18 രാജ്യങ്ങൾ താണ്ടിയൊരു ബസ് യാത്ര. അതും നമ്മുടെ സ്വന്തം ഡൽഹിയിൽനിന്ന് തുടങ്ങി ലണ്ടൻ വരെ. സ്വപ്നമാണെന്ന് കരുതാൻ വരട്ടെ. സംഗതി സത്യമാണ്. 'അഡ്വഞ്ചേഴ്സ് ഓവർലാൻഡ്' എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഈ സാഹസിക യാത്ര ഒരുക്കുന്നത്. 70 ദിവസം നീളുന്ന യാത്രയിൽ 20,000 കിലോമീറ്ററാണ് പിന്നിടുക. ഇന്ത്യ കൂടാതെ മ്യാൻമർ, തായ്ലാൻഡ്, ലാവോസ്, ചൈന, കിർഗിസ്താൻ, ഉസ്ബക്കിസ്താൻ, കസാക്കിസ്താൻ, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് യാത്രയിൽ പിന്നിടേണ്ടത്.
2021 മേയിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന യാത്രക്ക് 15 ലക്ഷമാണ് കമ്പനി ഈടാക്കുക. ഇനി ഇത്രയും തുക മുടക്കാൻ കഴിയാത്തവർക്കും അധികദിവസം യാത്ര ചെയ്യാൻ കഴിയാത്തവർക്കുമായി പ്രത്യേക സൗകര്യവുമുണ്ട്. യാത്രയിൽ നാല് പാദങ്ങളാണുള്ളത്. ഇതിൽ ഏതെങ്കിലും ഒരു പാദത്തിൽ മാത്രമായി പങ്കെടുക്കുകയും ചെയ്യാം.
ഒന്നാംപാദത്തിൽ ഇന്ത്യ, മ്യാൻമർ, തായ്ലാൻഡ് എന്നീ രാജ്യങ്ങളാണുള്ളത്. 12 ദിവസത്തെ യാത്രക്ക് 3,50,000 രൂപയാണ് ഈടാക്കുക. രണ്ടാം പാദത്തിൽ തായ്ലാൻഡിൽനിന്ന് തുടങ്ങി ലാവോസ് വഴി ചൈനയിലെത്തും. 16 ദിവസം നീളുന്ന യാത്രക്ക് 4,25,000 രൂപയാണ് വേണ്ടത്.
മൂന്നാം പാദത്തിൽ ചൈനയിൽനിന്ന് തുടങ്ങി മധ്യ ഏഷ്യയുടെ ഭാഗമായ കിർഗിസ്താൻ, ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ എന്നീ രാജ്യങ്ങളും റഷ്യയുമാണുള്ളത്. 22 ദിവസത്തെ യാത്രയുടെ ചെലവ് 4,95,000 രൂപ. അവസാന പാദത്തിലാണ് യൂറോപ്യൻ മണ്ണിലെത്തുക. 16 ദിവസം കൊണ്ട് പത്ത് രാജ്യങ്ങളിലെ റോഡുകൾ ബസ് താണ്ടും. 4,25,000 രൂപയാണ് ചെലവ്.
20 പേർക്കാണ് യാത്ര ചെയ്യാനാവുക. ഡൽഹി മുതൽ ലണ്ടൻ വരെ പോകുന്നവർക്കാണ് കമ്പനി ബുക്കിങ്ങിൽ പ്രഥമ പരിഗണന നൽകുന്നത്. ഇതിനാണ് 15 ലക്ഷം ഈടാക്കുക. വീണ്ടും ഇത്രയും പൈസ നൽകിയാൽ ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ചും യാത്ര ചെയ്യാം. ആഗസ്റ്റിലാണ് ഈ യാത്ര തുടങ്ങുക. അല്ലെങ്കിൽ സ്വന്തം പൈസക്ക് വിമാനം കയറി നാട്ടിൽ തിരിച്ചെത്താം.
ഹോട്ടലുകളിലെ താമസം, ഭക്ഷണം, ഓരോ രാജ്യത്തെയും ഗൈഡുകൾ, വിസകൾ, വിവിധ അനുമതികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റുകൾ എന്നിവയുടെ ചെലവെല്ലാം കമ്പനി വഹിക്കും. അതേസമയം ട്രാവൽ ഇൻഷുറൻസ്, ചികിത്സ തുടങ്ങിയവക്കെല്ലാം യാത്രക്കാരൻ അധിക ചെലവ് വഹിക്കേണ്ടി വരും.
വൈഫൈ, മൊബൈൽ ഫോൺ ചാർജിങ് പോർട്ടുകൾ, സ്വകാര്യ ലോക്കറുകൾ, ഓരോ യാത്രക്കാരനും എൻറർടെയ്ൻമെൻറ് സംവിധാനം, ഫസ്റ്റ് എയ്ഡ് കിറ്റും മരുന്നുകളും, ലാപ്ടോപ്പും ഭക്ഷണം കഴിക്കാനുമുള്ള ട്രേ, മിനി പാൻട്രി, ബിസിനസ് ക്ലാസ് സീറ്റുകൾ എന്നിവെയല്ലാം ബസിെൻറ പ്രത്യേകതകളാണ്. അത്യാവശ്യഘട്ടങ്ങളിൽ ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യവുമുണ്ട്. ടൂർ കോഓഡിനേറ്റർക്ക് പുറമെ ഡ്രൈവറും ഒരു ജീവനക്കാരും ബസിലുണ്ടാകും.
അഡ്വഞ്ചേഴ്സ് ഓവർലാൻഡ്
2012ലാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. സഞ്ജയ് മദൻ, തുഷാർ അഗർവാൾ എന്നിവരാണ് സാരഥികൾ. റോഡ് ട്രിപ്പുകളാണ് കമ്പനിയുടെ പ്രത്യേകത. 2017, 18, 19 വർഷങ്ങളിൽ ഇവർ വിവിധ കാറുകളിലായി സഞ്ചാരികളെ ലണ്ടനിലേക്ക് കൊണ്ടുപോയിരുന്നു. 35 കാറുകളിലായി നൂറിലധികം പേരെയാണ് ഇവർ റോഡ് മാർഗം ഇന്ത്യൻ മണ്ണിൽനിന്ന് യൂറോപ്പിലെത്തിച്ചത്. ഇതിന് ഏകദേശം ഒരാൾക്ക് 30 ലക്ഷത്തിന് മുകളിൽ ചെലവ് വരും.
ഇത് കൂടാതെ രാജസ്താൻ, റാൻ ഓഫ് കച്ച്, ലഡാക്ക്, സ്പിതി വാലി, നോർത്ത് ഇൗസ്റ്റ് എന്നീ ഇന്ത്യൻ ട്രിപ്പുകളും റഷ്യ, ജോർദാൻ, ചൈന, അമേരിക്ക, ഐസ്ലാൻഡ്, ആഫ്രിക്ക തുടങ്ങിയ അന്താരാഷ്ട്ര കാർ യാത്രകളും ഇവർ സംഘടിപ്പിക്കുന്നു. ദീർഘദൂര യാത്രകൾക്ക് ഗിന്നസ് റെക്കോഡടക്കമുള്ള നേട്ടങ്ങളും കമ്പനി കൈവരിച്ചിട്ടുണ്ട്. ഇതിെൻറയെല്ലാം ചുവടുപിടിച്ചാണ് പുതിയ ബസ് യാത്ര ആരംഭിക്കുന്നത്.
അതേസമയം, ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്കുള്ള ആദ്യത്തെ ബസ് സർവിസ് നടത്തുന്നത് അഡ്വഞ്ചേഴ്സ് ഓവർലാൻഡല്ല. 1970 കാലഘട്ടത്തിൽ ലണ്ടനിൽനിന്ന് കൽക്കട്ടയിലേക്കും സിഡ്നിയിലേക്കും ആൽബർട്ട് ടൂർസ് എന്ന വിദേശ കമ്പനി ബസ് സർവിസ് നടത്തിയിരുന്നു.
സിഡ്നിയിൽനിന്ന് 1968 ഒക്ടോബർ എട്ടിന് ആദ്യ സർവിസ് തുടങ്ങിയ ബസ് 132 ദിവസങ്ങൾക്കുശേഷം 1969 ഫെബ്രുവരി 17നാണ് ലണ്ടനിൽ എത്തിച്ചേർന്നത്. ലണ്ടനും കൽക്കട്ടക്കും ഇടയിൽ 15 സർവിസുകളും ആസ്ട്രേലിയയിലെ സിഡ്നിയിലേക്ക് നാല് സർവിസുകളും നടത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
1972 ജൂലൈ 25ന് ലണ്ടനിൽനിന്ന് പുറപ്പെട്ട ബസ് 49 ദിവസങ്ങൾ കൊണ്ട് സെപ്റ്റംബർ 11നാണ് കൽക്കട്ടയിൽ എത്തുന്നത്. ബെൽജിയം, പശ്ചിമ ജർമനി, ആസ്ട്രിയ, യൂഗോേസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ വഴിയാണ് ഇന്ത്യയിലെത്തിയത്.
വായന മുറി, ഭക്ഷണസ്ഥലം, സ്ഥലങ്ങൾ കാണാനുള്ള ലോഞ്ചുകൾ, ഓരോരുത്തർക്കും കിടക്കാനുള്ള ഇടങ്ങൾ, റേഡിയോയും സംഗീതവും, ഫാൻ, കർട്ടണുകൾ തുടങ്ങിയ 'ആഡംബര' സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടായിരുന്നു. ന്യൂഡൽഹി, തെഹ്റാൻ, സാൾസ്ബർഗ്, കാബൂൾ, ഇസ്താംബൂൾ, വിയന്ന എന്നിവിടങ്ങളിൽ ഷോപ്പിങ്ങിന് സൗകര്യവും ഒരുക്കിയിരുന്നു.
145 പൗണ്ട്സ് (13,644 രൂപ) ആയിരുന്നു കൽക്കട്ട വരെയുള്ള ഈ യാത്രയുടെ ചെലവ്. ഇന്ത്യയിൽ ഡൽഹി, ആഗ്ര, ബനാറസ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പ് ഉണ്ടായിരുന്നു. കൽക്കട്ടയിൽനിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലെത്തുന്ന ബസ് അവിടെനിന്ന് പെർത്തിലേക്ക് കപ്പൽ കയറും. പെർത്തിൽനിന്ന് റോഡ് മാർഗമായിരുന്നു സിഡ്നിയിലേക്കുള്ള യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.