുന്നു. ഡാറ്റാ ചോർത്തൽ വിവാദത്തെ തുടർന്ന് ആഗോള തലത്തിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഫേസ്ബുക്ക് പുതിയ അപ്ഡേഷനിലൂടെ മികച്ച യൂസർ എക്സ്പീരിയൻസ് നൽകാനാണ് ഉദ്ദേശിക്കുന്നത്.
ഉപയോക്താക്കൾക്ക് കടന്നു ചെല്ലാൻ എളുപ്പമാകുന്ന തരത്തിൽ സെറ്റിങ്സ് മെനു പൂർണ്ണമായും റീഡിസൈൻ ചെയ്യുമെന്ന് ഫേസ്ബുക്ക് ഉറപ്പുനൽകുന്നു. 20 ഒാളം സ്ക്രീനുകളിലായി വ്യാപിച്ചു കിടക്കുന്ന മെനു പുതിയ അപ്ഡേഷനിലൂടെ ഒരുമിച്ച് കൊണ്ടുവരും. അതോടൊപ്പം കാലപ്പഴക്കം ചെന്ന സെറ്റിങ്സുകൾ നീക്കം ചെയ്യുകയും ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ടുള്ള സെറ്റിങ്സുകൾ കൂടുതൽ എളുപ്പമുള്ളതാക്കുകയും െചയ്യും.
‘പ്രൈവസി ഷോർട്കട്സ്’
സ്വന്തം വിവരങ്ങൾ സൂക്ഷിക്കുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യമിടുന്നത്. പ്രൈവസി സെറ്റിങ്സ് അടക്കമുള്ള സൗകര്യം കണ്ടെത്തുന്നതിന് ഉപയോക്താക്കൾ നിലവിൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിയാം. ആപ്ലിക്കേഷനുകൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ചെറുക്കാൻ ഉപയോക്താക്കൾക്ക് പ്രൈവസി സെറ്റിങ്സിൽ കൂടുതൽ നിയന്ത്രണം നൽകും. ഇതിനായി പുതിയ ‘പ്രൈവസി ഷോർട്കട്സ്’ മെനു അവതരിപ്പിക്കുമെന്നും ചീഫ് പ്രൈവസി ഒാഫീസറായ എറിൻ ഇൗഗൻ പറഞ്ഞു.
‘ആക്സസ് യുവർ ഇൻഫർമേഷൻ ടാബ്’
‘ആക്സസ് യുവർ ഇൻഫർമേഷൻ ടാബ്’ എന്ന പുതിയ ഒാപ്ഷൻ വഴി പോസ്റ്റുകൾ, പ്രതികരണങ്ങൾ, കമൻറുകൾ എന്നിവ സുരക്ഷിതമായി നിയന്ത്രിക്കാം. ഉപയോക്താക്കളുടെ ടൈംലൈനിൽ നിന്നും എന്തും എളുപ്പം നീക്കം ചെയ്യാനും ഇൗ ടാബ് മുഖേന സാധിക്കും.
പരസ്യങ്ങളുടെ വരവ് നിയന്ത്രിക്കൽ, ടു ഫാക്ടർ ഒതൻറിക്കേഷൻ, സ്വകാര്യ വിവരങ്ങൾ ആരുമായി പങ്കുവെക്കാം എന്നതിലുള്ള നിയന്ത്രണം, തുടങ്ങിയ സുരക്ഷകളും ഫേസ്ബുക്ക് ഒരുക്കും.
‘സെക്യുവർ ഡൗൺലോഡ്’
ഫേസ്ബുക്കിൽ പങ്കുവെക്കപ്പെടുന്ന ഡാറ്റകൾ എളുപ്പം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമാണ് അടുത്തത്. ചിത്രങ്ങൾ, കോൺടാക്റ്റുകൾ, ടൈംലൈൻ പോസ്റ്റുകൾ തുടങ്ങിയവയുടെ സുരക്ഷിതമായ കോപി ഡൗൺലോഡ് െചയ്യുന്നതിനും അത് മറ്റ് സേവനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സെറ്റിങ്സ് അപ്ഡേഷനിലൂടെ കൊണ്ടുവരും.
ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നുവെന്നും അവ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നുമുള്ള വിവരങ്ങൾ വിശദീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വരുന്ന ആഴ്ചകളിൽ സേവനങ്ങളിൽ നവീകരണങ്ങൾ കൊണ്ടുവരും. വിവര ശേഖരണ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തും. മാറ്റങ്ങൾ എല്ലാം സുതാര്യമായിരിക്കും. വിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവകാശങ്ങൾ നേടിയെടുക്കുക എന്നതല്ല മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.