ബംഗളൂരു: കഴിഞ്ഞ വർഷം കർണാടകയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയവരുടെ എണ്ണത്തിൽ വൻ വർധന. 2022ൽ 18.27 കോടി വിനോദസഞ്ചാരികളാണ് കർണാടക സന്ദർശിച്ചതെങ്കിൽ 2023ൽ അത് 28.48 കോടിയായി ഉയർന്നു. കോവിഡ് കാലത്തിന് ശേഷമുള്ള റിവഞ്ച് ടൂറിസം ആശയവും കർണാടക സർക്കാർ വനിതകൾക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്ര അടക്കമുള്ള കാരണങ്ങളുമാണ് ടൂറിസ്റ്റുകളുടെ വർധനവിന് പിന്നിൽ.
സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ തങ്ങൾ ശ്രമിച്ചതായി ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. വി. രാംപ്രസാദ് മനോഹർ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ ഒരുക്കിവരുകയാണ്. റോപ് വേകൾ, സാഹസിക വിനോദങ്ങൾക്കുള്ള ഇടങ്ങൾ എന്നിവയും വികസിപ്പിച്ചുവരുന്നു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതി ആരംഭിച്ച ശേഷം ടൂറിസ്റ്റുകളുടെ, വിശേഷിച്ചും തീർഥാടന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി കർണാടക ടൂറിസം സൊസൈറ്റി പ്രതിനിധി ജി.കെ. ഷെട്ടി പറഞ്ഞു. കോവിഡിന് മുമ്പുള്ള നില കണക്കിലെടുത്താൽ ടൂർ ഓപറേറ്റർമാരുടെ ബിസിനസിൽ 10 മുതൽ 15 ശതമാനം വരെ വർധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.