ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് കൊറോണ കവച് എന്ന പേരിൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വൈറസ് ബാധിച്ചവരെ മാത്രമല്ല അവരുമായി അടുത്തിടപഴകിയവരെയും പുതിയ ആപ്പ് ട്രാക് ചെയ്ത് പിടിക്കുമെന്നാണ് അവകാശവാദം.
കൊറോണ കവചിന്റെ ബീറ്റാ വേർഷൻ ആൻഡ്രോയ്ഡ് ഫോണുകൾക്കായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
ജി.പി.എസ് സംവിധാനം ഉപയോഗിച്ചായിരിക്കും ആപ്പ് പ്രവർത്തിക്കുക. ആപ്പ് ഡൗൺലോഡ് ചെയ്ത ആരെങ്കിലും കോവിഡ് 19 ബാധിച്ച ആൾ പോയ സ്ഥലത്ത് പോവുകയാണെങ്കിൽ ആപ്പ് ഒരു അലേർട്ട് നൽകും. ഇതുകൂടാതെ ഉപയോഗിക്കുന്നയാളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും കൊറോണ കവചിലുണ്ട്.
പച്ച, ബ്രൗൺ, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള സൂചകങ്ങൾ ഉപയോഗിച്ചായിരിക്കും ഉപയോക്താക്കളുടെ ആരോഗ്യസ്ഥിതി ആപ്പ് അളക്കുക. നമ്മൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് പച്ച സൂചകം കാണിച്ചുതരികയാണെങ്കിൽ പൂർണ്ണ ആരോഗ്യവാനെന്ന് അർഥം. തവിട്ട് നിറമാണെങ്കിൽ ഡോക്ടറെ കാണണമെന്നും മഞ്ഞയാണെങ്കിൽ എത്രയും പെട്ടന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും അർഥമാക്കുന്നു. ഇനി ചുവപ്പാണ് കൊറോണ കവച് സൂചിപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക് കോവിഡ് 19 ബാധിച്ചുവെന്നും ഉറപ്പാക്കാം.
അതേസമയം, കേന്ദ്ര മന്ത്രാലയം പുറത്തുവിട്ടതാണെങ്കിലും ആപ്പിന്റെ പ്രൈവസി പോളിസി വ്യക്തമാകാത്ത വിധത്തിലാണ് നൽകിയിരിക്കുന്നത്. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ലെങ്കിൽ ആപ്പ് നിങ്ങളുടെ ഫോണിന്റെ ജി.പി.എസ് സംവിധാനം ഉപയോഗിക്കില്ലെന്ന് മാത്രമാണ് നൽകിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കാൻ ഉപയോക്താവിന്റെ ഫോൺ നമ്പറും ആവശ്യപ്പെടുന്നുണ്ട്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും മികച്ച രണ്ട് മാധ്യമങ്ങൾ നിലവിൽ - https://www.covid19india.org/ എന്ന സൈറ്റും വേൾഡ് ഹെൽത്ത് ഒാർഗനൈസേഷെൻറ ആപ്പുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.