ബീജിങ്: ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമിക്കെതിരെ വീണ്ടും സുരക്ഷാ വീഴ്ച ആരോപിച്ച് സെക്യൂരിറ്റി ഗവേഷകർ രംഗത്ത്. മാർക്കറ്റ് ഷെയറിൽ ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിലുള്ള കമ്പനിയായ ഷവോമിയുടെ ഫോണുകളിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ആലിബാബ ഹോസ്റ്റ് ചെയ്യുന്ന വിദൂര സെർവറുകളിലേക്ക് കൈമാറുന്നതിനുള്ള പഴുതുകൾ നൽകിയിട്ടുണ്ടെന്ന് ഗവേഷകർ ആരോപിക്കുന്നു. ഫോർബ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
സുരക്ഷാ ഗവേഷകരായ ഗാബി സിർലിഗ്, ആൻഡ്ര്യൂ ടിയേർണി എന്നിവരാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഷവോമി മനഃപ്പൂർവ്വം അവരുടെ ഫോണുകളിലെ സോഫ്റ്റ്വെയറിലുള്ള പഴുതുകൾ ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുകയാണെന്ന് അവർ ആരോപിക്കുന്നു. താൻ ഉപയോഗിക്കുന്ന റെഡ്മി നോട്ട് 8 എന്ന ഫോണിൽ മാത്രമല്ല ഇത്തരം സുരക്ഷാ വീഴ്ചയെന്നും എല്ലാ ഫോണുകളിലും സമാന പഴുതുകൾ ഉണ്ടായേക്കാമെന്നും ഗാബി സിർലിഗ് പറഞ്ഞു.
മറ്റ് ആപ്പുകൾക്കൊപ്പം എംെഎ സീരീസിലേയും റെഡ്മി സീരീസിലെയും ഡിഫോൾട്ട് ബ്രൗസറാണ് പ്രധാനമായും വിവരങ്ങൾ ചോർത്തുന്നതത്രേ. വെബ് ഹിസ്റ്ററിയടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ ബ്രൗസ് ചെയ്യാനുള്ള സംവിധാനമായ ‘ഇൻകോഗ്നിറ്റോ’മോഡ് ആക്ടിവേറ്റ് ചെയ്താൽ പോലും വിവരച്ചോർച്ചയുണ്ടെന്നാണ് സൂചന.
അതേസമയം, സുരക്ഷാ ഗവേഷകരുടെ ആരോപണം ഷവോമി തള്ളി. ചില അജ്ഞാത ബ്രൗസിങ് വിവരങ്ങൾ തങ്ങൾ ട്രാക് ചെയ്യുന്നുണ്ടെങ്കിലും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.
ഷവോമിയുടെ ബ്രൗസർ ഉപയോഗിച്ച് യൂസർമാർ ഇൻറർനെറ്റിൽ വിരാജിക്കുന്നതെല്ലാം ആലിബാബയുടെ സർവറിലേക്ക് നിരന്തരം കൈമാറുന്നുണ്ടെന്നാണ് ആരോപണം. ഗൂഗ്ൾ, മികച്ച സുരക്ഷാ സംവിധാനമുള്ള ഡക് ഡക് ഗോ തുടങ്ങിയ സെർച്ച് എൻജിനുകളിൽ സെർച്ച് ചെയ്യുന്നതും ഇത്തരത്തിൽ ട്രാക് ചെയ്യപ്പെടുന്നുണ്ട്. ഏതൊക്കെ ഫോൾഡറുകൾ തുറക്കുന്നു, എത്രതവണ സ്ക്രീൻ സ്വൈപ് ചെയ്യുന്നു, സ്റ്റാറ്റ്സ് ബാറിൽ എന്തൊക്കെ അപ്ഡേറ്റ് ആവുന്നു, തുടങ്ങിയ സകല വിവരങ്ങളും സിംഗപ്പൂരിലും റഷ്യയിലുമുള്ള സെർവറുകളിലേക്കാണ് കൈമാറുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഷവോമിയുടെ ബ്രൗസറുകളായ ‘എംെഎ ബ്രൗസർ, മിൻറ് ബ്രൗസർ എന്നിവയിലും സമാന സുരക്ഷാ വീഴ്ച്ചയുള്ളതായി ഗവേഷകർ വ്യക്തമാക്കി. ഒന്നരക്കോടി ആളുകൾ ഡൗൺലോഡ് ചെയ്ത രണ്ട് ബ്രൗസറുകളും നിരന്തരം സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.