മിത്ര സതീഷും മകൻ നാരായണും

ഇച്ഛാശക്തി ഇന്ധനമാക്കി ഈ അമ്മയും മകനും താണ്ടിയത് 16,800 കിലോമീറ്റർ

''നിലാവിൽ, യമുനയുടെ കരയിൽ നക്ഷത്രമെണ്ണി കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു. എന്താ, ഗ്വാളി​യോറിലേക്ക് ​െവച്ചുപിടിക്കാൻ... എന്തിനാ, ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം...'' -ഇത്​ ആറാം തമ്പുരാനിൽ മോഹൻലാലി​െൻറ വെളിപാടാണെങ്കിൽ ആലപ്പുഴക്കാരി ഡോ. മിത്ര സതീഷിനും ഉണ്ടായി പുറപ്പെട്ടുപോകാനൊരു വെളിപാട്​. കോവിഡി​െൻറ ഒന്നാം തരംഗത്തി​െൻറ കാഠിന്യം അൽപമൊന്നു കുറഞ്ഞ സമയം.

കേരളത്തിൽ നിന്നൊരു അഖിലേന്ത്യ യാത്ര! അതിനെ വെറുമൊരു ആഗ്രഹം മാത്രമായി കാണാതെ ഇറങ്ങിത്തിരിച്ചു അവർ. മാർച്ച് 17ന് ത​െൻറ മാരുതി എസ്ക്രോസിൽ 11കാരൻ മകൻ നാരായണിനൊപ്പം യാത്ര തിരിക്കു​േമ്പാൾ പുതിയ അനുഭവങ്ങളും അറിവുകളും സ്വന്തമാക്കണമെന്ന സ്വപ്​നമായിരുന്നു മനസ്സു നിറയെ.


അതെ, ഇത് വെറും യാത്രാവിവരണമല്ല, ഒരു പെണ്ണി​െൻറ ഇച്ഛാശക്തിയുടെ കഥയാണ്. 51 ദിവസം മിത്ര സതീഷ് ത​െൻറ സ്വപ്നമായ ഒരു ദേശി ഡ്രൈവിൽ ജീവിച്ചു. 'ദേഖോ അപ്​നാ ദേശ്​' എന്ന ആപ്​തവാക്യവുമായി യാത്ര പുറപ്പെട്ട ഇവർ താണ്ടിയത്​ 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും​. പകൽ മാത്രമായിരുന്നു യാത്ര. 16,800 കിലോമീറ്റർ ഒറ്റക്ക് വണ്ടിയോടിച്ചു, മകനെയും ചേർത്തുപിടിച്ച്.

ആത്മവിശ്വാസം നൽകിയ ചെറുയാത്രകൾ

ഇന്ത്യ ചുറ്റിക്കാണണമെന്ന ചിന്ത മനസ്സിൽ നേരത്തെയുണ്ടെങ്കിലും ദൂരസ്ഥലങ്ങളിലേക്ക് ഒറ്റക്ക് യാത്രചെയ്ത് പരിചയമില്ലായിരുന്നു. അങ്ങനെ പരിചയക്കാരനായ ചാക്കോയുമായി ഇക്കാര്യം സംസാരിച്ചു. ടാറ്റ നാനോ കാറിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് ചാക്കോ​. കൊച്ചിയിൽനിന്ന് തിരുവനന്തപുരം വരെയും തിരിച്ച് കൊച്ചിയിലേക്കും ഒറ്റക്ക് കാറോടിച്ചുപോയി വരാനുള്ള കഴിവുണ്ടെങ്കിൽ ധൈര്യമായി ഇന്ത്യ ചുറ്റി കണ്ടോളൂ എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. പിന്നെ ഒന്നും നോക്കിയില്ല, ആലപ്പുഴ മുതൽ കൊച്ചി വരെ മാത്രം ഒറ്റക്ക്​ ഡ്രൈവ് ചെയ്തിരുന്ന മിത്ര സതീഷ് രണ്ടു മൂന്നു തവണ കാറെടുത്ത് തിരുവനന്തപുരത്തു പോയി വന്നു.


സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തുറന്നതോടെ സെപ്റ്റംബറിൽ കർണാടകയിലെ ഹംപിയിലേക്കും നവംബർ ആദ്യവാരം നീലഗിരിയിലേക്കും ഡ്രൈവ് ചെയ്തു. കൂടാതെ ഡിസംബറിൽ കൂർഗ്, ബേലൂർ, ഹലേബേഡു, മേലുക്കോടൈ റൂട്ടിൽ എട്ട് ദിവസത്തെ കർണാടക യാത്രയും ജനുവരിയിൽ വയനാട്, ഊട്ടി യാത്രയും സ്വന്തമായി ഡ്രൈവ് ചെയ്​തതോടെ ഇന്ത്യ യാത്രക്ക് പോകാനുള്ള ആത്മവിശ്വാസം കൈവന്നു.

യാത്രക്ക് മുന്നോടിയായി വർക്​ഷോപ്പിലും പരിശീലനം!

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മിത്രയും മകനും യാത്രക്ക് ഒരുങ്ങിയത്. സ്വന്തമായി വാഹനമോടിച്ച് പോകുമ്പോൾ യാത്രക്കിടെ വന്നുചേരാവുന്ന പ്രതിബന്ധങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം അവർക്കുണ്ടായിരുന്നു. അതിനായി മിത്രയും മകനും ഒരു വർക്​ഷോപ്പിൽ പോയി കാറിെൻറ ടയർ മാറ്റിയിടുന്നതും പഞ്ചറൊട്ടിക്കുന്നതുമെല്ലാം കണ്ട് മനസ്സിലാക്കി.


വെറുതെ കുറെ സ്ഥലങ്ങൾ കാണുകയെന്നതായിരുന്നില്ല അവരുടെ യാത്രയുടെ ഉദ്ദേശ്യം. ഓരോ സംസ്ഥാനങ്ങളിലെയും എന്തെങ്കിലും പ്രത്യേകതകളുള്ള ഗ്രാമങ്ങളും ഗ്രാമീണ ജീവിതവും അടുത്തറിയണം. അവരുടെ സംസ്കാരങ്ങളും പൈതൃകങ്ങളും മനസ്സിലാക്കണം. അതുകൊണ്ട് യാത്രക്ക് മുമ്പുതന്നെ ആഴത്തിലുള്ള ഗവേഷണം ഇക്കാര്യത്തിൽ നടത്തി.

താമസം, ഭക്ഷണം

ഓരോ സ്ഥലത്തും താമസത്തെക്കുറിച്ചും മറ്റും വ്യക്തമായ ധാരണ യാത്രക്കു മു​േമ്പ രൂപപ്പെടുത്തി. ഗ്രാമങ്ങളിലും ഹോം സ്​റ്റേകളിലും ഹോട്ടലുകളിലുമാണ് താമസിച്ചത്. സമൂഹമാധ്യമങ്ങളിലെ യാത്ര കൂട്ടായ്മകളിൽ സജീവമായതിനാൽ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുംസുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെ വീടുകളിലോ അവരുടെ സഹായത്താൽ ഒരുക്കിയ ഇടങ്ങളിലോ ആയിരുന്നു താമസിച്ചത്.


യാത്ര നാലാഴ്ച പിന്നിട്ടപ്പോഴേക്കും കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടു. അതോടെ സ്വന്തം സുരക്ഷയും സുഹൃത്തുക്കളുടെ സുരക്ഷയും പരിഗണിച്ച് തുടർന്നുള്ള മൂന്നാഴ്ച താമസം ഹോട്ടൽ മുറികളിലാക്കി. ഛത്തിസ്​ഗഢിലെ ബസ്തറിലാണ് ഏറ്റവും കൂടുതൽ ദിവസം തങ്ങിയതെന്ന് മിത്ര പറയുന്നു.

ബസ്തർ മാവോവാദി പ്രശ്നബാധിത പ്രദേശമാണെന്നും അവിടേക്ക് പോകരുതെന്നും പറഞ്ഞ് പലരും പിന്തിരിപ്പിച്ചിരുന്നു. എന്നാൽ, ബസ്തറിനെ കുറിച്ച് ജിനേന്ദ്ര എന്നയാളെഴുതിയ ഒരു ലേഖനമാണ് തന്നെ അവിടെ എത്തിച്ചത്. ആ നാടിനുവേണ്ടി പ്രവർത്തിക്കുന്ന 'അൺ എക്സ്പ്ലോഡ് ബസ്തർ' എന്ന എൻ.ജി.ഒയിലെ പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ബസ്തർ സുരക്ഷിതമാണെന്നാണ് ആ ലേഖനത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നത്. ലേഖനത്തിൽ നൽകിയ മെയിൽ ഐഡി വഴി അവരുമായി ബന്ധപ്പെട്ടു. തുടർന്ന് ബസ്തറിലെത്തിയ മിത്രയെയും മകനെയും ഗ്രാമങ്ങൾ കണ്ടെത്താനും മറ്റും അവരാണ് സഹായിച്ചത്.


യാത്രയിൽനിന്ന് കിട്ടിയ സൗഹൃദങ്ങളേറെ

യാത്രക്കിടെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇരുവർക്കും പലവിധ സഹായങ്ങൾ ലഭിച്ചു. നല്ല സൗഹൃദങ്ങൾ നേടിയെടുക്കാനും മിത്രയും മകനും മറന്നിട്ടില്ല. ബസ്തറിലെ ജിനേന്ദ്ര, ജീത്ത്, ത്രിപുരയിൽനിന്ന് പരിചയപ്പെട്ട ഇള, ബോഡോ ഗ്രാമത്തിലെ ഗ്രാമീണരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മിഠാലി എന്നിവരെല്ലാം മിത്രക്ക് യാത്രയിൽനിന്ന് ലഭിച്ച സുഹൃത്തുക്കളാണ്.

ത്രിപുര യാത്രക്കിടെയാണ് മിത്രക്ക് വലിയൊരു സഹായം ലഭിച്ചത്. സഞ്ചരിച്ച കാർ വഴിതെറ്റി ചളി നിറഞ്ഞ റോഡിലേക്ക് കടന്നു. കാറി​െൻറ ടയർ ചളിയിൽ പുതഞ്ഞു. ആകെ വിഷമിച്ചിരിക്കുമ്പോഴാണ് അതുവഴി അസം സ്വദേശിയായ ഇള എന്നയാൾ ദൈവദൂതനെപ്പോലെ കടന്നുവരുന്നത്. സാധനങ്ങൾ എടുക്കാനായി ത്രിപുരയിൽ എത്തിയതായിരുന്നു അദ്ദേഹം. ചളിയിൽ പുതഞ്ഞ വാഹനം ഉയർത്താനും മുന്നോട്ടുള്ള യാത്രയിൽ വഴികാട്ടിയാവാനും ഇള കട്ടക്ക് കൂെട നിന്നു. യാത്ര തീർത്ത് നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഇന്നും ഇളയുമായുള്ള സൗഹൃദം മിത്ര തുടരുന്നു.


കശ്മീരിലെ മഞ്ഞ് കാത്തിരുന്നു കണ്ട നാരായൺ

കശ്മീരിലെ മഞ്ഞി​െൻറ സൗന്ദര്യവും തണുപ്പും അനുഭവിച്ചറിയുകയായിരുന്നു മകൻ നാരായണി​െൻറ സ്വപ്നം. ഏറെ ആഗ്രഹിച്ച കശ്മീർ കാണാൻ സാധിച്ചതി​െൻറ സന്തോഷത്തിലാണവൻ. വിവിധ സംസ്കാരം, വ്യത്യസ്തമാർന്ന ഭക്ഷണം, ഭാഷ, കാലാവസ്ഥ തുടങ്ങി വൈവിധ്യമാർന്ന അനുഭവം മകന് നൽകാനായതി​െൻറ നിർവൃതിയിലാണ് മിത്ര. ഒരു അമ്മക്ക്​ മകന്​ നൽകാൻ കഴിയുന്ന ഏറ്റവുംനല്ല സമ്മാനമായിരുന്നു അത്​.

ജയ്പുരിൽനിന്ന് ഉ​ൈജ്ജൻ വഴി ബറോഡയിലെത്തിയ ദിവസങ്ങൾ മിത്രക്കും മകനും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ബറോഡയിലെത്തിയപ്പോഴാണ് മധ്യപ്രദേശ് മുഴുവനായി ലോക്ഡൗണിലായ വിവരം ഇവരറിയുന്നത്. കടകളൊന്നും തന്നെ തുറന്നിരുന്നില്ല.


ദിവസം മുഴുവൻ അക്ഷരാർഥത്തിൽ പട്ടിണി കിടക്കേണ്ടിവന്നു. ഒടുവിൽ വൈകുന്നേരമായപ്പോൾ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഗീത എന്ന മലയാളി വീട്ടമ്മയെ ബന്ധപ്പെട്ടു. കോഴിക്കോട്ടുകാരിയായ അവർ ഭർത്താവ് നിത്യാനന്ദനുമൊപ്പം ബറോഡയിലായിരുന്നു താമസം. മിത്രയെയും അവർ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ​െറസിഡൻറ്​സ് അസോസിയേഷൻ ഭാരവാഹികൾ പ്രശ്നമുണ്ടാക്കി. തുടർന്ന് അവർ തന്നെ ഹോട്ടൽ ബുക്ക് ചെയ്യുകയും വീട്ടിൽ നിന്ന് അപ്പവും മുട്ടക്കറിയും ഉണ്ടാക്കി കൊണ്ടുവന്നു നൽകുകയും ചെയ്തു. വിശന്നു വലഞ്ഞു നിൽക്കുമ്പോൾ ഏറെ നാളുകൾക്കുശേഷം കേരള ഭക്ഷണം ലഭിച്ച സന്തോഷം കൂടിയാണ് തങ്ങൾക്കുണ്ടായതെന്ന് മിത്ര സതീഷ് പറയുന്നു.

കോവിഡ് വില്ലനായി

യാത്രക്കിടയിൽ ഇരുവർക്കും വലിയ പ്രതിബന്ധമായി വന്നത് കോവിഡായിരുന്നു. 14 സംസ്ഥാനങ്ങൾ വിശദമായിത്തന്നെ കാണാൻ സാധിച്ചു. എന്നാൽ, കോവിഡ് ശക്തിപ്പെടുകയും പലയിടങ്ങളും ലോക്ഡൗണിലേക്ക് പോവുകയും ചെയ്തതോടെ മറ്റു 14 സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും ഇറങ്ങാൻ സാധിക്കാതെവന്നു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങ​െളാന്നും വേണ്ടരീതിയിൽ കണ്ടു മനസ്സിലാക്കാൻ സാധിച്ചില്ലെന്നത് ചെറിയ നഷ്​ടബോധമുണ്ടാക്കുന്നു.


ഉത്തർപ്രദേശിലെല്ലാം കോവിഡ് പടർന്നുപിടിച്ച സമയം. അതുവഴി ഒരു ദിവസംകൊണ്ട് കടന്നുപോവാൻ ബുദ്ധിമുട്ടായിരുന്നു. പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ താമസിക്കേണ്ടിവന്നു. കോവിഡ് പിടിപെടാതിരിക്കാൻ സ്വയം കരുതുകയും വേണം. കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതിനാൽ ജമ്മുവിൽനിന്ന് കേരളം വരെ നാലു ദിവസംകൊണ്ട് എത്തേണ്ടിവന്നു. 3500 കി.മീ. ദൂരമാണ് നാലു ദിവസങ്ങൾകൊണ്ട് ഓടിത്തീർത്തത്. കടകളൊന്നും തുറക്കാത്തതിനാൽ പല സ്ഥലങ്ങളിലും ഭക്ഷണമൊന്നും ലഭിച്ചില്ല.

കൃത്യമായ ആസൂത്രണം വേണം

ഇന്ത്യ യാത്രക്കിറങ്ങുന്നവരോട് മിത്രക്ക് പറയാനുള്ളത് കൃത്യമായ ആസൂത്രണം വേണമെന്നതാണ്. യാത്രക്ക് മുമ്പുതന്നെ റൂട്ട് ആസൂത്രണം ചെയ്യണം. പരിമിതമായ സമയത്തിനുള്ളിലുള്ള യാത്രയാണെങ്കിൽ എവിടെ പോകുന്നു, എങ്ങനെ പോകുന്നു, ഒാരോ സ്ഥലങ്ങളിലും എന്തൊക്കെ കാണാനും മനസ്സിലാക്കാനുമുണ്ട് തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.


പങ്കാളികളിൽ സ്ത്രീകളെ യാത്ര ചെയ്യാൻ അനുവദിക്കാത്ത പുരുഷന്മാരും പുരുഷന്മാരെ അനുവദിക്കാത്ത സ്ത്രീകളുമുണ്ട്. അത് തെറ്റാണ്. പങ്കാളികൾ പരസ്പരം സ്വപ്നങ്ങളെ സാക്ഷാത്​കരിക്കാൻ പിന്തുണ നൽകി മുന്നോട്ടുപോവുകയാണ് വേണ്ടത്. എങ്കിലേ സന്തോഷകരമായ ജീവിതം സാധ്യമാവൂ എന്നും പറയുകയാണ് മിത്ര സതീഷ്.

യാത്ര ജീവിതത്തി​െൻറ ഭാഗം

ബാങ്ക് ഉദ്യോഗസ്ഥരായ മാതാപിതാക്കളിൽ നിന്നാണ് യാത്രയോടുള്ള പ്രണയം തുടങ്ങിയത്. കുട്ടിക്കാലം മുതൽ തന്നെ ദക്ഷിണേന്ത്യയിലുൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും മറ്റും മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. കൂടുതലും തീർഥാടന യാത്രകൾ.ആലപ്പുഴയിൽ ജനിച്ചു വളർന്ന ഡോ. മിത്ര സതീഷ് ആയുർവേദ കോളജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ േശഷം 16 വർഷം തിരുവനന്തപുരത്ത് ജോലി ചെയ്തു.


പിന്നീട് മൂന്നു വർഷം കണ്ണൂർ ഗവ. കോളജിൽ അധ്യാപികയായി. ഇപ്പോൾ ആറു വർഷമായി തൃപ്പൂണിത്തുറ ആയുർവേദ കോളജിൽ അസി. പ്രഫസറാണ്​. എൻജിനീയറായ ഭർത്താവ് സതീഷ് സ്വന്തമായി കമ്പനി നടത്തുന്നു. ഇവർക്ക് 15 വയസ്സുള്ള നന്ദന എന്ന മകളുമുണ്ട്. മൃദുല സ്പർശം സ്പെഷൽ സ്കൂളിൽ പത്താം തരം വിദ്യാർഥിനിയാണ് നന്ദന.

Tags:    
News Summary - The mother and son covered 16,800 km using fuel of will power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT