അവസരങ്ങളുണ്ടായിരുന്നു, എന്നിട്ടും യൂറോപിൽ കളി നിർത്തിയതാണെന്ന് ക്രിസ്റ്റ്യാനോ

വിവാദ അഭിമുഖം നടത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സൗദി ക്ലബായ അൽനസ്റിൽ ചേർന്നതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾക്കു കണ്ണിലെ കരടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്റെ പ്രതാപകാലം കഴിഞ്ഞതാണെന്നും യൂറോപ്യൻ ക്ലബുകളൊന്നും സ്വീകരിക്കാ​തെ വ​ന്നതോടെ നാടുവിടേണ്ടിവന്നതാണെന്നുമുള്ള നിരന്തര വാർത്തകൾ. എന്നാൽ, തനിക്കും ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കുന്നു പോർച്ചുഗൽ സൂപർ താരം.

ബ്രസീൽ, ആസ്ട്രേലിയ, യു.എസ്, പോർചുഗൽ എന്നിവിടങ്ങളിൽനിന്നൊക്കെയും ഓഫറുകൾ വന്നതാണെന്നും അൽനസ്ർ ക്ലബിന് വാക്കുനൽകിപ്പോയതിനാൽ പരിഗണിക്കാതിരുന്നതാണെന്നും താരം പറഞ്ഞു.

‘‘എല്ലാം ഞാൻ നേടിയിട്ടുണ്ട്. യൂറോപിലെ ഏറ്റവും പ്രമുഖമായ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇനി ഏഷ്യയിൽ പുതിയ വെല്ലുവിളി നേരിടാമെന്നു വെച്ചു’’- ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.

‘‘മറ്റാർക്കുമറിയില്ലായിരിക്കാം, ഇനി ഞാൻ തന്നെ പറയാം. യൂറോപിൽ നിരവധി അവസരങ്ങൾ മുന്നിൽ വന്നിരുന്നു. ബ്രസീൽ, ആസ്ട്രേലിയ, യു.എസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നൊക്കെയുള്ള ക്ലബുകൾ കരാറിലൊപ്പുവെക്കാൻ ശ്രമിച്ചിരുന്നു’’- പുതിയ ക്ലബിനൊപ്പമെത്തിയ ശേഷം നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിൽ താരം പറഞ്ഞു.

അഞ്ചു തവണ ബാലൺ ദി ഓർ പുരസ്കാര ജേതാവായ ക്രിസ്റ്റ്യാനോക്ക് പുതിയ ക്ലബിൽ വൻവ​രവേൽപാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊന്ന് തങ്ങൾക്കൊപ്പമെത്തുന്ന ആവേശത്തിലലിയാൻ വളരെ നേരത്തെ തന്നെ നിരവധി പേർ എത്തി.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാർ തുകക്ക് എത്തിയതിനെ ചൊല്ലിയുള്ള ചോദ്യങ്ങളെ അതേ നാണയത്തിൽ മറുപടി പറഞ്ഞാണ് താരം സ്വീകരിച്ചത്. ‘‘ഈ കരാർ സമാനതകളില്ലാത്തതാണെന്നറിയാം. എന്നാൽ, ഞാനും അതുപോലൊരു താരമാണ്. അതുകൊണ്ട് എനിക്കിത് സാധാരണ കരാർ മാത്രം. ഈ ലീഗ് കടുത്ത മത്സരമുള്ളതാണെന്നറിയാം. ബുധനാഴ്ചക്കു ശേഷം ഞാൻ ഇറങ്ങണമെന്ന് കോച്ച് കരുതുന്നുവെങ്കിൽ പുതിയ ജഴ്സിയിൽ അരങ്ങേറും. ഫുട്ബാൾ ഇനിയും തുടരാൻ ഞാൻ തയാറാണ്’’- 37കാരൻ പറഞ്ഞു.

വാർത്ത സമ്മേളനത്തിനു ശേഷം ആയിരക്കണക്കിന് ആരാധകർക്കൊപ്പം ക്ലബ് മൈതാനത്ത് പുതിയ അൽനസ്ർ കിറ്റുമായും താരം മാധ്യമങ്ങൾക്ക് മുന്നിൽനിന്നു. 

അതേ സമയം, ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിയ ടുണീഷ്യൻ താരം വിൻസെന്റ് അബൂബക്കർ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ പന്തുതട്ടുന്ന ക്ലബാണ് അൽനസ്ർ. സൗദി ​പ്രോ ലീഗിൽ നിരവധി തവണ ചാമ്പ്യന്മാരായിട്ടുണ്ട്. നിലവിൽ പോയിന്റ് നിലയിൽ ടീം ഒന്നാം സ്ഥാനത്താണ്. 

Tags:    
News Summary - Cristiano Ronaldo: New Al Nassr signing says work in Europe is done despite 'many opportunities'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.