ടോക്യോ: ഒളിമ്പിക്സ് പുരുഷ ഫുട്ബാൾ ഫൈനലിൽ ലാറ്റിനമേരിക്ക-യൂറോപ്പ് ഏറ്റുമുട്ടൽ. സെമിഫൈനലിൽ മെക്സികോയെ ഷൂട്ടൗട്ടിൽ തോൽപിച്ച് ബ്രസീലും, ആതിഥേയരായ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് സ്പെയിനും ഫൈനലിൽ പ്രവേശിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ, ഗോൾ രഹിത നിശ്ചിത-അധിക സമയത്തിനു ശേഷം ഷൂട്ടൗട്ടിലാണ് മെക്സികോയെ മറികടന്നത്. ഡാനി ആൽവേസിെൻറ നേതൃത്വത്തിലിറങ്ങിയ മഞ്ഞപ്പടയ്ക്ക് മെക്സികോ കനത്ത എതിരാളിയായിരുന്നു.
അവരുടെ സീനിയർ ഗോൾ കീപ്പർ ഗില്ലേർമോ ഒചാവോയുടെ മാസ്മരികതക്കു മുന്നിൽ കാനറിപ്പടയുടെ എവർട്ടൻ സൂപ്പർ സ്ട്രൈക്കറായ റിച്ചാർലിസണും സഹമുന്നേറ്റക്കാർക്കും ഒന്നും ചെയ്യാനായില്ല. നിശ്ചിത സമയവും അധികസമയവും ഇരു പോസ്റ്റുകളും കുലുക്കമില്ലാതെ തുടർന്നതോടെയാണ് വിധി നിർണയം ഷൂട്ടൗട്ടിലെത്തിയത്. എന്നാൽ, ഷൂട്ടൗട്ടിൽ ബ്രസീലിയൻ താരങ്ങൾ ഒച്ചാവോയെ മനോഹരമായി മറികടന്നു. ആദ്യ കിക്കെടുത്ത ക്യാപ്റ്റൻ ഡാനി ആൽവേസ് പന്ത് വലയിലെത്തിച്ച് മികച്ച തുടക്കം നൽകി. ഡാനി നൽകിയ പോസിറ്റിവ് എനർജിയിൽ ബ്രസീൽ ഗോൾ കീപ്പർ സാേൻറാസ് മെക്സിക്കൻ താരങ്ങളുടെ ആദ്യ രണ്ട് കിക്കുകൾ തടുത്തിട്ടു. ആദ്യ കിക്കിനു പിന്നാലെ ഗബ്രിയേൽ മാർടിനൽ, ബ്രൂണോ ഗിമറേസ്, റിനിയർ എന്നിവർ ബ്രസീലിനായി ഗോളാക്കുകയും ചെയ്തു.
മൂന്ന് കിക്കെടുത്ത മെക്സികോ നിരക്ക് ലക്ഷ്യത്തിലെത്തിക്കാനായത് ഒരു ശ്രമം മാത്രം. ഇതോടെ 4-1െൻറ ഷൂട്ടൗട്ട് ജയത്തോടെ കരുത്തരായ കാനറിപ്പട തുടർച്ചയായ രണ്ടാം തവണയും ഫൈനൽ പോരിന്.
അധികസമയം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആതിഥേയരായ ജപ്പാനെ സ്പാനിഷ് പട തോൽപിച്ചത്. പകരക്കാരനായി ഇറങ്ങിയ റയൽ മഡ്രിഡ് താരം മാർകോ അസെൻസിയോ 115ാം മിനിറ്റിൽ നേടിയ ഗോളിൽ ആതിഥേയരുടെ സ്വപ്നം അവസാനിച്ചു. 69 ശതമാനവും പന്തടക്കവുമായി കളിച്ച സ്പാനിഷ് പടയ്ക്കെതിരെ ജപ്പാൻ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇതു നാലാം തവണയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുക്കുന്നത്. 1992ൽ ചാമ്പ്യൻമാരായ സ്പെയിൻ 1920ലും 2000ത്തിലും വെള്ളി നേടി.
വനിത ഫൈനലിൽ സ്വീഡനും കാനഡയും തമ്മിലാണ് പോര്. വെള്ളി, ശനി ദിവസങ്ങളിലാണ് വനിത, പുരുഷ പോരാട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.