ന്യൂഡൽഹി: കോവിഡ് തകർത്തുകളഞ്ഞ ടൂറിസം മേഖലയുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെയെന്ന് സാമ്പത്തിക സർവേ. ഒമിക്രോൺ വ്യാപനം ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരത്തെ ഒരുപോലെ ബാധിച്ചു. സാഹചര്യങ്ങൾ മാറുന്നതുവരെ മുരടിപ്പ് തുടരും.
കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾമൂലം ഫ്ലാറ്റ് വിൽപന കുറഞ്ഞെങ്കിലും മിക്ക പട്ടണങ്ങളിലും വില കുറഞ്ഞിട്ടില്ലെന്ന് സർവേ നിരീക്ഷിച്ചു. ചിലയിടത്ത് വില കൂടുകയാണ് ചെയ്തത്. ഫ്ലാറ്റിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഭവനവായ്പ പലിശനിരക്ക് കുറച്ചത് അതിന് സഹായകമായി.
മറ്റു നിരീക്ഷണങ്ങൾ
-കാർഷിക വിള വൈവിധ്യവത്കരണത്തിന് സർക്കാർ മുൻഗണന നൽകണം. നാനോ യൂറിയ പോലുള്ള ബദൽ വളങ്ങൾ പ്രോത്സാഹിപ്പിക്കണം. കാർഷിക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം ഇപ്പോൾ 10,218 കോടി രൂപയായി. 2014ൽ ഇത് 6,426 കോടിയായിരുന്നു.
-അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചേ തീരൂ. 2008 മുതൽ 2017 വരെ അടിസ്ഥാന സൗകര്യ മേഖലയിൽ മുടക്കിയത് 1.1 ലക്ഷം കോടിയാണ്. ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതി ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തം അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ നിർണായകം.
-ടെലികോം മേഖലയിൽ മികച്ച പ്രകടനമാണ്. ടെലികോം മേഖലയിലെ പരിഷ്കാരങ്ങൾ 4ജി സേവന ലഭ്യത കൂട്ടുകയും 5ജി ശൃംഖലക്കുവേണ്ടിയുള്ള നിക്ഷേപം വർധിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്യും. ഓൺലൈൻ വിദ്യാഭ്യാസം, വർക്ക് ഫ്രം ഹോം, പരിഷ്കരണ നടപടികൾ എന്നിവ ബ്രോഡ്ബാൻഡ്, ടെലികോം സജ്ജീകരണങ്ങൾ വർധിപ്പിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യയുടേത്. ഡേറ്റ ഉപയോഗം 2018ൽ ഒരുമാസം 1.24 ജിഗാബൈറ്റ് ആയിരുന്നത് നടപ്പുവർഷം 14.1 ആയി വർധിച്ചു. മൊബൈൽ ടവറുകളുടെ എണ്ണം 6.93 ലക്ഷം ആയി.
-കയറ്റുമതി കൂട്ടാൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ മുന്നോട്ടുനീക്കണം. കയറ്റുമതി വൈവിധ്യം വർധിപ്പിക്കാൻ കരാറുകൾ ഉപകരിക്കും. ബ്രിട്ടൻ, ആസ്ട്രേലിയ, യൂറോപ്യൻ യൂനിയൻ, കാനഡ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരുന്നുണ്ട്. ആസിയാൻ കരാർപോലെ നിലവിലുള്ളവ കാലികമായി പുനഃപരിശോധിക്കുകയും വേണം.
- ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ തൊഴിൽ മേഖലയിൽ വീണ്ടും സാഹചര്യങ്ങൾ മെച്ചപ്പെട്ടു. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ എണ്ണം വർധിച്ചത് അതിനു തെളിവാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മൊത്തം തൊഴിൽ കോവിഡിന് മുമ്പത്തേതിനേക്കാൾ ഉയർന്ന നിലയിലാണ്.
-തൊഴിൽ മേഖലയിലെ പരിഷ്കരണങ്ങൾ പുരോഗതിയിലാണ്. നാല് വേതന ചട്ടങ്ങൾ നടപ്പാക്കാനുള്ള നടപടികളുമായി ചുരുങ്ങിയത് 17 സംസ്ഥാനങ്ങൾ മുന്നോട്ടുപോകുന്നു. ജനുവരി 11ലെ കണക്കുപ്രകാരം കേരളമടക്കം 26 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ കരടുചട്ടം പ്രസിദ്ധീകരിച്ചത് മുന്നോട്ടുള്ള ചുവടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.