ഇന്ത്യയിലെ ആദ്യ ചന്ദനമര മ്യൂസിയം; പുതിയ കാഴ്​ചകളുമായി മൈസൂർ കൊട്ടാരം ഒരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്​ മൈസൂരു. കൊട്ടാരങ്ങളുടെ നാട്​ കൂടിയാണ്​ കർണാടകയിലെ ഇൗ നഗരം. അതോടൊപ്പം ചന്ദനത്തി​െൻറ കാര്യത്തിലും ഏറെ പ്രശസ്​തിയാർജിച്ചതാണ്​. ഇവ രണ്ടും ഒരുമിച്ച്​ ചേരുകയാണെന്ന റി​പ്പോർട്ടുകളാണ്​​ ഇപ്പോൾ പുറത്തുവരുന്നത്​. പ്രശസ്​തമായ മൈസൂർ കൊട്ടാരത്തിൽ ഉടൻ തന്നെ ഇന്ത്യയിലെ ആദ്യ ചന്ദനമര മ്യൂസിയം ഒരുങ്ങും.

ചന്ദനത്തി​െൻറ സോപ്പുകൾ, എണ്ണ, സുഗന്ധ​ദ്രവ്യങ്ങൾ എന്നിവക്ക്​ മൈസൂരു ഏറെ പ്രശസ്​തമാണ്​. ഇതി​െൻറ ചരിത്രത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും അവബോധം നൽകാൻ സഹായിക്കുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കുന്നത്​. കൂടാതെ, ചന്ദനത്തി​െൻറ ഭംഗിയും വൈവിധ്യവും സാക്ഷിയാകാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.


നവംബർ 25ന് ശേഷം കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ മ്യൂസിയം ഉദ്ഘാടനം ചെയ്യും. മൈസൂരു ഫോറസ്​റ്റ്​ ഡിവിഷനാണ് മ്യൂസിയം ഒരുക്കുന്നത്​. ആരണ്യ ഭവനിലെ ചന്ദനമരം ഡിപ്പോയിൽ താൽക്കാലികമായി ഒരുങ്ങുന്ന മ്യൂസിയം പിന്നീട്​ കൊട്ടാരത്തിലേക്ക്​ മാറ്റുമെന്നാണ്​ വിവരം.

ചന്ദനമര വർഗ്ഗീകരണം, ചന്ദനകൃഷി രീതികൾ, വിവിധതരം ചന്ദനമരം എന്നിവയെക്കുറിച്ച് കൂടുതലറിയാനുള്ള വേദിയാകുമിത്. ചന്ദനത്തി​െൻറ വളർച്ച, നിരവധി രോഗങ്ങൾ തടയാൻ ഇത് എങ്ങനെ സഹായിക്കും തുടങ്ങിയവ സംബന്ധിച്ച പോസ്​റ്ററുകൾ ഇവിടെ പ്രദർശിപ്പിക്കും. ഓഡിറ്റോറിയം, പ്രൊജക്ടർ സ്‌ക്രീൻ, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവയും മ്യൂസിയത്തിൽ സജ്ജീകരിക്കും​. ചന്ദനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേൾക്കാനുള്ള സൗകര്യവുമുണ്ടാകും.

മലയാളികൾ പലതവണ അനുഭവിച്ചറിഞ്ഞ കാഴ്​ചകളാണ്​ മൈസൂരു നഗരവും കൊട്ടാരവുമെല്ലാം. എന്നാൽ, വീണ്ടും ഇൗ കൊട്ടാരം സന്ദർശിക്കാനുള്ള അവസരമാണ്​​ ഇന്ത്യയിലെ ആദ്യ ചന്ദമര മ്യൂസിയം വരുന്നതോടെ സംജാതമാകുന്നത്​. മൈസൂരു ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തി​െൻറ ഒൗദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. മൈസൂരിലെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും അംബാ വിലാസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇതുതന്നെയാണ്.


വാഡിയാര്‍ രാജാക്കന്മാര്‍ 14ാം നൂറ്റാണ്ടിലാണ് ആദ്യമായി കൊട്ടാരം നിര്‍മിക്കുന്നത്. എന്നാല്‍, ഇത് പിൽക്കാലത്ത് പലവട്ടം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയുമുണ്ടായി. ഇന്നുകാണുന്ന കൊട്ടാരത്തി​െൻറ നിര്‍മണം 1897ലാണ് ആരംഭിക്കുന്നത്. 1912ല്‍ പണി പൂര്‍ത്തിയായി. 1940കളില്‍ ഈ കൊട്ടാരം വീണ്ടും വിപുലീകരിച്ചു. ഇന്‍ഡോ സാര്‍സനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയിലാണ് മൈസൂര്‍ കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്​ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണിത്.

മാര്‍ബിളില്‍ തീര്‍ത്ത അര്‍ധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താല്‍ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനകത്ത് 12ഓളം ക്ഷേത്രങ്ങളുമുണ്ട്. ഹെണ്‍ട്രി ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തി​െൻറ വാസ്തുശില്പി. എല്ലാ വര്‍ഷവും ശരത്കാലത്ത് നടക്കുന്ന ദസറ മഹോത്സവത്തി​െൻറ പ്രധാനവേദി ഈ കൊട്ടാരമാണ്.

കൊട്ടാരത്തി​െൻറ ചുമരുകളെല്ലാം ചിത്രപ്പണികളാല്‍ സമ്പന്നമാണ്. രണ്ട് ദര്‍ബാര്‍ ഹാളുകളും നടുമുറ്റവുമുണ്ട് അകത്ത്. ഇതിന്​ സമീപം പഴയ കൊട്ടാരവും കാണാം. ഇത്​​ മ​റ്റൊരു മ്യൂസിയമാണ്. രാജഭരണ കാലത്തെ ആയുധങ്ങള്‍, പല്ലക്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - India's first sandalwood museum; Mysore Palace is getting ready with new sights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.