ന്യൂഡൽഹി/തിരുവനന്തപുരം: മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്ന് 200ലേറെ ജീവനക്കാർ കൂട്ടമായി രോഗാവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസ് 80ലധികം വിമാനങ്ങൾ റദ്ദാക്കിയത് കേരളത്തിലടക്കം നൂറുക്കണക്കിന് യാത്രക്കാരെ അക്ഷരാർഥത്തിൽ വലച്ചു. നിരവധി വിമാനങ്ങൾ വൈകി.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും തമ്മിൽ തർക്കങ്ങളും അരങ്ങേറി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയവിവരം പലയിടത്തും യാത്രക്കാരെ അറിയിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് തുടങ്ങിയത്. .
സർവീസ് തടസ്സപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. പണം തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കമ്പനിയുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ ആരോപിച്ചു.
കൊച്ചിയിൽ യാത്രക്കാരിൽ പലരും ജീവനക്കാരോട് തട്ടിക്കയറി
•പണിമുടക്ക് കൊച്ചിയിൽ ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. പുലർച്ചയുള്ള വിമാനത്തിൽ ഷാർജ, ദമ്മാം, ബഹ്റൈൻ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് പോകാനെത്തിയവരാണ് ഏറെ വിഷമത്തിലായത്. പുലർച്ച 2.05 നുള്ള ഷാർജ വിമാനത്തിൽ പോകേണ്ടവർ രാത്രി 12 മണിക്കുമുമ്പ് വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനം താമസിയാതെ എത്തുമെന്നുപറഞ്ഞ് ഇവരെ രാവിലെ നാലരവരെ വിമാനത്താവളത്തിലിരുത്തി. ഇതോടെ, യാത്രക്കാരിൽ പലരും ജീവനക്കാരോട് തട്ടിക്കയറി. സി.ഐ.എസ്.എഫുകാർ ഇടപെട്ടാണ് അനിഷ്ടസംഭവങ്ങളൊഴിവാക്കിയത്.ഷാർജ, മസ്കത്ത്, ദമ്മാം, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് എത്തേണ്ടിയിരുന്ന വിമാനങ്ങളും റദ്ദാക്കി. ബംഗളൂരുവിലേക്കുള്ള വിമാനവും റദ്ദാക്കി.
ബുധനാഴ്ച കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള 12 സർവിസുകള്‍ മുടങ്ങി. പെരുവഴിയിലായ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവള ടെര്‍മിനലിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ത്തി. രാവിലെ എട്ടിന് പോകേണ്ട റാസല്‍ഖൈമ, 8.25നുള്ള ദുബൈ, 8.50നുള്ള ജിദ്ദ, ഒമ്പതിനുള്ള കുവൈത്ത്, 9.35നുള്ള ദോഹ, ദുബൈ, പത്തിനുള്ള ബഹ്റൈന്‍, വൈകീട്ട് 5.45നുള്ള ദുബൈ, രാത്രി 7.25നുള്ള ദോഹ, 8.10നുള്ള കുവൈത്ത്, 8.40നുള്ള ബഹ്റൈന്‍, 9.50നുള്ള ജിദ്ദ സർവിസുകളാണ് മുടങ്ങിയത്. രാവിലെ എട്ടിനുള്ള റാസല്‍ഖൈമ വിമാനത്തില്‍ പോകാനായി പുലർച്ച അഞ്ചിനുമുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. യാത്ര മുടങ്ങിയത് അറിയിക്കാന്‍ വൈകിയെന്നു മാത്രമല്ല, കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍പോലും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പ്രതിഷേധത്തിനുശേഷം യാത്രക്കാര്‍ വീടുകളിലേക്കു മടങ്ങി. മടങ്ങാന്‍ തയാറാകാത്തവരെ വിമാനത്താവള ടാക്സി വാഹനങ്ങളില്‍ വീടുകളിലെത്തിച്ചു.
തിരുവനന്തപുരത്തുനിന്നുള്ള നാലു വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ, ഷാർജ, അബൂദബി, ദുബൈ വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. കൃത്യമായ വിവരം നൽകാൻ എയർ ഇന്ത്യ അധികൃതരും വിമാനത്താവള അധികൃതരും തയാറാവാത്തത് യാത്രക്കാർ ചോദ്യം ചെയ്തു. കരിപ്പൂർ, നെടുമ്പാശ്ശരി, കണ്ണൂർ വിമാനത്താവളങ്ങളെ ആശ്രയിച്ച് യാത്ര ചെയ്തവരേയും പണിമുടക്ക് ബാധിച്ചു. ദുബൈ, അബൂദബി, ഷാര്‍ജ, മസ്കത്ത്, ദമ്മാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിവിധ സര്‍വിസുകൾ റദ്ദാക്കിയവയിൽപ്പെടുന്നു
കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു വിമാന സർവിസുകൾ റദ്ദാക്കി. പകരം സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യാത്രികരില്‍ ചിലര്‍ പ്രതിഷേധിച്ചു. യാത്രക്കാരെല്ലാം ചെക്ക് ഇന്‍ നടത്താനായി എത്തിയതിനുശേഷമാണ് ജീവനക്കാരുടെ സമരംമൂലം വിമാനം റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിച്ചത്. മറ്റു ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കുമോയെന്ന് അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ച 4.25ന് ഷാര്‍ജയിലേക്കും കാലത്ത് 6.45ന് മസ്കത്തിലേക്കും 9.20ന് അബൂദബിയിലേക്കും പുറപ്പെടേണ്ട സർവിസുകളാണ് കണ്ണൂരിൽ റദ്ദാക്കിയത്. എന്നാല്‍, ഉച്ചക്ക് രണ്ടിന് കണ്ണൂര്‍-ദുബൈ വിമാനം യാത്രികരുമായി പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.