തൃശൂര്‍: ലോകത്തിന്‍റെ വൈവിധ്യങ്ങള്‍ തേടി അറുപതിന്‍റെ 'കൗമാരത്തിൽ' ഏഴ് വര്‍ഷം ലോകം ചുറ്റാൻ ഒരുങ്ങുകയാണ് ഇ.പി. ജോസ്. സന്തത സഹചാരിയായ കെ.ടി.എം ആർ.സി 390 അഡ്വഞ്ചര്‍ ബൈക്കിൽ പ്രത്യേക സന്നാഹങ്ങളുമായി ഞായറാഴ്ചയാണ് തൃശൂര്‍ ചെമ്പൂക്കാവിലെ ജോസ് ലോകത്തിലേക്ക് പറക്കുന്നത്. ആദ്യ ഒമ്പത് മാസം യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങും. അടുത്ത ആറ് മാസം സൗത്ത് അമേരിക്കയിലും ഒമ്പത് മാസം നോർത്ത് അമേരിക്കൻ രാജ്യങ്ങളിലും. തുടർന്ന് 13 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കരീബിയൻ ദ്വീപുകൾ, ഏഷ്യൻ ഭൂഖണ്ഡം, ഓഷ്യാനിയ രാജ്യങ്ങൾ, ആഫ്രിക്കൻ വൻകര, പശ്ചിമേഷ്യൻ രാജ്യങ്ങൾ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ബൈക്കിൽ കറങ്ങുമെന്ന് ജോസ് പറഞ്ഞു. ലോകയാത്രക്ക് മുന്നോടിയായി അമേരിക്കൻ വിസയും യൂറോപ്യൻ വിസയും സ്വന്തമാക്കി. അമേരിക്കയിൽ സോഫ്റ്റ്വെയര്‍ എൻജിനീയറായിരുന്ന ജോസിന്‍റെ കുടുംബം അമേരിക്കയിലാണ്. തൃശൂരിൽ ചെമ്പുക്കാവ് എടക്കളത്തൂർ വീട്ടിലാണ് താമസം.
അദ്ദേഹം ഒന്നാം ക്ലാസിൽ പഠിച്ച വെളപ്പായ സ്കൂളിൽ നടക്കുന്ന ഫ്ലാഗ്ഓഫിന് ശേഷം തിങ്കളാഴ്ച കൊച്ചി തുറമുഖത്ത് മോട്ടോർ സൈക്കിൾ കൈമാറും. സ്‌പെയിനില്‍നിന്നാണ് ബൈക്കിൽ യാത്ര ആരംഭിക്കുക. 192 രാജ്യങ്ങളില്‍ റോഡ് മാർഗം സഞ്ചരിക്കാവുന്ന ഇടങ്ങളിലെല്ലാം ബൈക്കിൽ യാത്ര ചെയ്യും. കടൽ കടക്കേണ്ട രാജ്യങ്ങളിലേക്ക് ബൈക്ക് കപ്പലിൽ അയച്ച് വിമാനത്തിൽ അവിടെയെത്തി യാത്ര തുടരും.
2017ല്‍ ഇന്ത്യാ പര്യടനത്തിൽ 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ചുറ്റി 16,400 കിലോമീറ്റര്‍ 43 ദിവസംകൊണ്ടാണ് ജോസ് പൂര്‍ത്തിയാക്കിയത്. അന്ന് ഹാർളി ഡേവിഡ്‌സൺ ബൈക്കായിരുന്നു യാത്ര. അതേസമയം ഏതു പ്രതലത്തിലും സൗകര്യപ്രദമായതിനാലാണ് ലോകയാത്രയ്ക്കായി കെ.ടി.എം ആർ.സി 390 തെരഞ്ഞെടുക്കാന്‍ ജോസിനെ പ്രേരിപ്പിച്ചത്. ഈ ബൈക്കില്‍ 2021 സെപ്‌റ്റംബറിൽ ലഡാക്കിലേക്ക് 10,200 കിലോമീറ്റർ യാത്ര നടത്തിയിരുന്നു. ബൈക്കിൽ ഘടിപ്പിച്ച നാലുപെട്ടികളിലായി വസ്ത്രങ്ങളും മരുന്നും വണ്ടിയുടെ അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കും. മഞ്ഞിലൂടെ യാത്രചെയ്യുന്നതിനുള്ള പ്രത്യേക ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ട്. മൊബൈലും കാമറയും ഘടിപ്പിക്കാനും സംവിധാനമുണ്ട്.
ജോസിന് ഞായറാഴ്ച വൈകീട്ട് ആറിന് തൃശൂർ ഗവ. എൻജിനീയറിങ് കോളജ് യാത്രയയപ്പ് നൽകും. യാത്ര വിവിധ രാജ്യങ്ങളിൽ എത്തുമ്പോൾ അവിടങ്ങളിലുള്ള തൃശൂർ ഗവ. എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികൾ വരവേൽപ്പും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.