ദിവസങ്ങൾ മുമ്പാണ് സോക്കർ ചരിത്രം കണ്ട ഏറ്റവും വലിയ കൈമാറ്റ തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽനസ്റിലെത്തുന്നത്. ലോകകപ്പിന് മുമ്പ് പിയേഴ്സ് മോർഗനുമായി വിവാദ അഭിമുഖം നടത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട താരം ഫ്രീ ട്രാൻസ്ഫറിലായിരുന്നു പശ്ചിമേഷ്യൻ ക്ലബിനൊപ്പം ചേർന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ക്രിസ്റ്റ്യാനോ യൂറോപ് വിട്ടത് അവസാന വഴിയെന്ന നിലക്കായിരുന്നോ? ഈ നിലക്കും ചർച്ചകൾ കൊഴുക്കുകയാണ്.
യുനൈറ്റഡിനെയും കോച്ച് ടെൻ ഹാഗിനെയും കടുത്ത വിമർശന മുനയിൽ നിർത്തി ഇതിഹാസ താരത്തിന്റെ പടിയിറക്കം പൊതുവെ യൂറോപ് അത്ര നല്ല കീഴ്വഴക്കമായല്ല കണ്ടിരുന്നത്. അതിനാൽ തന്നെ, 37 വയസ്സിനിടെ യൂറോപ്യൻ ലീഗുകളിൽ മാത്രം പന്തുതട്ടിയ ചരിത്രമുള്ള ക്രിസ്റ്റ്യാനോക്കു മുന്നിൽ മുൻനിര ക്ലബുകൾ വാതിലടച്ചതായി വാർത്തകൾവന്നു. പോർച്ചുഗലിലടക്കം ചില ക്ലബുകൾ താൽപര്യം കാണിക്കുന്നതായി റിപ്പോർട്ടുണ്ടായെങ്കിലും മുന്നോട്ടുപോയില്ല.
അനിശ്ചിതത്വം നിലനിൽക്കെ, ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോക്കു മുന്നിൽ ഒരു ഗോൾ തോൽവിയുമായി പോർച്ചുഗൽ മടങ്ങി വൈകാതെ താരം പരിശീലനത്തിന് റയൽ മൈതാനത്തിനിറങ്ങുന്നതും കണ്ടു. പ്രത്യേക സമ്മതം വാങ്ങിയായിരുന്നു വാൾഡെബിബാസിൽ പരിശീലനം. നീണ്ട കാലം പന്തുതട്ടി 2018 ഫെബ്രുവരിയിൽ റയൽ വിട്ട ക്രിസ്റ്റ്യാനോ എന്നെങ്കിലും ഇതേ മൈതാനത്ത് തിരിച്ചെത്താൻ ആഗ്രഹിച്ച പോലെയുള്ള തിരിച്ചുവരവ്. ക്ലബ് പക്ഷേ, ഇത് വെറും പരിശീലനം മാത്രമായി ഒതുങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണെത്തിയത്. പുതിയ ആരെയും അടിയന്തരമായി ടീമിലെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കാർലോ ആഞ്ചലോട്ടിയും നയം വ്യക്തമാക്കി.
റയലിലേക്ക് വിളികാത്തുനിന്ന് അത് സംഭവിക്കില്ലെന്ന് ഉറപ്പായതോടെ സൗദി ക്ലബിൽ ചേരുന്നതായി താരം പ്രഖ്യാപിക്കുകയായിരുന്നു. എന്തുവില കൊടുത്താലും രാജ്യത്ത് ഫുട്ബാളിന് ഗുണമാകുമെന്ന് കണ്ടായിരുന്നു അൽനസ്ർ റെക്കോഡ് തുക നൽകാൻ തയാറായത്. സൗദി ലീഗിൽ രണ്ടാമതുള്ള ക്ലബിന് അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ ഫോളവേഴ്സ് അനേക ഇരട്ടികളായി ഉയർന്നത്. കളത്തിലൂം ഇത് കാണിക്കാനാകുമെന്ന് ക്ലബ് വിശ്വസിക്കുന്നു.
ഇത് മനസ്സിലാക്കിയായിരുന്നു യുനൈറ്റഡ് വിട്ടെന്ന പ്രഖ്യാപനം വന്നയുടൻ താരത്തിന് വില പറഞ്ഞ് സൗദി ക്ലബ് രംഗത്തെത്തിയത്. പ്രതികരിക്കാതെ കാത്തുനിന്ന താരം ഏതുനിമിഷവും എത്തുമെന്ന് ഉടമകൾ ഉറപ്പിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ഇഷ്ട ജഴ്സി തന്നെ നൽകിയായിരുന്നു വരവേൽപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.