ബംഗളൂരു: തിരുവനന്തപുരം - ബംഗളൂരു റൂട്ടിൽ സ്വിഫ്റ്റ് എ.സി സർവിസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും സീറ്റ് ബുക്ക് ചെയ്യുന്നവർക്ക് കലക്കൻ സമ്മാനം. ആദ്യ യാത്രക്കാർക്ക് മടക്കയാത്ര ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യയാത്ര സർട്ടിഫിക്കറ്റും നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത മൂന്നു മാസത്തിനകം ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
കേരള ആർ.ടി.സിയുടെ സ്വിഫ്റ്റിന് കീഴിലുള്ള 'ഗജരാജ് മൾട്ടി ആക്സിൽ എ.സി സ്ലീപ്പർ' ബസുകളുടെ ബംഗളൂരു റൂട്ടിലെ സർവിസുകളുടെ റിസർവേഷനാണ് ഇതിനകം ആരംഭിച്ചത്. കേരള ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമായാണ് കിടന്ന് യാത്ര ചെയ്യാൻ കഴിയുന്ന മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുടെ സർവിസ് ആരംഭിക്കുന്നത്. ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ നിരക്കിൽനിന്നും വാരാന്ത്യങ്ങളിലെ ഉയർന്ന യാത്രനിരക്കിൽനിന്നും മോചനമായാണ് കേരള ആർ.ടി.സിയുടെ പുതിയ ബസ് സർവിസിനെ ബംഗളൂരു മലയാളികൾ കാണുന്നത്.
വ്യാഴാഴ്ച വൈകീട്ട് റിസർവേഷൻ ആരംഭിച്ച നാല് ഗജരാജ സ്ലീപ്പറിൽ നിന്നുള്ള ഓരോ യാത്രക്കാർക്കാകും സമ്മാനം ലഭ്യമാകുക. തുടർന്ന് ഓരോ ദിവസവും ഏപ്രിൽ 30 വരെ പുതിയ സർവിസുകൾ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
ഏപ്രിൽ മാസത്തിൽ കൂടുതൽ സർവിസുകൾ ഓരോ ദിവസവും ഓൺലൈനിൽ നൽകുകയും ഏപ്രിൽ 30 ഓടെ 100 ബസുകളുടെ റിസർവേഷൻ ലഭ്യമാവുകയും ചെയ്യും. ഈ ബസുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ആകെ നൂറുപേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക.
ഇത് കൂടാതെ തെരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും.
തിരുവനന്തപുരം - ബംഗളൂരു (വൈകീട്ട് ആറിന് നാഗർകോവിൽ - തിരുനൽവേലി, ഡിണ്ടിഗൽ, നാമക്കൽ വഴി, ടിക്കറ്റ് നിരക്ക്: 1571 രൂപ).
തിരികെ ബംഗളൂരു - തിരുവനന്തപുരം (വൈകീട്ട് ആറിന്, നാമക്കൽ - ഡിണ്ടിഗൽ - തിരുനൽവേലി - നാഗർകോവിൽ - തിരുവനന്തപുരം, ടിക്കറ്റ് നിരക്ക്: 1728 രൂപ).
തിരുവനന്തപുരം - ബംഗളൂരു (വൈകീട്ട് 5.30ന്, ആലപ്പുഴ - വൈറ്റില - തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ (30 ശതമാനം കുറഞ്ഞ നിരക്ക്).
തിരികെ ബംഗളൂരു - തിരുവനന്തപുരം (വൈകീട്ട് അഞ്ചിന്, സേലം, കോയമ്പത്തൂർ, തൃശൂർ - വൈറ്റില, ആലപ്പുഴ വഴി, ടിക്കറ്റ് നിരക്ക്: 2156 രൂപ).
എറണാകുളം - ബംഗളൂരു (രാത്രി എട്ടിന്, തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).
തിരികെ ബംഗളൂരു - എറണാകുളം (രാത്രി എട്ടിന് സേലം, കോയമ്പത്തൂർ, തൃശൂർ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).
എറണാകുളം - ബംഗളൂരു (രാത്രി ഒമ്പതിന്, തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).
തിരികെ എറണാകുളം - ബംഗളൂരു (രാത്രി ഒമ്പതിന്, സേലം, കോയമ്പത്തൂർ, തൃശൂർ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).
പത്തനംതിട്ട - ബംഗളൂരു (വൈകീട്ട് 5.30ന്, കോട്ടയം - തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 1251 രൂപ).
തിരികെ ബംഗളൂരു - പത്തനംതിട്ട (രാത്രി 7.30ന്, സേലം, പാലക്കാട്, തൃശൂർ - കോട്ടയം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ).
കോട്ടയം - ബംഗളൂരു (വൈകീട്ട് 5.30ന്, തൃശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - ഗൂഡല്ലൂർ - മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 993 രൂപ).
തിരികെ ബംഗളൂരു - കോട്ടയം (വൈകീട്ട് 3.45ന്, മൈസൂരു - ഗൂഡല്ലൂർ - നിലമ്പൂർ വഴി, ടിക്കറ്റ് നിരക്ക്: 1093 രൂപ).
കോഴിക്കോട് - ബംഗളൂരു (രാവിലെ 8.30ന്, സുൽത്താൻ ബത്തേരി - മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).
കോഴിക്കോട് - ബംഗളൂരു (ഉച്ചക്ക് 12ന്, സുൽത്താൻ ബത്തേരി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).
കോഴിക്കോട് - ബംഗളൂരു (വൈകീട്ട് ഏഴിന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).
കോഴിക്കോട് - ബംഗളൂരു (രാത്രി 10ന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).
തിരികെ കോഴിക്കോടേക്കുള്ള സർവിസുകൾ: സുൽത്താൻ ബത്തേരി വഴി, ഉച്ചക്ക് 12ന്, ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30ന് ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45ന് ടിക്കറ്റ് നിരക്ക്: 848 രൂപ, മാനന്തവാടി വഴി രാത്രി 8.30ന് ടിക്കറ്റ് നിരക്ക്: 848 രൂപ.
ബംഗളൂരു: കേരള ആർ.ടി.സി ബംഗളൂരുവിലേക്കും തിരിച്ചും പുതിയ എ.സി സ്ലീപ്പർ ബസുകൾ ഉൾപ്പെടെ സർവിസ് ആരംഭിക്കുന്നത് നല്ല തീരുമാനമാണെന്നും സ്വാഗതം ചെയ്യുകയാണെന്നും കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികൾ പറഞ്ഞു.
വിഷു-ഈസ്റ്റർ അവധിയിലെ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സമയത്ത് തന്നെ പുതിയ സർവിസുകൾ ആരംഭിക്കുന്നത് ആശ്വാസമാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും പുതിയ ബസുകളിറക്കി അന്തർ സംസ്ഥാന പാതയിൽ സർവിസ് ആരംഭിക്കുന്നത് നല്ല തീരുമാനമാണെന്ന് കെ.കെ.ടി.എഫ് കോഓഡിനേറ്റർ മെറ്റി കെ. ഗ്രെയ്സ് പറഞ്ഞു.
ഉത്സവ സീസണുകളിൽ 4000 രൂപയിലധികം ഈടാക്കി കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസ് സർവിസുകളിൽനിന്നും സാധാരണക്കാർക്ക് ന്യായമായ നിരക്കിലുള്ള കേരള ആർ.ടി.സിയുടെയും കർണാടക ആർ.ടി.സിയുടെയും സർവിസുകൾ ആശ്വാസമാണ്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ പ്രത്യേക സർവിസുകൾ കേരള ആർ.ടി.സി ഏർപ്പെടുത്തിയാൽ അത് യാത്രക്കാർക്ക് സഹായകമാകും.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതൽ സർവിസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടും റൂട്ടുകളെക്കുറിച്ചും ഗതാഗത മന്ത്രിക്ക് നിവേദനം നൽകുമെന്നും മെറ്റി കെ. ഗ്രെയ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.