ജില്ലയിലെ ഓരോസ്ഥലത്തിന് പിന്നിലും കൗതുകവും രസകരവുമായ കഥയുണ്ടാകും. അതിൽ ചിലത് കാലങ്ങളായി പറഞ്ഞുപഴകിയവയാകും. മറ്റു ചിലതാകട്ടെ നാടിന്റെ പ്രത്യേകതകളാൽ രൂപപ്പെട്ടവയാണ്. അത്തരം നാട്ടുപേരിന്റെ പിന്നിലെ കഥ, ഐതിഹ്യം, കൗതുകം തുടങ്ങിയ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന 'പേരിനുമുണ്ടൊരു കഥ' പ്രതിവാര പംക്തി ഇന്നു മുതൽ...
ആലപ്പുഴ: 'ആലപ്പുഴയെ കിഴക്കിന്റെ വെനീസ്' എന്നുവിളിക്കാന്‍ കാരണം കനാലുകളുടെയും കായലുകളുടെയും ധാരാളിത്തമാണ്. ഇറ്റലിയിലെ യഥാര്‍ഥ വെനീസും ഇതുപോലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. ആലപ്പുഴ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
ജലപാതകളിലൂടെയുള്ള യാത്രയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. സുഗന്ധദ്രവ്യങ്ങളടക്കം തിരുവിതാംകൂറിലെ വനവിഭവങ്ങൾ ഒരുകാലത്ത് കടൽ കടന്നത് ആലപ്പുഴ തുറമുഖം വഴിയായിരുന്നു.
പ്രകൃതിരമണീയമായ കായലും അതിമനോഹരമായ കനാലുകളും വശ്യമായ കടലും മോഹനസുന്ദരമായ നദികളുമൊക്കെയായി പ്രകൃതി കനിഞ്ഞരുളിയ ഭൂപ്രദേശമായ ആലപ്പുഴയെ പണ്ട് മറ്റിടങ്ങളിലുള്ളവർ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്. സുവർണനാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കയറിന്റെ നാടായ ആലപ്പുഴ നെഹ്റുട്രോഫി ജലമേളയിലൂടെയും പ്രസിദ്ധമാണ്.
എന്നാലും ഏറ്റവും അധികം ഉപയോഗിക്കുന്ന വിശേഷണം 'കിഴക്കിന്റെ വെനീസ്' എന്നാണ്. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ (1745-1799) രൂപകൽപന ചെയ്ത ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന വിശേഷണം നൽകി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കഴ്സൺ പ്രഭുവെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ജോർജ് നഥാനിയൽ കഴ്സനാണ് (1859-1925). ഓക്സ്ഫഡ് സർവകലാശാലയിലെ ഉന്നതവിദ്യാഭ്യാസശേഷം കഴ്സൺ 1886ൽ ബ്രിട്ടീഷ് പാർലമെൻറ് അംഗമായി.
ഇതിനിടെ ലോകം ചുറ്റിക്കാണാൻ അവസരവും ലഭിച്ചു. വെനീസിലെ മനോഹരങ്ങളായ തോടുകളും തടാകങ്ങളും കണ്ടപ്പോഴുണ്ടായ ഓർമകൾ ഹൃദയത്തിൽ സൂക്ഷിച്ച അദ്ദേഹം, 1898ൽ വൈസ്രോയി പദവിയിൽ ഇന്ത്യയിലെത്തി തിരുവിതാംകൂറിൽ സന്ദർശനശേഷം കണ്ട കാഴ്ചകൾക്കൊടുവിലാണ് ഈവിശേഷണം നൽകിയത്.
അന്ന് നഗരാസൂത്രണത്തിന്റെ മികച്ച മാതൃകയായിരുന്ന ആലപ്പുഴ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിലും മുൻപന്തിയിലായിരുന്നു. നേരിൽ കണ്ടപ്പോൾ ഈ പ്രദേശം വെനീസിനെ പോലിരിക്കുന്നുവെന്ന് കഴ്സൺ പ്രഭു സഹപ്രവർത്തകരോട് പറഞ്ഞു. കഴ്സൺ പ്രഭുവിന്റെ തുറന്നുപറച്ചിലിന് പിന്നിൽ വെനീസിനെക്കാൾ മനോഹരമാണ് അന്നത്തെ ആലപ്പുഴയെന്നാണ് അനുമാനം.
ആലപ്പുഴക്ക് മനോഹരമായ പേര് നൽകിയെങ്കിലും ചരിത്രത്തിൽ കഴ്സൺ പ്രഭുവിന് 1905ലെ ബംഗാൾ വിഭജന തീരുമാനം കുപ്രസിദ്ധിയാണ് സമ്മാനിച്ചത്. അവസാനം പദവി നഷ്ടമായി അപമാനിതനായാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. 1905ൽ കഴ്സൺ പ്രഭുവെടുത്ത വിഭജന തീരുമാനം ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമൻ 1911ൽ ഇന്ത്യയിലെത്തി റദ്ദാക്കി. 1925 മാർച്ച് 20നായിരുന്നു കഴ്സൺ പ്രഭുവിന്റെ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.