കോഴിക്കോട്: കേബ്ൾ ടി.വി, ഡി.ടി.എച്ച് ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിപ്പിലാണ്. ട െലിവിഷൻ ചാനലുകളുടെ വരിസംഖ്യ നിരക്കിൽ ടെലികോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) ഏർപ്പെടുത്തിയ പുതിയ നിയന്ത്രണ ചട്ടം ശനിയാഴ്ച നിലവിൽ വരാനിരിക്കെയാണ് ഈ കാ ത്തിരിപ്പ്. നിരക്ക് കുറയുമെന്ന് ട്രായ് ഉറപ്പിച്ചുപറയുമ്പോൾ നിലവിൽ കാണുന്ന ചാനലുകൾ വീണ്ടും ലഭിക്കാൻ കൂടുതൽ പണം മുടക്കേണ്ടിവരുമെന്നാണ് കേബ്ൾ ടി.വി-ഡി.ടി.എച്ച് കമ്പനികളുടെ നിലപാട്. പാക്കേജുകളിലും പ്രതിമാസ നിരക്കുകളിലും കള്ളക്കളിയുണ്ടാവില്ലെന്നത് ഉപയോക്താക്കൾക്ക് നേട്ടമാവും. പുതിയ ചട്ടം വരുന്നതോടെ ചാനലുകൾ കിട്ടാതാകുെമന്ന പ്രചാരണം ട്രായ് തള്ളിക്കളഞ്ഞിട്ടുമുണ്ട്.100 സൗജന്യ ചാനലുകൾ നികുതി ഉൾപ്പെടാതെ 130 രൂപക്ക് നൽകണമെന്നതാണ് ട്രായിയുടെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിൽ 24 ചാനലുകൾ പ്രസാർ ഭാരതിയുടേതാണ്. കൂടുതൽ ആവശ്യമാണെങ്കിൽ 25 ചാനലിന് 20 രൂപ എന്ന രീതിയിൽ തിരഞ്ഞെടുക്കാം. കേരള ടെലിവിഷൻ ഫെഡറേഷൻ ഈ ആനുകൂല്യം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിൽ നൽകുന്നുണ്ട്.
പുതിയ നിയന്ത്രണം വരുന്നതോടെ പേചാനലുകളുടെ (പ്രത്യേകം പണം കൊടുക്കേണ്ടവ) എണ്ണം കൂടും. നിലവിൽ രാജ്യത്ത് 873 ചാനലുകളാണ് രജിസ്റ്റർ ചെയ്ത് സംപ്രേഷണം നടത്തുന്നത്. ഇതിൽ 541ഉം സൗജന്യമാണ്. 332 എണ്ണമാണ് പേ ചാനലുകൾ. മലയാളത്തിൽ 14 എണ്ണം പേ ചാനലുകളാണ്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്.ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ എച്ച്.ഡി, സൂര്യ മ്യൂസിക്, സൂര്യ മൂവീസ്, സൂര്യ കോമഡി, കൊച്ചു ടി.വി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്.ഡി, രാജ് ന്യൂസ് എന്നിവയാണ് അവ. ഒരു പേ ചാനലിെൻറ മാസവരിസംഖ്യ 19 രൂപയിൽ കൂടരുതെന്ന നിർദേശം ഉപയോക്താവിന് ഗുണകരമാകുമെങ്കിലും കേബ്ൾ ഓപറേറ്റർമാരും ഡി.ടി.എച്ച് കമ്പനികളും നിരക്കുകളും പാക്കേജുകളും പ്രഖ്യാപിച്ചാലേ പൂർണ ചിത്രം വ്യക്തമാകൂ.
വൻ തുക ഈടാക്കിയിരുന്ന സ്പോർട്സ് നെറ്റ്വർക്കുകൾ നിരക്ക് കുറച്ചിട്ടുണ്ട്. 90 രൂപ വരെ ഓരോന്നിനും വരിസംഖ്യയുണ്ടായിരുന്ന സ്റ്റാർ സ്പോർട്സിെൻറ ചാനലുകൾക്ക് പരമാവധി 19 രൂപ നൽകിയാൽ മതി. സോണി-ഇ.എസ്.പി.എന്നിന് അഞ്ചും ടെൻ വണിന് 19ഉം ടെൻ ടുവിന് 15ഉം ടെൻ ത്രീക്ക് 17ഉം രൂപ കൊടുത്താൽ മതി. വമ്പൻ നെറ്റ്വർക്കുകളുടെ പ്രത്യേക പാക്കേജിനും (ബൊക്കെ) തുക തീരുമാനിച്ചിട്ടുണ്ട്. സ്റ്റാർ നെറ്റ്വർക്കിെൻറ മുഴുവൻ ചാനലുകൾക്കും 287 രൂപയാണ് പ്രതിമാസ വരിസംഖ്യ. ഏഷ്യാനെറ്റടക്കമുള്ള സ്റ്റാർ മലയാളത്തിന് 39 രൂപയാണ്. കേബ്ൾ ഓപറേറ്റർമാരും ഡി.ടി.എച്ച് കമ്പനികളും ശനിയാഴ്ചക്കുമുമ്പ് പാക്കേജ് നിരക്കുകൾ പ്രഖ്യാപിക്കണം. ടാറ്റാ സ്കൈക്ക് ജനുവരി 10 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുക്കുന്നതിനാൽ നിരക്ക് കുറയുമെന്നാണ് ട്രായ് അധികൃതരുടെ പക്ഷം. ചാനലുകൾ കേബ്ൾ ടി.വി, ഡി.ടി.എച്ച് നെറ്റ്വർക്കുകളിൽ ഉൾപ്പെടുത്താനുള്ള കാര്യേജ് ഫീസും ശനിയാഴ്ച മുതൽ കുറയും. ജനപ്രീതി കുറഞ്ഞ ചാനലുകൾ കേബ്ൾ ടി.വി, ഡി.ടി.എച്ച് നെറ്റ്വർക്കുകളിൽനിന്ന് പുറത്താകാനുമിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.