സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര മേഖലയിൽ ഡോർ ടു ഡോർ ബാഗേജ് വിതരണ സേവനം തുടങ്ങി. ടിക്കറ്റിൽ നൽകുന്ന വിലാസങ്ങളുടെ അടിസ്ഥാനത്തിൽ ലഗ്ഗേജ് ശേഖരിച്ച് യാത്രക്കാരൻ എത്തുന്നയിടത്ത് കൊണ്ടുനൽകുന്ന സംവിധാമാണിത്. നിലവിൽ ഡൽഹി, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് സേവനം ആരംഭിച്ചിട്ടുള്ളത്.
സമയക്കുറവുള്ളവർക്ക് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. കൂടാതെ അധിക ബാഗേജുകളുമായി യാത്ര ചെയ്യുന്നവർക്കും ഇത് ആശ്വാസമാകും. ബംഗളൂരു ആസ്ഥാനമായുള്ള ഡെലിവറി കമ്പനിയായ കാർട്ടർ എക്‌സുമായി സഹകരിച്ചാണ് സേവനം നൽകുന്നത്.
സേവനം ലഭ്യമാകാൻ മുൻകൂറായി പണമടച്ച് ബുക്ക് ചെയ്യണം. തുടർന്ന് ജീവനക്കാർ വന്ന് ലഗ്ഗേജ് ശേഖരിക്കും. വിമാനമിറങ്ങിയ ശേഷം യാത്രക്കാരൻ കാർട്ടർ എക്സ് എക്സിക്യൂട്ടീവിനെ ബന്ധപ്പെടുകയും രേഖകൾ കൈമാറുകയും വേണം. ശരിയായ ലഗ്ഗേജ് തന്നെയാണ് എടുത്തിട്ടുള്ളതെന്ന് സ്ഥിരീകരിക്കാൻ വാട്ട്‌സ്ആപ്പ് വഴി ഇവർ ഫോട്ടോകൾ അയക്കും. യാത്രക്കാർക്ക് അവരുടെ ലഗ്ഗേജ് പിക്കപ്പ് മുതൽ ഡെലിവറി വരെ ട്രാക്ക് ചെയ്യാനുമാകും. ഇൻഡിഗോക്ക് പുറമെ വിസ്താരയും കാർട്ടർ എക്‌സുമായി സഹകരിച്ച് ഗേറ്റു ടു ഗേറ്റ് സംവിധാനം ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.