പ്രവാസിയായ നാസർ ഹുസൈനെ സംബന്ധിച്ച് ഓരോ റമദാനും വെല്ലുവിളികളെ കീഴടക്കാനുള്ള മാസം കൂടിയാണ്. നോമ്പിന്റെ ക്ഷീണത്തിൽ വിശ്രമിക്കാൻ അദ്ദേഹം ഇത്തവണയും ഒരുക്കമല്ല. കഴിഞ്ഞ തവണ നോമ്പിന്റെ 30 ദിവസവും 21 കിലോമീറ്റർ ഹാഫ് മാരത്തൺ ഓടി പൂർത്തിയാക്കിയെങ്കിൽ ഇത്തവണ റാസൽഖൈമയിലെ ജബൽ ജെയ്സിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മലനിരകളിൽ ഒന്നായി അറിയപ്പെടുന്ന സ്റ്റയർ വേ ടു ഹെവൻ കീഴടക്കിയിരിക്കുകയാണ് മലപ്പുറം മേലാറ്റൂർ സ്വദേശിയായ ഈ പ്രവാസി യുവാവ്.
ആറാമത്തെ നോമ്പ് തുടങ്ങിയ ശനിയാഴ്ച പുലർച്ച അത്താഴം കഴിഞ്ഞ് വാദി ലിത്തിബയിൽനിന്ന് 5.30നായിരുന്നു യാത്രയുടെ ആരംഭം. ഒമാൻ അതിർത്തി പങ്കിടുന്ന ‘സ്വർഗത്തിലേക്കുള്ള ചവിട്ടുപടികൾ’ എന്ന് വിശേഷിപ്പിക്കുന്ന മലനിരകൾ ഒരുകാലത്ത് കള്ളക്കടത്തുകാരുടെ മാത്രം നിഗൂഢമായ സഞ്ചാരപാതയായിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് ഒമാനിലേക്കും തിരിച്ച് യു.എ.ഇയിലേക്കും സാധനങ്ങൾ കടത്തിയിരുന്നത് ഇതുവഴിയാണ്.
അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഈ മലയിടുക്കുകളിലൂടെയുള്ള ഹൈക്കിങ് സാഹസിക സഞ്ചാരികൾക്ക് പോലും ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
1727 മീറ്ററാണ് മലയുടെ ആകെ ഉയരം. പുലർച്ച അൽപനേരം തണുത്ത കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയോടെ വെയിലിന് 30 മുതൽ 32 ഡിഗ്രിവരെ ചൂടേറിയിരുന്നു. പക്ഷേ, ലക്ഷ്യം ഭേദിക്കാൻ അതൊന്നും നാസർ ഹുസൈന് മുന്നിൽ തടസ്സങ്ങളായില്ല. ഒമാൻ വില്ലേജിലൂടെ കടന്ന് യു.എ.ഇ വില്ലേജിലെത്തുകയായിരുന്നു ലക്ഷ്യം. ഏഴു മണിക്കൂർ ഹൈക്കിങ്ങിനൊടുവിൽ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ വ്രതശുദ്ധിയുടെ ആത്മബലം കരുത്തായി അപ്പോഴും കൂട്ടിനുണ്ടായിരുന്നു. 11 മണിക്കൂറും 25 മിനിറ്റും എടുത്താണ് സാഹസിക യാത്ര പൂർത്തിയാക്കിയത്.
തിരികെ മഗ്രിബ് ബാങ്ക് വിളിക്കുമ്പോൾ റാസൽഖൈമയിലെ പുരാതനമായ പള്ളിയിൽ നോമ്പു തുറക്കുമ്പോൾ മറ്റൊരു വെല്ലുവിളികൂടി മറികടക്കാനായെന്ന ആത്മസംതൃപ്തിയിലായിരുന്നു ഇദ്ദേഹം. ഏറെ പരിശീലനമുള്ളവർക്ക് മാത്രമേ ഈ മലനിരകളിൽ ഹൈക്കിങ് പൂർത്തിയാക്കാനാവൂവെന്ന് ഓർമപ്പെടുത്തുന്നുണ്ട് നാസർ ഹുസൈൻ.
സാഹസികരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സിന്റെ അംഗം കൂടിയാണിദ്ദേഹം. 30 ദിവസം 30 മിനിറ്റ് ചലഞ്ചിന്റെ ആറാമത്തെ ദിവസത്തിന്റെ ഭാഗമായി കൂടിയായിരുന്നു ഈ സാഹസിക യാത്ര. വിശ്രമിക്കാനുള്ള മാസമല്ല റമദാൻ എന്ന് ഓർമപ്പെടുത്തുകയാണ് ഇതിലൂടെ നാസർ. മുമ്പും യു.എ.ഇയുടെ വിവിധ മലനിരകൾ കീഴടക്കിയിട്ടുണ്ട് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.