യൂറോപ്പിലെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് നികുതിയുമായി ആംസ്റ്റർഡാം

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് ആംസ്റ്റർഡാം. ലോകോത്തര മ്യൂസിയങ്ങളും, സാംസ്കാരിക ആകർഷണങ്ങളും, പ്രകൃതിഭംഗിയും ഒത്തുചേരുന്ന യൂറോപ്യന്‍ നഗരമായ ആംസ്റ്റർഡാം അടുത്ത വർഷം മുതൽ ടൂറിസ്റ്റ് നികുതി ചുമത്താൻ ഒരുങ്ങുകയാണ്.

ചെലവു കൂടിയ സഞ്ചാരസ്ഥലമായിരുന്നിട്ടും ആംസ്റ്റർഡാമില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. വര്‍ഷംതോറും ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റർഡാം സന്ദര്‍ശിക്കാനെത്തുന്നത്. അതിനാൽ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനായാണ് അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റുകളിൽ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത്.

 

2024 ൽ ഇവിടെ വിനോദസഞ്ചാര നികുതി 12.5 ശതമാനമായി ഉയരും. രാത്രി നഗരത്തില്‍ തങ്ങുന്നതും ക്രൂയിസ് കപ്പലുകളിൽ സന്ദർശിക്കുന്നതുമായ യാത്രക്കാർക്ക് ഇത് ബാധകമാകും. ഇതോടെ ആംസ്റ്റർഡാം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് നികുതിയുള്ള നഗരമാകും.

നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയുള്ള വരുമാനം നഗരത്തിന്‍റെ വികസന കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. അമിത വിനോദസഞ്ചാരത്തിന്‍റെ ദോഷവശങ്ങൾ പരിഹരിക്കാനും ഈ തുക ഉപയോഗിക്കുമെന്ന് ധനകാര്യ ഡെപ്യൂട്ടി മേയർ ഹെസ്റ്റർ വാൻ ബ്യൂറൻ വ്യക്തമാക്കി.

 

സന്ദർശകരിൽ നിന്ന് വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന നഗരം ആംസ്റ്റർഡാം മാത്രമല്ല. രാജ്യത്തിന്റെ കാലാവസ്ഥയും സുസ്ഥിരതയും പിന്തുണയ്ക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് പുതിയ നികുതി ഏർപ്പെടുത്താനും ഐസ്‍ലാൻഡ് പദ്ധതിയിടുന്നുണ്ട്. അതേസമയം, രാത്രി തങ്ങുന്നവരില്‍ നിന്നും ഈടാക്കുന്ന നികുതിക്ക് പുറമേ, പകൽ യാത്രക്കാർക്കും ഫീസ്‌ ഏര്‍പ്പെടുത്താന്‍ വെനീസും പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - Amsterdam all set to enforce the highest tourist tax in Europe!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.