യാ​ത്രാ സം​ഘം

യൂറോപ്യൻ കാണാക്കാഴ്ചകൾ തേടി...

സ്വിറ്റ്സർലൻഡിൽ നിന്ന് അടുത്ത ലക്ഷ്യം ഫ്രാൻസാണ്. 654 കിലോ മീറ്റർ ദൂരമുണ്ട്. ഏകദേശം ആറരമണിക്കൂർ എടുക്കുമെന്നാണ് ഗൂഗ്ൾ ഗുരു പറയുന്നത്. രാവിലെ പുറപ്പെട്ടത് കൊണ്ടുതന്നെ ഹിമകണങ്ങൾ വീണുടഞ്ഞ റോഡും മഞ്ഞുകുപ്പായമണിഞ്ഞ പ്രകൃതിയും വേണ്ടുവോളം ആസ്വദിച്ചു. ലോകവിസ്മയമായ ഈഫൽ ടവർ കാണാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

തലസ്ഥാന നഗരിയായ പാരിസീൽ തലയെടുപ്പോടെ 276 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഈഫൽ ടവർ കണ്ണിമ ചിമ്മാതെ നോക്കി നിന്നുപോയി. 135 വർഷം പഴക്കമുള്ള ടവർ ഫ്രഞ്ച്‌ വിപ്ലവത്തിന്‍റെ നൂറാം വർഷികത്തിന്‍റെ സമർപ്പണവും സ്നേഹത്തിന്‍റെ അടയാളവുമാണ്. 81 നിലകളുള്ള വിസ്മയത്തിന് 1665 പടികളുണ്ട്. രണ്ടാം നിലയിൽ നിന്ന് 674 സ്റ്റെപ്പുകൾ സന്ദർശകർക്ക് കയറാം. പാതി വഴിയിൽ ഉപേക്ഷിച്ച് പോകുന്നവരുമുണ്ട്. രാത്രി ഓരോ മണിക്കൂർ ഇടവിട്ട് 20,000 ബൾബുകൾ മിന്നിത്തിളങ്ങുന്നു.

റോമൻ കാത്തലിക് ചർച്ച് മോന്‍റമാട്രെയാണ് മറ്റൊരു ആകർഷണം. കുന്നിന് മുകളിലായതിനാൽ പതിൻമടങ്ങ് ഭംഗിയാണിതിന്. പോൾ അബാദീ പണിത ചർച്ച് 'Sacred heart of Jesus' എന്നാണറിയപ്പെടുന്നത്. പ്രത്യേക കല്ലിനാൽ നിർമിച്ചതിനാൽ ഏത് കാലാവസ്ഥയിലും നല്ല തണുപ്പാണ് ഇതിനുള്ളിൽ. ഇവിടെ വലിയ ധ്യാനകേന്ദ്രവും ചെറിയ വെള്ളച്ചാട്ടവും ഉണ്ട്. 1519ൽ ഫ്രാങ്കോയിസ് രാജാവിന് വേണ്ടി വലിയകാട് പാർക്കിൽ പണിത മാനാർ ഹൗസിനും ചിത്രം ഏറെ പറയാനുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലാവർ പാരിസായിരുന്നു അടുത്ത ലക്ഷ്യം. ചരിത്രപുരാതനമായ 35000 വസ്തുക്കൾ, ഈജിപ്ഷ്യൻ ആന്‍റിക്, സ്വർണ്ണകിരീടം, പഴയ പെയിന്‍റിങ്സ് എന്നിവയെല്ലാം ഇവിടെ കാണാം. 1763ൽ കൊട്ടാരത്തിന്‍റെ ഭാഗമായാണ് ഇത് തുറന്നതെങ്കിലും പിന്നീട് നെപ്പോളിയൻ ചക്രവർത്തി മ്യൂസിയത്തിലേക്ക് ചരിത്ര പരമായ കുറേ വസ്തുക്കൾ വാങ്ങി. മ്യൂസിയത്തിന്‍റെ പ്രവേശന കവാടം തന്നെ വേറൊരു ലെവലാണ്.

ലോക സിനിമകളിൽ കാണുന്ന ഡിസ്നി ലാൻഡ് 4800 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ചെറിയൊരു ലോകം തന്നെ കണ്മുമ്പിൽ കണ്ട പ്രതീതി. 2002 ലാണ് വാൾട്ട് ഡിസ്നി സ്റ്റുഡിയോ പാർക്ക് ഓപ്പൺ ചെയ്തത്. ഹോട്ടൽ ജീവനക്കാരിൽ നിന്ന് ചില ഫ്രഞ്ച് വാക്കുകളും പഠിച്ചെടുത്തു. ഹായ്, ഹലോ എന്നതിനെല്ലാം ബോജർ എന്നാണ് അവർ പറയുന്നത്. ഗുഡ് ഈവനിംഗ് എന്നതിന് ബോൺസോയർ. നൈസ് ടു മീറ്റ് യു. എന്നതിന് എൻചാന്‍റെർ.

ബെൽജിയൻ കാഴ്ചകൾ

ഫ്രഞ്ച് യാത്രക്ക് ശേഷം ബെൽജിയമായിരുന്നു അടുത്ത ലഷ്യം. രണ്ടര മണിക്കൂറിൽ 312 കിലോമീറ്റർ താണ്ടി ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിലെത്തി. കലാ സാംസ്കാരിക പൈതൃക നഗരമായ ബ്രസ്സൽസിൽ 1000 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ കാണാം. ഗ്രോട്ട് മാർക്കറ്റിലെ ബ്രാബോ മ്യൂസിയം, 6000 മൃഗങ്ങളുള്ള എന്‍റർപ്പ് മൃഗശാല എന്നിവയും ഇവിടെയുണ്ട്. മൃഗങ്ങൾ കഴിക്കാത്ത പൂചെടികൾ കൊണ്ടാണ് മൃഗശാലയുടെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നത്.

ഈ പൂക്കളിൽ നിന്നു വരുന്ന സുഗന്ധം മൃഗങ്ങളുടെ മണത്തെ ലഘൂകരിക്കാൻ സഹായിക്കുന്നു. സെന്‍റ് പോൾസ് ചർച്ച്, എന്‍റർപ്പിക്കുള്ള വീക്കെൻഡ് മാർക്കറ്റ് എന്നിവ കടന്ന് പ്രശസ്തമായ ബ്രൂഗ്സിലെത്തി. വ്യത്യസ്തമായ കാഴ്ചകളാണ് ഓരോ ഹോട്ടലും നൽകുന്നത്. എമിഗോ ഹോട്ടലിലെ കുളത്തിൽ മീൻ പിടിക്കാൻ ചൂണ്ടയും തന്നു. മരം കോച്ചുന്ന വെള്ളത്തിൽ ബെൽജിയം മീനുകൾ തെന്നിമാറി പോകുന്നു.

ലക്ഷ്വറി ലക്സംബർഗ്

1,650 സ്ക്വയർ കിലോ മീറ്ററുള്ള ലക്സംബർഗിൽ 69,275 ജനങ്ങൾ താമസിക്കുന്നു. ഒരു സമ്പന്നരാജ്യത്തിന്‍റെ സമൃദ്ധി തൊട്ടറിഞ്ഞ നിമിഷങ്ങൾ. അണ്ടർഗ്രൗണ്ട് നെറ്റ് വർക്ക് ശൃംഖല, മൂന്ന് ഔദ്യോഗിക ഭാഷകൾ. സ്വിറ്റ്സർലൻഡിൽ ഫ്രാങ്ക് ഒഴികെ പോയ രാജ്യങ്ങളിലെല്ലാം യൂറോ ആയിരുന്നു കറൻസി.

പൂക്കളുടെ നെതർലാൻഡ്

നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ജനങ്ങൾക്ക് നൽകുന്ന നാടാണ് നെതർലാൻഡ്. 4.8 ബില്യൻ തുലിപ് പൂക്കൾ വർഷത്തിൽ ഉല്പാദിപ്പിക്കുന്നത് കൊണ്ട് തന്നെ നെതർലൻഡ് തുലിപ് നഗരം എന്നാണറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജനങ്ങൾ ഇവിടെയാണത്രേ താമസിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണിത്. 11,765 ഹെക്ടർ സ്‌ഥലത്ത്‌ തുലിപ് കൃഷി ചെയ്യുന്നു. രാജ്യത്തിന്‍റെ മൂന്നിലൊരു ഭാഗം സമുദ്രനിരപ്പിലും താഴെയാണ്.

സ്കിഫോൾ അന്താരാഷ്ട്ര വിമാനത്താവളം തന്നെ മൂന്ന് മീറ്റർ സീലെവലിൽ നിന്ന് താഴെയാണ്. ഒരു ദശലക്ഷത്തിലേറെ മരതൂണുകൾ നശിച്ചു പോകാതെ സംരക്ഷിക്കുന്ന നാട് കൂടിയാണിത്. ഡാം സ്ക്വയറിലെ റോയൽ പാലസ് പണിതത് തന്നെ 13,659 മരതൂണുകൾ കൊണ്ടാണ്. കാലം മാറിയപ്പോൾ കോൺക്രീറ്റ്, സ്റ്റീൽ തൂണുകളിലായി നിർമ്മാണം. ആയിരക്കണക്കിന് കാറ്റാടി യന്ത്രങ്ങൾ വ്യാപിച്ചു കിടക്കുന്നു.

കാറ്റാടിയെന്ത്രത്തിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന തീവണ്ടികളുമുണ്ട്. 22 ദശലക്ഷം സൈക്കിൾ ഉള്ള രാജ്യമാണിത്. ജോഹനെസ്സ്‌ വെർമീർ വരച്ച മുത്തുകമ്മലിട്ട പെൺകുട്ടി എന്ന ചിത്രം ശരിക്കും ജീവനുള്ളത് പോലെ.സഞ്ചാരം ഒരു വിനോദമാണ്, വിജ്ഞാനമാണ്, വികാരമാണ്, വൈവിധ്യമാണ്, വൈരുധ്യങ്ങളുടെ കൂടി ചേരലുകളാണ്. കൂട്ടുകൂടുന്ന കൂട്ടുകാർ കൂടുമ്പോൾ വേറെലെവൽ.പോകുമ്പോൾ കണ്ട കാഴ്ച ആകില്ല തിരിച്ചു വരുമ്പോൾ. മനസ് നിറഞ്ഞെങ്കിലും മനസില്ലാ മനസോടെയാണ് ഞങ്ങൾ യൂറോപ്പിനോട് വിട പറഞ്ഞത്. 

Tags:    
News Summary - Looking for European views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.