ന്യൂഡൽഹി: ഇന്ത്യയിൽ ഷെങ്കൻ വിസക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെ ഇന്റർവ്യു സ്ലോട്ടുകൾക്ക് ക്ഷാമം. കഴിഞ്ഞ വർഷം 9.7 ലക്ഷം പേരാണ് രാജ്യത്ത് ഷെങ്കൻ വിസക്ക് അപേക്ഷിച്ചത്. 2022മായി താരതമ്യം ചെയ്യുമ്പോൾ 44 ശതമാനം പേരുടെ വർധന. 2022ൽ 6.7 ലക്ഷം പേരാണ് വിസക്കായി അപേക്ഷിച്ചത്.
വിസക്കായി അപേക്ഷിച്ചവർക്ക് ഇന്റർവ്യു സ്ലോട്ടുകൾ ലഭിക്കാത്തത് കാരണം പലരുടേയും യാത്രപദ്ധതി താളംതെറ്റി. ഭൂരിപക്ഷം ഷെങ്കൻ രാജ്യങ്ങളിലേക്കും ഇൻർവ്യുവിനുള്ള അപ്പോയിൻമെന്റ് ഇപ്പോൾ ലഭ്യമല്ലെന്ന് ട്രാവൽ ഏജന്റസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അനിൽ കാൽസി പറഞ്ഞു. വേനൽക്കാലത്ത് യുറോപ്പിൽ പോകണമെങ്കിൽ വിസ അഭിമുഖത്തിനായി ഇനി ജൂലൈയിൽ മാത്രമേ തീയതി ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.
യാത്രപോകുന്നവർ ആദ്യമായി പോകുന്ന രാജ്യത്തിന്റെ കോൺസുലേറ്റിൽ തന്നെ വിസഅപേക്ഷ സമർപ്പിക്കണമെന്ന് നിബന്ധയുണ്ട്. എന്നാൽ, വിസക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ലഭ്യമാകുന്ന രാജ്യത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ആളുകൾ നിർബന്ധിതരാകുകയാണെന്നും അനിൽ കാൽസി പറഞ്ഞു.
ഇതിൽ കൂടുതൽ ആളുകൾ ഷെങ്കൻ വിസക്കായി ഇന്ത്യയിൽ കാത്തിരിക്കുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. സ്ലോട്ടുകൾ ലഭിക്കാത്തത് മൂലമാണ് ഇവർക്ക് വിസ അപേക്ഷ സമർപ്പിക്കാൻ പോലും സാധിക്കാത്തത്. ഷെങ്കൻ വിസ അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.