ന്യൂഡൽഹി: മൊബൈലുകളും ആപ്പുകളും ബ്രൗസറുകളുമെല്ലാം ടെലികോം പൈപ്പിലെ ‘ടാപ്പുകൾ’ പോലെയാണെന്നും അതിനാൽ ടെലികോം ഒാപറേറ്റർമാർക്കുള്ള എല്ലാ നിയമങ്ങളും അവയും പാലിക്കണമെന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറ്റി ഒാഫ് ഇന്ത്യ) മേധാവി ആർ.എസ്. ശർമ. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മഴവിൽ ഡാറ്റ സംരക്ഷണ നിയമം വരുന്നതുവരെ ടെലികോം ഒാപറേറ്റർമാർക്കുള്ള നിയമം എല്ലാവർക്കും ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും അവയുടെ ചുമതലക്കാർ മാത്രമാണെന്നും വ്യക്തികളാണ് വ്യക്തിഗത വിവരങ്ങളുടെ ഉടമകളെന്നും ട്രായ് ടെലികോം വകുപ്പിന് കഴിഞ്ഞ ദിവസം നൽകിയ ശിപാർശയിൽ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൗതിക ലോകത്തും ഡിജിറ്റൽ ലോകത്തും ഉടമസ്ഥത, കൈവശംവെക്കൽ തുടങ്ങിയ ആശയങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് ശർമ വ്യക്തമാക്കിയത്.
വിവരങ്ങളെ അനന്തമായി വിഭജിക്കാനാവും അതിന് നാശംവരാതെ. ഒരേസമയം, ഒന്നിലധികം പേർക്ക് ഒരേ വിവരങ്ങൾ കൈവശം വെക്കാനാവും. അവിടെ ഉടമസ്ഥത അവ്യക്തമാണ്. വിവരം ആര് നിയന്ത്രിക്കുന്നത് എന്നതാണ് പ്രധാനം. ഉപയോക്താണ് വിവരത്തിെൻറ പ്രാഥമിക നിയന്ത്രണക്കാരനും ഉടമസ്ഥനും എന്നാണ് തങ്ങളുടെ പക്ഷം. ഈ സംവിധാനത്തിലെ മറ്റുള്ളവരെല്ലാം വിവരം കൈകാര്യം ചെയ്യുന്നവർ മാത്രമാണ് -ശർമ പറഞ്ഞു. നിലവിലെ ടെലികോം ഉപയോക്താക്കളുടെ വിവര സംരക്ഷണ നിയമം പര്യാപ്തമല്ലെന്നും വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഡിജിറ്റൽ സംവിധാനത്തിലെ എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുന്ന നിയമം കൊണ്ടുവരണമെന്നും തിങ്കളാഴ്ച ട്രായ് ശിപാർശ ചെയ്തിരുന്നു.
സാങ്കേതിക ഭീമന്മാരായ ആപ്പിൾ, ഫേസ്ബുക്ക്, പേ ടി.എം പോലുള്ള ആപ്പുകൾ തുടങ്ങിയവയെ എല്ലാം ബാധിക്കുന്നതാണ് ഈ ട്രായ് ശിപാർശകൾ എന്നാണ് കരുതപ്പെടുന്നത്. വിദേശ വിപണികളിൽ വ്യക്തിഗത വിവരസംരക്ഷണ നിയമങ്ങൾ പാലിക്കുന്ന ആഗോള ഭീമന്മാർ ട്രായ് ശിപാർശകളെ എതിർക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശർമ പറഞ്ഞു.
വിവരശേഖരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് അവക്കുമേൽ ഒരു അവകാശവുമില്ലെന്നാണ് സ്വകാര്യതയുമായി ബന്ധപ്പെട്ട് ട്രായ് ശിപാർശ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.