പുനലൂർ: ഓണം നാളുകളെ ആഘോഷമാക്കുന്നതിനായി കിഴക്കൻ മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങൾ ഒഴുകിയെത്തുന്നു. തെന്മല ഇക്കോ ടൂറിസം, പരപ്പാർ ഡാം, ഡാമിലെ ബോട്ടിങ്, പാലരുവി, അച്ചൻകോവിൽ കുംഭാവരുട്ടി എന്നിവിടങ്ങളിലാണ് വലിയ തിരക്ക്.
അനുകൂലമായ കാലാവസ്ഥകൂടി ആയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തിയത്. വൈദ്യുതി അലങ്കരാത്തിലുള്ള ഒറ്റക്കൽ ലുക്ക് ഔട്ട് തടയണയിലും മാൻപാർക്കിലും തിരക്ക് വർധിച്ചു.
പരപ്പാർ ഡാമിലുള്ള ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെയും തെന്മല ഇക്കോ ടൂറിസത്തിന്റെയും ബോട്ടിങ്ങിനും കുട്ട സവാരിക്കുമാണ് കൂടുതൽ ആളുകൾ താൽപര്യം കാണിക്കുന്നത്. വ്യാഴാഴ്ച ബോട്ടിങ്ങിനെത്തിയ യാത്രക്കാർക്ക് ഡാമിൽ നീന്തിത്തുടിക്കുന്ന കാട്ടാനകളെയും വെള്ളം കുടിക്കാനെത്തിയ കാട്ടാനകളെയും കാട്ടുപോത്തുകളെയും കാണാനുള്ള ഭാഗ്യവും ലഭിച്ചു.
ഇന്നലെ കളങ്കുന്ന് ഭാഗത്തും മറ്റു പലയിടത്തുമായി ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കൂട്ടത്തോടെ കാട്ടുപോത്തുകളും ആനയും ഇറങ്ങി സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് ഒരുക്കിയത്. ശെന്തുരുണി ഇക്കോ ടൂറിസത്തിന് ഒരു ബോട്ടും കുട്ടസവാരിയുമാണ് തടാകത്തിനുള്ളത്.
കൂടാതെ തെന്മല ഇക്കോ ടൂറിസത്തിന് മൂന്നു ബോട്ടുകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അഡ്വഞ്ചർ സോൺ അടക്കം പല മേഖലകളിലും ആൾക്കാരുടെ കാര്യമായി തിരക്ക് അനുഭവപ്പെട്ടു. ഡാം സന്ദർശനത്തിനും തിരക്കനുഭവപ്പെട്ടു. കഴിഞ്ഞ നാലു ദിവസമായി 75000 രൂപ വരുമാനം കെ.ഐ.പിക്ക് ലഭിച്ചു.
ബോട്ടിങ്ങിലും കുട്ട സവാരിയുമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടരലക്ഷത്തോളം രൂപയാണ് ടിക്കറ്റിനത്തിൽ ശെന്തുരുണി ടൂറിസത്തിൽ ലഭിച്ചത്.
ആര്യങ്കാവ് പാലരുവിയിൽ വെള്ളം കുറവാണെങ്കിലും യാത്രക്കാർക്ക് ഒട്ടും കുറവുണ്ടായില്ല. തമിഴ്നാട്ടിൽനിന്നടക്കം നൂറുകണക്കിന് ആളുകളാണ് പാലരുവിയിലും അച്ചൻകോവിൽ കുംഭാവുരുട്ടിയിലും ജലപാതം ആസ്വദിക്കാനും കുളിക്കാനും എത്തിയത്. അടുത്ത ദിവസങ്ങളിലും തിരക്ക് കൂടുന്നത് കണക്കിലെടുത്ത് സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.