ഫോര്‍ജി സ്മാര്‍ട്ട് വാച്ചുമായി സാംസങ്

ബാറ്ററി പൊട്ടിത്തെറിക്കുന്ന നോട്ട് 7 സമ്മാനിച്ച കച്ചവട തകര്‍ച്ചയില്‍നിന്ന് പലവഴിയിലൂടെ കരകയറാന്‍ ശ്രമിക്കുകയാണ് സാംസങ്. ഇപ്പോഴും അത്ര നല്ല നിലയല്ല വിപണിയില്‍ സാംസങ്ങിനുള്ളത്. ഗ്യാലക്സി പരമ്പരയെ കൈവിട്ട് ജെ, ഓണ്‍ പരമ്പരകളെ ഒപ്പംനിര്‍ത്തി മുന്നേറാനാണ് ശ്രമം. ഇതിനിടെ ഗിയര്‍ എസ് 3 സ്മാര്‍ട്ട്വാച്ചും ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. സാംസങ്ങിന്‍െറ സ്വന്തം ടിസന്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഗിയര്‍ എസ് 2വിന്‍െറ പിന്‍ഗാമിയാണിത്. മൂന്നാമനും ജീവനേകുന്നത് ടിസന്‍ തന്നെയാണ്.

ജനുവരി 18 മുതല്‍ വാങ്ങാന്‍ കിട്ടുന്ന ഇതിന് 28,500 രൂപയാണ് വില. ഫ്രണ്ടിയര്‍, ക്ളാസിക് എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യം. ഇതില്‍ ഫ്രണ്ടിയര്‍ മോഡല്‍ കൂടുതല്‍ പരുക്കന്‍ രൂപമാണ്.

ടെക്സ്ചേര്‍ഡ് ബട്ടന്‍, ഇരുണ്ട മാറ്റ് ഫിനിഷ് എന്നിവയാണ് പ്രത്യേകത. എന്നാല്‍, ക്ളാസിക്കിന് പരിഷ്കൃത രൂപമാണ്. വൃത്താകൃതിയിലുള്ള ഡയല്‍, തിരിക്കാവുന്ന ഫ്രെയിം എന്നിവയാണ് പ്രത്യേകതകള്‍. കാളെടുക്കാനും അലാം ഓഫാക്കാനും സ്ക്രീനില്‍ തൊടാതെ ഈ ഫ്രെയിം തിരിച്ചാല്‍ മതിയാകും. ഉയര്‍ന്ന ഗ്രേഡിലുള്ള സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് കെയ്സ് നിര്‍മാണം.

സെല്ലുലര്‍ റേഡിയോ ചിപ്പ് ഉള്ളതിനാല്‍ നേരിട്ട് ഫോര്‍ജി എല്‍.ടി.ഇ കണക്ടിവിറ്റി സൗകര്യം ഫ്രണ്ടിയര്‍ മോഡലിലുണ്ട്. ഇതിന് സ്മാര്‍ട്ട്ഫോണുകളുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. മിലിട്ടറി നിലവാരത്തില്‍ പൊടി, വെള്ളം, ആഘാതം എന്നിവയെ ചെറുക്കാനുള്ള ശേഷിയുണ്ട്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് മുതലും ഐഫോണ്‍ 5 മുതലും ഉള്ള ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗിയര്‍ എസ് 2, എസ് 3 സ്മാര്‍ട്ട്വാച്ചുകള്‍ ഐഫോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാംസങ് ഗിയര്‍ എസ് ആപ് പുറത്തിറക്കിയിട്ടുണ്ട്.

360x360 പിക്സല്‍ റെസലൂഷനുള്ള എപ്പോഴും ഓണായ 1.3 ഇഞ്ച് ഡിസ്പ്ളേ, ഗൊറില്ല ഗ്ളാസ് എസ്.ആര്‍.പ്ളസ് സംരക്ഷണം, 768 എം.ബി റാം, നാല് ജി.ബി ഇന്‍േറനല്‍ മെമ്മറി, ജി.പി.എസ്, ഒരു ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, ബ്ളൂടൂത്ത് 4.2, വൈ ഫൈ, എന്‍.എഫ്.സി, രണ്ടുദിവസം ചാര്‍ജ് നില്‍ക്കുന്ന വയര്‍ലെസ് ചാര്‍ജിങ്ങുള്ള 380 എം.എ.എച്ച് ബാറ്ററി, 59 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

 

Tags:    
News Summary - samsung with 4g smart watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.