പ്രതീകാത്മക ചിത്രം

ദ്വീപിന്‍റെ ഭാഷ സ്നേഹമാണ്...

ലക്ഷദ്വീപിലെ കാഴ്ച യഥാർഥത്തിൽ അവിടുത്തെ മനുഷ്യരാണ്. പഞ്ചസാര തരി പോലുള്ള മണലും ഇളം നീല നിറത്തിൽ തെളിഞ്ഞ്കാണുന്ന കടലും ആഴങ്ങളിലെ പൂവും പുറ്റും തോട്ടങ്ങളും മനോഹരമത്സ്യങ്ങളും രാത്രിയിലെ ഇരുട്ടിൽ മിന്നാ മിനുങ്ങ് പോലെ കത്തുന്ന കവരുകളും തീരത്തെ മനോഹരമായ കല്ലുകളും ആ മനുഷ്യരുടെ നിഷ്കളങ്കമായ സ്നേഹമാണ്.

ആ മനുഷ്യരിൽ തുടങ്ങാതെ ഏഴ് പകലും രാത്രിയും ഇന്റർനെറ്റോ, കാൾ സന്ദേശങ്ങളോ ഇല്ലാതെയുള്ള സംഭവ ബഹുലമായ ലക്ഷദ്വീപ് യാത്രയുടെ വിശേഷങ്ങൾ ഇവിടെ പങ്ക് വെക്കപ്പെടുന്നില്ല. പൊലീസ് ക്ലിയറൻസും പെർമിറ്റും റെഡിയാക്കിയ ശേഷം എല്ലാവർക്കും സൗകര്യപ്പെടുന്ന ഒരു ദിവസം പോകാൻ നിനച്ചിരിക്കുകയായിരുന്നു ഞങ്ങൾ നാല് പേർ.

മാർച്ച് 14ാം തീയതി ഉച്ചക്കാണ് ഞങ്ങളുടെ പെർമിറ്റും താമസവും ഭക്ഷണവും ആക്ടിവിറ്റീസുമടക്കമെല്ലാം ദ്വീപിൽ റെഡിയാക്കി തന്ന ത്വാഹ പെട്ടെന്ന് ഷിപ്പ് ചാർട്ടിൽ തത്കാൽ ടിക്കറ്റെടുത്ത് തന്ന് കൊച്ചിയിലെത്താൻ പറയുന്നത്. അന്നേരം നാല് പേരും നാല് ദിക്കിലാണ്. ഫാസിൽ ചെന്നൈയിലെ കോളജിലും ശാഹുൽ പാലക്കാട്ടെ റസ്റ്റാറന്‍റിലും അസീസ് പഠിപ്പിക്കുന്ന സ്കൂളിലും ഞാൻ ഊട്ടിയിലേക്കുള്ള മറ്റൊരു യാത്രയിലും. അവധി പറഞ്ഞും യാത്ര അവസാനിപ്പിച്ചും എല്ലാവരും കപ്പൽ കേറാനായി കൊച്ചിയിലെത്തി.

അങ്ങനെ കപ്പലിലുള്ള ഞങ്ങളുടെ ആദ്യ യാത്ര, ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ കപ്പലായ കവരത്തിയിൽ തുടങ്ങുന്നു. കടലിനെ നെറുകെ കത്തിവെച്ച് കപ്പൽ യാത്ര തുടർന്നു. കടൽ വെള്ളം കപ്പലിൽ തട്ടി രണ്ട് ദിശയിലേക്കും മുറിഞ്ഞ് വീണു. സൂര്യന്റെ ഇളം വെയിലിലും അസ്തമയ ചോപ്പിലും രാത്രിയിൽ കപ്പലിൽ നിന്നുള്ള ചെറിയ അരണ്ട വെളിച്ചത്തിലും അതിന്റെ കാഴ്ച മനോഹരമായിരുന്നു. ലക്ഷ്യം അഗത്തിയാണ്. മിനി കോയിൽ ഒരു ദിവസം തങ്ങിയുള്ള രണ്ട് ദിവസത്തെ യാത്രയാണ് അഗത്തിയിലേക്കുള്ളത്.

 കരബന്ധമില്ലാത്ത രണ്ട് ദിനങ്ങൾ, ചുറ്റും കടൽ മാത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും കരയിലില്ലാത്ത ഭംഗി കടലിലുണ്ടെന്ന് തോന്നി. അത്ര നേരം മുകളിൽ വിയർത്ത് കുളിച്ച സൂര്യൻ കടലിലിറങ്ങി ക്ഷീണമകറ്റുമ്പോയും അതിന്റെ ചുമപ്പ് അനന്ത ആകാശത്ത് നിന്ന്പൂർണമായി മറയാതെ കിടക്കുന്നു. ചന്ദ്രൻ ഇനി തന്റെ ഊഴമല്ലേ എന്നൊരു അസന്നിഗ്ധ വേളയെന്നോണം ഒളിഞ്ഞു നോക്കി പിൻവലിയുന്നു. മെല്ലെ മെല്ലെ ചന്ദ്രൻ നക്ഷത്ര പടയാളികളുമായി രാത്രിയുടെ ആകാശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. വീണ്ടുമൊരു അസന്നിഗ്ധ വേളയിൽ സൂര്യൻ കടലിൽനിന്നു ഉയർന്നുവന്ന് പുതിയ ഒരു പകലിന് കൂടി വെളിച്ചം നൽകുന്നു.

ലക്ഷദ്വീപിന്റെ ഭാഗമാണെങ്കിലും മാലി ദ്വീപിന്റെ ഭാഷയും വേഷവും സംസ്കാരവുമാണ് മിനികോയിയുടേത്. ഭൂമിയുടെ ഭൂപടം വരച്ചപ്പോൾ ദൈവത്തിന് തോന്നിയ കുസൃതിയോ അബന്ധമോ ആണെന്ന് തോന്നി. അല്ലെങ്കിൽ മാല പോലെ കോർത്തിട്ട ദ്വീപ് കൂട്ടമായ മാലിദ്വീപിൽ നിന്ന് ഊർന്ന് ലക്ഷദ്വീപതിർത്തിയിൽ വീണ ഒരു മാലമുത്ത്. അതായിരിക്കും മിനികോയി..

മുപ്പതോളം ദ്വീപുകൾ, അതിൽ പത്തോളം ദ്വീപിൽ മാത്രം ആൾതാമസം. തിരക്കുകൾ തീരെയില്ലാത്ത, കൂടുതൽ ആഗ്രഹങ്ങളില്ലാത്ത നിഷ്കളങ്ക മനസ്സുള്ള ഏറ്റവും കുറഞ്ഞതിൽ തൃപ്തിപ്പെടുന്ന പരസ്പരം സഹായിക്കുന്നത് ജീവിത ശൈലിയായ അപാരമായ ആതിഥേയ സ്വഭാവം കാണിക്കുന്ന അത്ഭുത മനുഷ്യർ. കരയിലേത് പോലെയുള്ള സൗകര്യങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും മനുഷ്യർക്കിടയിൽ കടലാഴത്തിലുള്ള ആത്മബന്ധമുണ്ട്. അതാണ് ദ്വീപിൽ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യം. ദ്വീപിലെത്തിയപ്പോൾ അത് നേരിട്ടനുഭവിച്ചതുമാണ്. ഓരോരുത്തരും വീട്ടിലേക്ക് വിളിക്കുന്നതും ഭക്ഷണം നൽകുന്നതും, വഴി ചോദിക്കുമ്പോൾ കൊണ്ട് പോയിവിടുന്നതും വിശേഷങ്ങൾ ചോദിക്കാൻ ഇങ്ങോട്ടോടി വരുന്നതും...

ദ്വീപിലൊരു പള്ളിയിൽ കേറിയപ്പോയുള്ള അനുഭവമാണ്. ആളുകൾ ഉള്ളിൽ മഗ്‌രിബ് നമസ്കരിക്കുന്നു. പുറത്ത് കാൽ കഴുകി വുളൂഅ് എടുക്കാൻ കയറുന്ന സ്ഥലത്ത് അവരുടെ മൊബൈൽ ഫോണുകളും വാച്ചും പേഴ്സുമെല്ലാം നിരത്തി വെച്ചിരിക്കുന്നു. കരയിൽ നിസ്കരിക്കുന്നതിന്റെ മുമ്പിൽ വെക്കാൻ പോലും ആളുകൾക്ക് പേടിയുള്ളപ്പോഴാണ് ദ്വീപിലെ പരസ്പര വിശ്വാസത്തിന്റെ ഈ കാഴ്ച്ച. കുറ്റ കൃത്യങ്ങളും കുറ്റവാളികളുമില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്ന ജയിൽ. അനാർക്കലി സിനിമയിൽ കണ്ടപ്പോയുള്ള ആശ്ചര്യം നേരിട്ട് കണ്ടപ്പോൾ ബോധ്യമായി.

ഇന്റർനെറ്റോ, കാൾ സംവിധാനമോ ഇല്ലാത്ത വിരസതയിലോ ആദ്യമായി നടുകടലിലെത്തിപെട്ട ആകാംക്ഷയിലോ കപ്പലിലെ ദ്വീപ് വാസികളോട് സംസാരിച്ചിരുന്നു. ചെത്താലത്ത് ദ്വീപിലെ സാബിത് ലക്ഷദ്വീപിന്റെ തുടക്കം മുതലിന്നുവരെയുള്ള വർത്തമാന ഭൂത ഭാവി ഒരു അധ്യാപക ശൈലിയിൽ പറഞ്ഞ് തന്നു. അവരുടെ പി.എം. സയ്യിദിനെപറ്റിയും അദ്ദേഹത്തിന് മലബാറുമായുള്ള ബന്ധവും വാ തോരാതെ പറഞ്ഞു. ഈ പി.എം. സയ്യിദാണ് ഞങ്ങളെ നാട്ടിലെ 1921 പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റ് ഉദ്ഘടനം ചെയ്‌തതെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതുവരെയായിട്ടും എനിക്കതറിയില്ലല്ലോ എന്ന് വിഷമിച്ചു.

എല്ലാം ഞങ്ങൾ വിസ്മയത്തോടെ കേട്ടിരുന്നു. കേന്ദ്ര സർക്കാറിന്റെയും പുതിയ അഡ്മിനിസ്ട്രേറ്ററുടെയും കീഴിയിൽ ദ്വീപിൽ പുതുതായി വരുന്ന മാറ്റങ്ങളും അതിന്റെ ആശങ്കകളും പങ്കുവെച്ചു. ദ്വീപിൽ പകുതിയോളം പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് മറൈൻഫോഴ്സിൽ നിന്ന് ജോലി നഷ്ടമായ അഗത്തിയിൽ നിന്നുള്ള ജസീമിൽ നിന്നറിഞ്ഞു. പ്രാഥമിക ആശുപത്രി മാത്രമുള്ള ദ്വീപിൽ അത്യാവശ്യങ്ങൾക്ക് മണിക്കൂറോളം കൊച്ചിയിലേയോ, മറ്റു ആശുപത്രിയിലേക്കോ പോകേണ്ടി വരുന്ന ദുരവസ്ഥ പരിഹരിക്കാതെ ദ്വീപുകാർക്ക് വേണ്ടാത്ത റോഡും കുത്തകക്കാർക്ക് എഴുതി കൊടുക്കാനുള്ള കരാറും എന്തിനാണെന്നവർ ചോദിച്ചു...?

ഇന്ത്യയിലെ മുസ്ലിം ഗോത്ര വിഭാഗം എന്ന രീതിയിൽ പുതിയ സാഹചര്യത്തിൽ അതിലൊരു രാഷ്ട്രീയം ഉണ്ടായിരിക്കണം. മിക്ക ദ്വീപുകളിലും പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസമാണുള്ളത്. തുടർ വിദ്യാഭ്യാസത്തിനവർക്ക് കേരളമോ മറ്റ് സ്ഥലങ്ങളോ ആശ്രയിക്കണം. ഇതിനൊന്നും പരിഹാരമില്ലാതെ അവരുടെ അജണ്ടകൾക്ക് മാത്രം കോടികൾ ചെലവഴിക്കുന്നു. ഭൂരിപക്ഷ ജനാധിപത്യം ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത് എന്നും ഇങ്ങനെ തന്നെയാണ്.

കപ്പലിൽ കേരളത്തിൽ നിന്നുള്ള ദർസ് വിദ്യാർഥികളെ കണ്ടു. കരയിൽ അവരുടെ കൂടെ പഠിക്കുന്ന ഒരു ദ്വീപുകാരന്റെ വീട്ടിലേക്കാണവരുടെ യാത്ര. തൊപ്പിയും വെള്ള വസ്ത്രങ്ങളും ഒഴിവാക്കി സാധാരണ വേഷത്തിലാണ് എല്ലാവരും. പുതിയ അഡ്മിനിസ്ട്രേറ്റർ പുറത്ത് നിന്ന് മുസ്ലിയാർ കുട്ടികൾ വരുന്നത് ഒഴിവാക്കിയിട്ടുണ്ടത്രേ. അതിന്‍റെ പൊല്ലാപ്പ് ഒഴിവാക്കാൻ പെർമിഷൻ സമയത്ത് ആധാറിലെ ഫോട്ടോയൊക്കെമാറ്റി ചെയ്യിപ്പിച്ചാണവർ ടിക്കറ്റ് എടുത്തത്.

പുതിയ അഡിമിനിസ്ട്രേഷന്റെ ഇത്തരത്തിലുള്ള ചെയ്തികളുടെ അടിസ്ഥാനം എന്താണാവോ? ദ്വീപുകാരെ നീ തന്നെ കാക്കണേ....മനസ്സിൽ ഒരു പേടിയുടെ ഒരു ആത്മഗതം. അഗത്തിയിൽ കപ്പലിറങ്ങിയപ്പോൾ മുമ്പിൽ രണ്ട് വെല്ലുവിളികളാണുണ്ടായിരുന്നത്. പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദർശനത്തിൽ അഗത്തിയിലെ പ്രധാന സന്ദർശന സ്ഥലങ്ങളായ ബങ്കാരവും തിണക്കരെയും അടച്ചിട്ടിരിക്കുന്നു. പെർമിറ്റ് അഗത്തിയിലോട്ട് മാത്രമെടുത്തതിനാൽ മറ്റ് ദ്വീപുകളിലേക്ക് പോവാൻ നിർവാഹമില്ല.

എന്നിരുന്നാലും മനസ്സിൽ വലിയ വിഷമമൊന്നും തോന്നിയില്ല. നിറയെ തെങ്ങിൻതോപ്പ് വഴികളായിട്ടുള്ള കടൽതീരവും നോക്കാവുന്ന കാഴ്ചയിൽ കണ്ണാടി പോലെ നീണ്ട് കിടക്കുന്ന ഇളം നീല വെള്ളവും ആ വെള്ളം പോലെതെളിഞ്ഞ മനുഷ്യരും തരുന്ന കാഴ്ച മാത്രം മതി ലക്ഷ്വീപ് യാത്ര മുതലാവാൻ.

ആദ്യ ദിവസം അഗത്തിയിലെ തന്നെ ചെറിയ ദ്വീപായ കൽപ്പെട്ടിയിൽ പോയി. കൽപ്പെട്ടിയിലേക്കുള്ള യാത്ര കോറലുകളും പല നിറത്തിലും ഷേപ്പിലും ഡിസൈനിലുമുള്ള മത്സ്യങ്ങളും ജീവികളും നിറഞ്ഞതാണ്. പോകുന്ന യാത്രയിൽ ഇളം വെള്ളത്തിനടിയിൽ കാണുന്ന കോറലുകളും പുറ്റുകളും കാണാൻ വെള്ളത്തിലേക്ക് മുങ്ങിയിറങ്ങി. സ്‌നോക്കിലിങ് കണ്ണാടിയിലൂടെ അവരുടെ ലോകം അവരിലൊരാളായി കണ്ടു. മീനുകൾ ഏതോ ഒരു അപരിചിതൻ കാണാൻ വന്ന പോലെ കണ്ണിലേക്ക് നോക്കി കൊണ്ടിരുന്നു.

കൽപ്പെട്ടി ദ്വീപിൽ കാലെടുത്ത് വെച്ചപ്പോൾ കാൽ വെക്കുന്ന ഓരോ സ്ഥലത്തും മനോഹരമായ കല്ലുകളും ശംഖുകളും. ഒന്നെടുക്കുമ്പോൾ അതിലും മനോഹരമായത് അടുത്ത് കിടക്കും. ഏതെടുക്കും, എടുത്തിട്ടെന്ത്‌ ചെയ്യണം എന്ന അനിശ്ചിതത്വത്തിൽ കാര്യമായിട്ടൊന്നുമെടുക്കാതെ എല്ലാം കൗതുകത്തോടെ നോക്കിയും ആസ്വദിച്ചും നടന്നു. ലക്ഷദ്വീപിൽ നിന്ന് ശംഖുകളും മറ്റും കൊണ്ട് വരുന്നത് നിയമ വിധേയമല്ല. ദ്വീപും അതിന്റെ കാഴ്ചകളും എക്കാലവും നിലനിൽക്കേണ്ടതുണ്ടല്ലോ. അല്ലെങ്കിലും ഇനി വരുന്ന തലമുറകൾക്ക്കൂടി അവകാശപ്പെട്ടതാണ് ആ കാഴ്ചകളത്രയും..

ഭൂമിയുടെ 70 ശതമാനം ഭൂരിപക്ഷമായിട്ടുള്ള കടലിലാണ് ഭൂമിയുടെ തൊണ്ണൂറ് ശതമാനവും റിസോഴ്സസുമുള്ളത്. ഭൂമിയിലുള്ള എല്ലാ ജീവികൾക്കും വസ്തുക്കൾക്കും കടലിലും അതിന്റെ രൂപമുണ്ട്. അതിന് പുറമെയും ഭൂമിയിൽ കാണാത്ത നമ്മുടെ ചിന്തകളിൽ പോലും വരാത്ത രൂപത്തിലുള്ള ജീവികളും വസ്തുക്കളും കടലിലുണ്ടാവും. ആഴക്കടലിൽനിറയെ വില പിടിപ്പുള്ള മുത്തുകളും പവിഴങ്ങളുമുണ്ടാവും.

തിമിംഗലത്തിന്റെ സ്രവത്തിൽ നിന്ന് വരുന്ന ആമ്പർ ഗ്രീസ് എന്നൊരു ശ്ലവമുണ്ട്. തിമിംഗലം പുറത്ത് വിടുമ്പോൾ വലിയ ദുർഗന്ധം വമിപ്പിക്കുന്ന ഈ സാധനം കാലങ്ങൾ കൊണ്ട് വജ്രത്തേക്കൾ വിലപിടുപ്പുള്ളതാവും. ദ്വീപുകാർ അതിനെ അമ്പരമെന്നാണ് പറയാറ്. അഗത്തിയിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാത്രി മീൻ പിടിച്ചെത്തിയ ബോട്ടുകാർക്ക് തീരത്ത് നിന്ന് അമ്പരം കിട്ടിയെന്നും അത് വിറ്റ് കിട്ടിയ പണം കരയിൽനിന്ന് വലിയ ഉരുവിലാക്കി കൊണ്ട് വന്നെന്നും കഥയുണ്ട്.

കൽപ്പെട്ടിക്ക് ശേഷം ഏറെ സ്വാധീനിച്ച ലക്ഷദ്വീപ് അനുഭവമാണ് സ്‌കൂബ ഡൈവിങ്. ആഴക്കടലിലേക്ക് ഓക്സിജൻ സിലിണ്ടറും മറ്റ് സജ്ജീകരണവും ഉപയോഗിച്ച് പോവുകയും വിവിധ തരത്തിലുള്ള മത്സ്യങ്ങളെയും പൂക്കളെയും ജീവികളെയും കോറൽ മലകളെയും തൊട്ടടുത്ത് നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുകയെന്നത് വല്ലാത്ത അനുഭൂതിയാണ്. ഭൂമിയിലുള്ളതൊന്നും ഒന്നുമല്ലെന്ന് തോന്നും. തീർച്ചയായും നേരിട്ട്കാണാതെ അത് മറ്റൊരാളിലൂടെ കേട്ടോ വായിച്ചോ അനുഭവിക്കാൻ കഴിയില്ല.

അഗത്തിയിലെ കടൽ വെള്ളം തന്നെ കണ്ണാടി പോലെ തെളിഞ്ഞ കാഴ്ച്ചയാണ്. പുറത്ത് നിന്ന് നോക്കിയാൽ തന്നെ കോറലുകളും പുറ്റുകളും മത്സ്യങ്ങളും കൊണ്ട് മനോഹരം. അപ്പോൾ ഉള്ളിലേക്കിറങ്ങി നോക്കിയാലുള്ള കാഴ്ചയോ? സ്‌കൂബ ഡൈവിങ് ചെയ്തതിന് ഞാൻ കമറുക്കയെന്ന മനുഷ്യനോട് നന്ദി പറയണം. മൂക്കിന് പകരം വായയിൽ ഘടിപ്പിച്ച ഒരുകുഴലിലൂടെയാണ് അര മണിക്കൂറോളം പന്ത്രണ്ടോളം മീറ്റർ താഴ്ചയിൽ സഞ്ചരിക്കേണ്ടതും ശ്വാസമെടുക്കേണ്ടതും,

ആദ്യമൊന്ന് പതറിയെങ്കിലും ആത്മവിശ്വാസം തന്ന് എന്നോട് പറ്റിചേർന്ന് കൂടെ കൊണ്ട് പോയത് അഗത്തിയിലെ ഡൈവിങ് ഇൻസ്ട്രക്ടർ കമറുക്കയാണ്. ഞങ്ങളെ ദ്വീപിലേക്ക് കൊണ്ട് പോയ, അവിടുന്ന് കല്യാണം കഴിച്ച് പിന്നീട് അവിടുത്ത്കാരനായ നാട്ടുകാരൻ ത്വാഹയുടെ ഭാര്യയുടെ മൂത്താപ്പ കൂടിയായത് കൊണ്ട് പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുകളായി.

കടലിലെ വ്യത്യസ്ത കാഴ്ചകൾ കാണിച്ചു തന്നു. ഭാവനയിൽപോലും കാണാത്ത വ്യത്യസ്തവും മനോഹരവുമായ മത്സ്യങ്ങളും പൂന്തോട്ടങ്ങളും മല നിരകളും... ഇടക്ക് ആംഗ്യ ഭാഷയിൽ ഓക്കേയല്ലേയെന്ന് ചോദിച്ചുകൊണ്ടിരുന്നു, മാസ്കും മറ്റും ശരിയാക്കി തന്നു. ആഴ കടലിലെ അത്ഭുത ലോകം കാണിച്ചു തന്ന് സുരക്ഷിതമായി ബോട്ടിലെത്തിച്ചു. ഈ കാഴ്ച്ച കാണിച്ചു തന്നതിൽ വല്ലാത്ത നന്ദി തോന്നി ഈ മനുഷ്യനോടും ലക്ഷദ്വീപിനോടും, തിരിച്ചു ബോട്ടിൽ എത്തിയതിന് ശേഷം കമറുക്കയുടെ സഹായികൾ കട്ടൻ ചായ ഇട്ട് തന്നു. ഞാനും ഷാഹുലും ഫാസിലും അസീസും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്തു.

പിന്നീടുള്ള ദിവസങ്ങളിൽ കമറുക്കയുടെ ഡൈവിങ് റിസോർട്ടിലെ നിത്യ സന്ദർശകരായി. വെയിൽ കൊണ്ടും മീൻ പിടിച്ചും ചായയും മറ്റുമുണ്ടാക്കിയും ആമയെ പിടിച്ചും അവിടെ കൂടി. ഗവ. അധ്യാപകനായിരുന്ന അഗത്തിക്കാരനായ കമറുക്ക പാഷന് വേണ്ടി ജോലി ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് ഡൈവിങ്ങിലേക്കിറങ്ങിയതാണ്. കുറച്ച് മുമ്പ് നാവിക സേനയുടെ സുപ്രധാന വസ്തു ആഴക്കടലിലേക്ക് നഷ്ടപ്പെട്ടപ്പോൾ കരാർ വിളിച്ച് 61 മീറ്ററോളം താഴ്ചയിലോട്ട് പോയി മുങ്ങിയെടുത്തത് നമ്മുടെ ഈ കമറാച്ചൻ ആയിരുന്നു.

 ലക്ഷ ദ്വീപിൽ പിന്നീട് ചെയ്ത പ്രധാന ആക്ടിവിറ്റി കയാക്കിങ്ങും നൈറ്റ്‌ ഫിഷിങ്ങുമായിരുന്നു. ചൂട് പിടിച്ചതാണെങ്കിലും ശാന്ത സ്വഭാവമാണ് ദ്വീപ് കടൽ. അത്കൊണ്ട് തന്നെ കയാക്കിങ് ചെയ്ത് എത്ര ഉൾ ദൂരവും നമുക്ക് പോകാനാകും. തിരിച്ചു വരുന്നതിന്റെ തലേ ദിവസമാണ് നൈറ്റ്‌ ഫിഷിങ്ങിന് പോകുന്നത്. വൈകുന്നേരം പോയി തിരിച്ചു വരുന്നത് പിറ്റേ ദിവസം പുലർച്ചെ, വളരെ ചെറിയ ശബ്ദത്തിൽ പാട്ടിട്ട് ചൂണ്ടയിൽ ഇരയിട്ട് രാത്രിയിൽ നടുകടലിൽ ആകാശത്തിലെ നക്ഷത്രങ്ങളുമെണ്ണി ബോട്ടിൽ പറ്റിപിടിച്ചിരിക്കുന്ന മിന്നാ മിനുങ്ങ് പോലെ കത്തുന്ന കവരും നോക്കി ഒരുരാത്രി. കവര് ഇതിന് മുമ്പ് ഞാൻ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സ്‌ക്രീനിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ആകാശത്തെ നക്ഷത്രങ്ങൾ കടലിറങ്ങി വന്നത് പോലെ...ഒന്ന് കൈ ഇട്ടിളക്കുമ്പോൾ ഒരു ജലച്ചായം പോലെ അതിന്റെ വെളിച്ചം പടരുന്നു.

എട്ടോളം മണിക്കൂറുകൾ ചൂണ്ടയിട്ടിട്ട് കിട്ടിയത് നാലോ അഞ്ചോ മീനാണ്. അതിനർഥം ഞങ്ങളുടെ നൈറ്റ്‌ ഫിഷിങ് പരാജയമായിരുന്നു എന്നാണോ? അത്ര കുറച്ച് പോലും കിട്ടാതിരുന്നിട്ടും ആ രാത്രിയിൽ ആ നടുകടലിൽ ഞങ്ങളെ പിടിച്ചു നിർത്തിയ മിസ്റ്റിക്കാണ് ദ്വീപിന്റെ സൗന്ദര്യം. അത് ഒരു ശാന്തതയുടെ ഒരുകാറ്റ് സ്വരത്തിൽ, കവരിന്റെ ചെറിയ നീല വെളിച്ചത്തിൽ, ഇരുട്ടിലെ ഇളം പശ്ചാത്തലത്തിൽ നമ്മളോട് ആ രാത്രിയെ കടം തരാൻ ആവശ്യപ്പെടും. തീർച്ചയായും കൊടുത്തു കൊള്ളണം, നിറയെ അനുഭവങ്ങളുടെ ഇരട്ടി പലിശ ചേർത്ത് നമുക്കത് തിരിച്ച്തരും. ആകെ അഞ്ചോളം കിലോമീറ്റർ വലിപ്പമുള്ള അഗത്തിയിൽ കപ്പലിൽ നേരത്തെ കണ്ട മുസ്ലിയാൽ കുട്ടികളെ വീണ്ടും കണ്ടു. ദ്വീപിലെത്തിയതോട് കൂടി അവർ വെള്ള വസ്ത്രത്തിലേക്ക് മാറിയിരുന്നു. കൂടെ അവിടുത്തെ മുവല്ലിമുകളുമുണ്ട്. കുറേ സംസാരിച്ചു. ഫോട്ടോയെടുത്തു. കപ്പലിൽ നിന്ന് നമ്പർ കൈമാറിയത് കൊണ്ട് ഒരുദിവസം അവിടത്തെ ബുർദ പ്രോഗ്രാമിന് വിളിച്ചു. പോയി പങ്കെടുത്തു. നല്ല ആട് ബിരിയാണിയും മറ്റും കഴിച്ചു.

പോകാൻ നേരം അവിടുത്തുകാർ ഓരോ സ്ഥലങ്ങളിലും വീടുകളിലും പരിപാടിക്ക് ക്ഷണിച്ചു. വല്ലാത്ത ആനന്ദത്തിൽ മറ്റൊരു ലക്ഷ്ദ്വീപ് അനുഭവം. ത്വാഹയുടെ ഭാര്യയുടെ മൂത്താപ്പയുടെ ഒഴിഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്. ഭക്ഷണവും അവിടുന്ന് തന്നെ, ഓരോദിവസവും ഓരോ ദ്വീപ് വിഭവങ്ങളും ആടും ബീഫും മീനും ചിക്കനുമെല്ലാമെത്തും. കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദ്വീപുകാരുടെ “ഇട്ട് വെന്തത് “ എന്ന വിഭവമാണ്. ഇറച്ചിയും ചോറും കുഴച്ച് വേവിക്കുന്ന ഒരു വിഭവം.

ഓരോ ദിവസങ്ങളിലും വീട്ടിലേക്ക് കാണാൻ ആളുകളെത്തും. വിശേഷങ്ങളും ക്ഷണവുമുണ്ടാവും. അവസാനദിവസം സ്നേഹ ആശ്ലേഷത്തോടെ യാത്രയാക്കുന്നത് വരെ. ..ദ്വീപ് ശരിക്കും വ്യത്യസ്ത അനുഭവമാണ്. ദ്വീപ് പോലെ നമുക്ക് അപരിചിതമായത്. കുറച്ച് മീനിലും തേങ്ങയിലും കരയിൽ നിന്ന് വരുന്ന വളരെ അത്യാവശ്യ സാധനങ്ങളിലും പരസ്പര സ്നേഹത്തിലും സമ്പൂർണമായി തൃപ്തിയടങ്ങുന്ന മനുഷ്യർ. തേങ്ങ തലയിൽ വീണ് മാത്രമാണ് അവിടെ ഒരു ആക്സിഡന്റുണ്ടാവുന്നതെന്ന് ഏതോചായ പീടിയയിൽ തമാശ രൂപേണ പറയുന്നത് കേട്ടിരുന്നു.

കൽപ്പെട്ടി ദ്വീപിൽ പോയപ്പോൾ അവിടെ ഒരു പ്രതിമ പോലെയൊന്ന് കണ്ടിരുന്നു. അറക്കൽ രാജ വംശത്തിലെ അതീവ സുന്ദരിയായ ഉമ്മു ബീവിയുടെ ഓർമക്കാണത്. പണ്ട് അറക്കൽ രാജ വംശത്തിന്റെതായിരുന്നു ദ്വീപ് മുഴുവനും. ബ്രിട്ടീഷുകാർ ദ്വീപ് പിടിച്ചടക്കിയപ്പോൾ അതീവ സുന്ദരിയായ ഉമ്മു ബീവിയെ കിട്ടാതിരിക്കാൻ രാജാവ് ആൾ താമസമില്ലാത്ത കാട് കൂടി ചേർന്ന കൽപ്പെട്ടിയിലേക്ക് മാറ്റിയെന്നാണ് ചരിത്രം. പിന്നീട് ഉമ്മുബീവി അവിടെ ജീവിച്ച് മരിച്ചു.

കൽപ്പെട്ടിയിലെ ഉമ്മു ബീവിയാണ് ചിലപ്പോൾ ലക്ഷദ്വീപിന് യോജിച്ച മെറ്റഫർ എന്ന് ചിലപ്പോൾതോന്നും. ഭൂമിയിലെ അത്രയും അതീവ സുന്ദരിയായ ഒരു പ്രദേശത്തെ ലോകത്തിന്റെ തിരക്ക് പിടിച്ച കാഴ്ചകളിൽനിന്നും സാമൂഹിക ഇച്ഛാ ക്രമങ്ങളിൽ നിന്നും മാറ്റി നിർത്തി ശാന്ത സൗന്ദര്യവതിയായി ആരോ സംരക്ഷിച്ചുപോരുന്നു. ലക്ഷദ്വീപിന്റെ സൗന്ദര്യം എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ...പ്രാർഥന... തിരിച്ചുള്ള കപ്പൽ യാത്രയിലൊക്കെയും മനസ്സിൽ ആ പ്രാർഥനക്കുള്ള ആമീനായിരുന്നു.

ചിത്രങ്ങൾ: പി. ഫാസിൽ, സമീർ പിലാക്കൽ

Tags:    
News Summary - lakshadweep: The language of the island is love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.