അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ ‘നമുക്ക് വഴി ചോദിച്ച് ചോദിച്ച് പോകാം’ എന്ന് മോഹൻലാൽ പറയുന്ന രംഗമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ആളുകൾ യാത്ര പോയിരുന്നത് ഇപ്രകാരം തന്നെയായിരുന്നു. ഇത്തരത്തിൽ വഴി ചോദിക്കുന്നവരോട് തെറ്റിച്ച് പറയുന്ന വിദ്വാൻമാരും ഏറെയാണ്. എന്നാൽ, ഗൂഗിൾ മാപ്പ് വന്നതോടെ ഈ പ്രശ്നത്തിനെല്ലാം വലിയൊരു അളവിൽ പരിഹാരമായി എന്ന് പറയാം. ലോകത്തിെൻറ ഏത് കോണിലേക്കുമുള്ള വഴി ഈ ആപ്പിൽ പരതിയാൽ കിട്ടും. മലയാളത്തിലടക്കം സ്ത്രീ ശബ്ദത്തിൽ വഴി പറഞ്ഞുതരുന്ന സംവിധാനവും ഏറെ ഉപകാരപ്രദമാണ്.
എന്നാൽ, ഇനി ഗൂഗിൾ മാപ്പിൽ വഴിപറഞ്ഞുതരാൻ ബോളിവുഡ് താരം അമിതാഭ് ബച്ചൻ വരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഗുഗിൾ മാപ്പ്സ് ഇന്ത്യ അധികൃതർ നാവിഗേഷൻ സംവിധാനത്തിന് ശബ്ദം നൽകാൻ സാക്ഷാൽ ബച്ചനെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം, നിലവിൽ ഇദ്ദേഹം ഗൂഗിളുമായി കരാർ ഒപ്പിട്ടിട്ടില്ല. കരാറുവെച്ച് കഴിഞ്ഞാൽ അദ്ദേഹം വീട്ടിൽനിന്ന് ശബ്ദം നൽകി അയച്ചുകൊടുക്കുമെന്നാണ് വിവരം. ലഗാനടക്കമുള്ള പല സിനിമകൾക്കും ആഖ്യാതം നൽകിയിട്ടുള്ള ബച്ചൻ മികച്ച ശബ്ദത്തിെൻറ ഉടമകൂടിയായാണ് അറിയപ്പെടുന്നത്.
ഇത് ആദ്യമായല്ല ഗൂഗിൾ മാപ്പ് വ്യത്യസ്ത ശബ്ദംതേടി ബോളിവുഡിന് പിന്നാലെ പോകുന്നത്. 2018ൽ ആമിർ ഖാനുമായി സഹകരിച്ച് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിൽ നിന്നുള്ള ഫിറംഗി എന്ന കഥാപാത്രം ഉപയോഗിച്ചിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ഗൂഗിൾ മാപ്പ് പുതുതായി ഒരുപാട് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ തിങ്ങിനിറഞ്ഞ റോഡുകൾ, കോവിഡ് പരിശോധന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.