ന്യൂഡൽഹി: ഇസ്രായേൽ ഏജൻസിയുടെ ചാരപ്പണിയെക്കുറിച്ച് അഞ്ചു മാസം മുേമ്പ കേന്ദ്രസർ ക്കാറിനെ അറിയിച്ചുവെന്ന് വാട്സ്ആപ്പിെൻറ വെളിപ്പെടുത്തൽ. പെഗാസസ് സോഫ്റ്റ്വെയർ ഇന്ത്യക്കാരിൽ ചിലരുടെ മൊബൈൽ ഫോണിൽനിന്ന് വിവരം ചോർത്തിയ കാര്യം വാട്സ്ആപ് യഥാസമയം അറിയിച്ചില്ലെന്ന കേന്ദ്രത്തിെൻറ കുറ്റപ്പെടുത്തലിനിടെയാണിത്.
കഴിഞ്ഞ മേയിൽ തന്നെ ചാരപ്പണി സംബന്ധിച്ച വിവരം സൈബർ കുറ്റങ്ങളുടെ നിരീക്ഷകരായ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനെ (സെർട്ട്-ഇൻ) അറിയിച്ചുവെന്നാണ് വാട്സ്ആപ് വിശദീകരിക്കുന്നത്. ഇക്കാര്യം കാണിച്ച് വാട്സ്ആപ് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ, അർഹിക്കുന്ന ഗൗരവത്തോടെ, വ്യക്തമായി കാര്യങ്ങൾ പറഞ്ഞില്ലെന്നും ചില മുന്നറിയിപ്പുകൾ നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ബന്ധപ്പെട്ടവരുടെ ന്യായീകരണം.
ഇന്ത്യൻ അധികൃതരെ മുൻകൂട്ടി അറിയിച്ചതിെൻറ ഇ-മെയിൽ രേഖകൾ വാട്സ്ആപ് വഴി പുറത്തായിട്ടുണ്ട്. ഗുരുതര സ്വഭാവത്തിലുള്ള സൈബർ ആക്രമണമെന്ന് അതിൽ പറയുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവർ അവഗണിച്ചുവെന്നാണ് വാട്സ്ആപ് ഇതിലൂടെ സമർഥിക്കുന്നത്. എന്നാൽ, വാട്സ്ആപ് അധികൃതർ രണ്ടുവട്ടം ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനെ കണ്ടപ്പോഴും ഇത്തരമൊരു കാര്യം പരാമർശിച്ചില്ല എന്നതാണ് സർക്കാറിെൻറ മറ്റൊരു അനൗദ്യോഗിക വിശദീകരണം.
വാട്സ്ആപ്പും കേന്ദ്രസർക്കാറും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയിൽ, ആരാണ് ചാരപ്പണിക്ക് നിർദേശിച്ചതെന്ന കാതലായ ചോദ്യം മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുറ്റപ്പെടുത്തി. തെൻറ ഫോൺ ചോർത്തുന്നുണ്ടെന്ന ആരോപണം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചു.
സൈബർ കുറ്റകൃത്യത്തിനെതിരെ ക്രിമിനൽ അന്വേഷണം വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂേറാ ആശ്യപ്പെട്ടു. പെഗാസസ് സോഫ്റ്റ്വെയർ സി.ബി.ഐ, റോ തുടങ്ങിയ ഏജൻസികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്ന് പി.ബി അഭിപ്രായപ്പെട്ടു. ചാരപ്പണിക്ക് ആരാണ് ഏർപ്പാടുചെയ്തതെന്ന വിവരം സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
വക്കീലിെൻറ ഫോണിൽ വാട്സ്ആപ് ചാരപ്പണി
ഹൈദരാബാദ്: ഇസ്രായേൽ ചാരവൃത്തി സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ് പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വാട്സ്ആപ്പിലൂടെ ചാരപ്പണി നടത്തിയതിൽ ഇരയായവരിൽ ഒരാൾ ഹൈദരാബാദിൽ മനുഷ്യാവകാശ പ്രവർത്തകനായ അഭിഭാഷകൻ.
രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഭല്ല രവീന്ദ്രനാഥിെൻറ ഫോണാണ് ചോർത്തിയത്. പൊതുപ്രവർത്തകർ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവരുടേതടക്കം 1400 ഫോണുകളിലെ വിവരങ്ങൾ ചോർത്തിയെന്ന വിവരം വാട്സ്ആപ് തന്നെ വെളിപ്പെടുത്തിയത് വാർത്തയായതോടെയാണ് അഭിഭാഷകൻ ഇക്കാര്യം അറിഞ്ഞത്. ഒക്ടോബർ ഏഴുമുതൽ അജ്ഞാത അന്താരാഷ്ട്ര നമ്പറിൽനിന്ന് നിരന്തരം സന്ദേശങ്ങളും പിന്നീട് വിളികളും എത്തിയിരുന്നെങ്കിലും അത് വകവെച്ചിരുന്നില്ലെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.
ഒക്ടോബർ 29ന് വാട്സ്ആപ് അയച്ച ഔദ്യോഗിക സന്ദേശത്തിനും കാര്യമായ വില കൊടുത്തില്ല. പിന്നീട് ചാരപ്പണിക്കെതിരെ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ അമേരിക്കയിലെ ഫെഡറൽ കോടതിയിൽ നിയമനടപടിക്ക് ഒരുങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് തെൻറ ഫോൺ ഹാക് ചെയ്തിരുന്നതായി വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. മാവോവാദി ആശയങ്ങൾ നഗരപ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നയാളാണ് അഭിഭാഷകൻ എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇക്കാര്യം തള്ളിയ രവീന്ദ്രനാഥ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്നയാളാണെന്ന് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.